ശരിക്കും മാപ്പ്! ഗൂഗിളിന്റെ ചതി; മാപ്പു നോക്കി തേക്കടിക്ക് പോയി; എത്തിയത് ശബരിമലയില്‍

ഗൂഗിള്‍ മാപ്പു നോക്കി തേക്കടിക്ക് പുറപ്പെട്ട യുവാക്കള്‍ എത്തിയത് ശബരിമലയില്‍. അവിടെ നിന്നും പൊലീസ് കസ്റ്റഡിയിലും. ചിറ്റാര്‍ സ്വദേശികളായ ശ്രീജിത്ത് (27), വിപിന്‍ വര്‍ഗീസ് (23) എന്നിവരെയാണ് ഗൂഗിള്‍ ചതിച്ചത്. രണ്ട് ദിവസം മുമ്ബാണ് സംഭവം. പത്തനംതിട്ട ചിറ്റാറില്‍ നിന്ന് ബൈക്കിലാണ് ഇരുവരും യാത്ര തുടങ്ങിയത്. തേക്കടിയിലെത്താന്‍ എളുപ്പവഴി തേടി ഫോണില്‍ സെറ്റ് ചെയ്ത് അത് നോക്കിയായിരുന്നു യാത്ര.

– ചിറ്റാറില്‍ നിന്ന് പ്ലാച്ചേരി വഴി പമ്ബയിലെത്തി. ഗണപതി കോവില്‍ കടന്ന് മുന്നോട്ടേക്കെത്തിയപ്പോള്‍ സന്നിധാനത്തേക്കുള്ള വഴിയിലെ ഗേറ്റ് തുറന്നു കിടക്കുകയായിരുന്നു. ഇതോടെയാണ് ഇതുവഴി അകത്തേക്ക് കടന്നത്. ഈ സമയം പൊലീസുകാര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നുവെങ്കിലും യുവാക്കള്‍ കടന്നു പോയത് ശ്രദ്ധയില്‍പ്പെട്ടില്ല. ഇവര്‍ അകത്തേക്ക് കടന്നുപോയി കഴിഞ്ഞാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ സന്നിധാനത്തുള്ള വനപാലകര്‍ക്കും പൊലീസിനും വിവരം കൈമാറി.

വിവരം ലഭിച്ചയുടന്‍ സന്നിധാനത്തെ ഉദ്യോഗസ്ഥര്‍ യുവാക്കളെ കാത്ത് വഴിയില്‍ തന്നെ നിലയുറപ്പിച്ചു. സ്വാമി അയ്യപ്പന്‍ റോഡിലൂടെ ബൈക്കില്‍ പാഞ്ഞെത്തിയ ഇരുവരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ ഗൂഗിള്‍ മാപ്പ് ചതിച്ചതാണെന്ന് വ്യക്തമായി. വനമേഖലയിലൂടെ തേക്കടിയിലേക്ക് ഒരു ട്രക്കിംഗ് പാതയുണ്ട്. എളുപ്പവഴി തേടിയ യുവാക്കള്‍ക്ക് ഗൂഗിള്‍ കാട്ടി നല്‍കിയത് ഈ വഴിയായിരുന്നു. ഇതാണ് ഇവരെ കുടുക്കിയത്.

ശബരിമല പാതയില്‍ പ്ലാന്തോട് ഭാഗത്ത് റോഡ് ഇടിഞ്ഞതിനാല്‍ അട്ടത്തോടുവരെ മാത്രമേ ഗതാഗതം അനുവദിച്ചിട്ടുള്ളൂ. അത് ലംഘിച്ചാണ് ഇവര്‍ ഇരുചക്രവാഹനത്തില്‍ പമ്ബയില്‍ എത്തിയത്. വനത്തില്‍ അതിക്രമിച്ച്‌ കടന്നതിന് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് പിന്നീട് ജാമ്യത്തില്‍ വിട്ടു. രാത്രി ആയതിനാല്‍ പൊലീസുകാരുടെയും വനപാലകരുടെയും അകമ്ബടിയോടെയാണ് ഇവര്‍ പമ്ബ വരെ മടങ്ങിയെത്തിയതും.

prp

Leave a Reply

*