ഫോഴ്സ് മോട്ടോഴ്സിന്റെ ഓഫ് റോഡര്‍ എസ്യുവി ഗൂര്‍ഖയുടെ പുതിയ പതിപ്പ് ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. 2020 ദില്ലി ഓട്ടോ എക്സ്പോയില്‍ ആണ് കമ്ബനി ഈ വാഹനത്തെ അവതരിപ്പിച്ചത്. ആദ്യം 2020 ഏപ്രില്‍ മാസത്തോടെ വാഹനം വിപണിയില്‍ എത്തിക്കാനായിരുന്നു കമ്ബനി ആദ്യം പദ്ധതിയിട്ടിരുന്നത്. പിന്നീട് അത് ജൂണ്‍ മാസത്തിലേക്ക് മാറ്റി. എന്നാല്‍ നിലവിലെ കൊവിഡ് -19 മഹാമാരി കാരണം, അവതരണത്തില്‍ കാലതാമസമുണ്ടായി. എസ്യുവി ഡീലര്‍ഷിപ്പുകളില്‍ എത്തുന്നതോടെ പുതിയ ഗൂര്‍ഖ ഉടന്‍ രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തും എന്ന സൂചനയാണ് നല്‍കുന്നത്. അടുത്തിടെ അവതരിച്ച പുതുതലമുറ മഹീന്ദ്ര ഥാര്‍ ആയിരിക്കും വാഹനത്തിന്റെ വിപണിയിലെ എതിരാളി.
അടിമുടി മാറ്റത്തിന് വിധേയമായിട്ടാണ് പുതുതലമുറ ഗൂര്‍ഖ വിപണിയില്‍ എത്തുന്നത്. ബിഎസ് 6 എന്‍ജിനുമായാണ് പുതിയ ഗൂര്‍ഖ വരുന്നത്. തിളങ്ങുന്ന മെറ്റാലിക് ഓറഞ്ച് നിറത്തിലുള്ള വാഹനമാണ് ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചത്. പുതിയ ക്രാഷ് ടെസ്റ്റ് മാനദണ്ഡങ്ങള്‍ പാലിക്കും. ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ ഫോഴ്സില്‍ നിന്നും വിപണിയില്‍ എത്തുന്ന ആദ്യ ബിഎസ്6 മോഡല്‍ കൂടിയാണ് ഗൂര്‍ഖ.

