ലക്‌നോ: ഉത്തര്‍പ്രദേശില്‍ വിവിധ സ്ഥലങ്ങളില്‍ അതി ശക്തമായ കാറ്റും മഴയും തുടരുന്നു. കാറ്റിലും മഴയിലും 30 പേര്‍ മരിക്കുകയും 12 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ദുരിതമേഖലകളില്‍ എത്രയും വേഗം സഹായമെത്തിക്കണമെന്ന് ജില്ലാ കളക്ടര്‍മാരോട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചു.
സംസ്ഥാനത്തിന്‍റെ പടിഞ്ഞാറന്‍ മേഖലയില്‍ ശക്തമായ മഴയാണ് പെയ്യുന്നത്. ഇതേതുടര്‍ന്ന് നിരവധി സ്ഥലങ്ങളില്‍ വീടുകളും റോഡുകളും തകര്‍ന്നതായും അധികൃതര്‍ വ്യക്തമാക്കി. ചിലയിടങ്ങളില്‍ വൈദ്യുതി, ഗതാഗത സംവിധാനങ്ങള്‍ തകരാറിലായി.
അതേസമയം കഴിഞ്ഞ ദിവസവും ശക്തമായ മഴയെ തുടര്‍ന്നു ഉത്തര്‍പ്രദേശില്‍ നാല് കുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ മരിച്ചിരുന്നു. കെട്ടിടങ്ങള്‍ ഇടിഞ്ഞു വീണും വൈദ്യുതാഘാതമേറ്റുമാണ് കൂടുതല്‍ ആളുകളും മരിച്ചത്.
