ദുബായ് വെയര്‍ഹൗസില്‍ തീപ്പിടിത്തം; 3 പേര്‍ വെന്തുമരിച്ചു

ദുബായ്: ദുബായില്‍ സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന വെയര്‍ഹൗസിലുണ്ടായ തീപ്പിടിത്തത്തില്‍ അതിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന മൂന്നു പേര്‍ വെന്തുമരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ നാലര മണിയോടെയായിരുന്നു സംഭവം.

അല്‍ഖൂസിലെ മൂന്നാം നമ്പര്‍ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിന്‍റെ ഉടമസ്ഥതയിലുള്ള വെയര്‍ ഹൗസിലാണ് തിപ്പിടിത്തമുണ്ടായതെന്ന് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ മരണപ്പെട്ട ജീവനക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വിവരമറിഞ്ഞ് അഗ്നിശമന സേന വെയര്‍ഹൗസിലെത്തുമ്പോഴേക്കും മറ്റ് രണ്ട് വെയര്‍ഹൗസുകളിലേക്കു കൂടി തീ വ്യാപിച്ചിരുന്നതായി ദുബയ് സിവില്‍ ഡിഫന്‍സ് വക്താവ് മുഹമ്മദ് ഹാമിദ് പറഞ്ഞു.

അമ്പതോളം അഗ്നിശമന സൈനികര്‍ ചേര്‍ന്ന് ഏറെ നേരത്തെ പരിശ്രമങ്ങള്‍ക്കൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാനായത്. അപ്പോഴേക്കും ആദ്യം തീപ്പിടിത്തമുണ്ടായ വെയര്‍ഹൗസ് പൂര്‍ണമായും കത്തിനശിച്ചിരുന്നു. രാവിലെ ഒന്‍പത് മണിയോടെയാണ് പൂര്‍ണമായും തീക്കെടുത്താനായതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ അതിനു ശേഷമാണ് കെട്ടിടകത്തിനകത്ത് മൂന്ന് ജീവനക്കാര്‍ ഉണ്ടായിരുന്നുവെന്ന വിവരം കമ്പനി ഉദ്യോഗസ്ഥര്‍ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൂന്നുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു.

മൃതദേഹങ്ങളെല്ലാം തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഇവ പോസ്റ്റ് മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ക്കായി ഫോറന്‍സിക് ലബോറട്ടറിയിലേക്ക് അയച്ചതായി പോലിസ് അറിയിച്ചു. തീപ്പിടുത്തമുണ്ടാവാനുള്ള കാരണമെന്തെന്ന് അന്വേഷിച്ചുവരികയാണെന്നും പോലിസ് പറഞ്ഞു.

prp

Related posts

Leave a Reply

*