ശ്രീജിത്തിന് പിന്തുണയുമായി മലയാള സിനിമാലോകം; ബ്ലാസ്റ്റേഴ്സ് താരം വിനീതും റിനോയും സമരമുഖത്ത്

തിരുവനന്തപുരം: പൊലീസ് മര്‍ദനത്തെത്തുടര്‍ന്ന് മരിച്ച ശ്രീജിവിന്‍റെ  മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ സത്യാഗ്രഹ സമരം നടത്തുന്ന ശ്രീജിത്തിന് പിന്തുണയേറുകയാണ്. മലയാള സിനിമാ ലോകം കൂട്ടമായി പിന്തുണയുമായി എത്തിയപ്പോള്‍ കേരള ബ്ലാസ്റ്റേഴ്സ് താരം വിനീതും റിനോയും കൂടെ നിന്നു.

സെക്രട്ടേറിയേറ്റ് പടിക്കല്‍ കഴിഞ്ഞ ദിവസം കണ്ടത് പുതിയ ഒരു തലമുറയുടെ ആവേശമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ പിന്തുണയര്‍പ്പിച്ചവര്‍ നേരിട്ട് തന്നെ സമരാഹ്വാനവുമായി എത്തിയപ്പോള്‍ സിനിമാ ലോകത്ത് നിന്ന് യുവതാരങ്ങളില്‍ ശ്രദ്ധേയനായ ടോവിനോ തോമസും പ്രിയങ്കയും നേരിട്ട് തന്നെയെത്തി തങ്ങളുടെ പൂര്‍ണ പിന്തുണ അറിയിച്ചു.

ടൊവിനോ ശ്രീജിത്തിന് ഒപ്പമിരുന്ന കാര്യങ്ങള്‍ തിരക്കി. സുഹൃത്തുക്കളോടാണ് കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചത്. തുടര്‍ന്ന് മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം നിയമം അനുശാസിക്കുന്ന രീതിയില്‍ പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടു. അപ്പോള്‍ മാത്രമേ ഇന്ത്യന്‍ ഭരണഘടനയിലുള്ള വിശ്വാസം തിരിച്ചു പിടിക്കാന്‍ പറ്റുവെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ ലാക്കോടു കുടിയല്ല വിഷയത്തില്‍ ഇടപെടുന്നത്. തനിക്ക് രാഷ്ട്രീയമില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും പിന്തുണക്കുകയോ തള്ളിപ്പറയുകയോ ചെയ്യുന്നുമില്ല. ഐക്യത്തിന്‍റെ രാഷ്ട്രീയമാണ് തന്‍റെത്. ഏതെങ്കിലും ഒരു വിഭാഗം ആളുകളെ പീഡിപ്പിക്കുക എന്നതിനല്ല, ശ്രീജീവിന്‍റെ കസ്റ്റഡി മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് സമരം. ഇതിന്‍റെ പേരില്‍ മുഴുവന്‍ പൊലീസ് സേനയെയും കുറ്റപ്പെടുത്തുന്ന രീതിയിലേക്ക് കാര്യങ്ങള്‍ പോകരുത്, പോകുകയുമില്ല.ഇവിടെ വന്നവര്‍ സമാധാനപരമായാണ് സമരം ചെയ്യുന്നത്. ഇത് കാണേണ്ടവര്‍ കാണുകയും ചെയ്യേണ്ടവര്‍ വേണ്ടത് ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. ശ്രീജിത്തിന് തന്‍റെ ഭാഗത്തു നിന്ന് എല്ലാ പിന്തുണയുമുണ്ടാകുമെന്നും ടൊവിനൊ പറഞ്ഞു.

ഫേസ്ബുക്ക് വഴിയാണ് പൃഥ്വിരാജ് രംഗത്തെത്തിയത്. നിശബ്ദതയും സമാധാനപരമായ സമരങ്ങളും മറന്ന ഒരു തലമുറയ്ക്ക് മുന്നില്‍ പ്രതീക്ഷയുടെ ആള്‍രൂപമായി മാറുകയാണ് നിങ്ങള്‍ ചെയ്തത് എന്ന് പൃഥ്വിരാജ് പറഞ്ഞു.” നിങ്ങള്‍ ഒറ്റയ്ക്ക് പ്രതിനിധാനം ചെയ്യുന്നത് നമുക്ക് അതിവേഗം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന, നമ്മള്‍ വിലകല്‍പിക്കാത്ത, ആധുനിക കാലത്തെ മനുഷ്യന്‍റെ ഏറ്റവും വിലപ്പെട്ട മൂല്യമാണ്. സത്യത്തിനുവേണ്ടിയുള്ള ത്വരയാണത്. കള്ളമെന്ന് ഉറപ്പുള്ളതിനോട് സന്ധി ചെയ്യാനുള്ള വിസമ്മതിക്കലാണ്.

ഇത് നിങ്ങള്‍ ചെയ്യുന്നത് സ്വന്തം കുടുംബത്തിനും സഹോദരനും വേണ്ടിയായിരിക്കാം. എന്നാല്‍, കഴിഞ്ഞ രണ്ട് വര്‍ഷത്തെ പോരാട്ടം നിങ്ങള്‍, നിശബ്ദതയും സമാധാനപരമായ സമരങ്ങളും മറന്ന ഒരു തലമുറയ്ക്ക് മുന്നില്‍ പ്രതീക്ഷയുടെ ആള്‍രൂപമായി മാറുകയാണ് നിങ്ങള്‍ ചെയ്തത്. നന്ദി സഹോദര. നിങ്ങള്‍ക്ക് ചുറ്റുള്ള സമൂഹ മനസാക്ഷിയെ തൊട്ടുണര്‍ത്തിയതിന്. നിങ്ങള്‍ തേടിക്കൊണ്ടിരിക്കുന്ന സത്യം കൈവരിക്കുമാറാവട്ടെ. നിങ്ങള്‍ അര്‍ഹിക്കുന്ന നീതി നിങ്ങള്‍ക്ക് ലഭ്യമാവട്ടെ. നിങ്ങളില്‍ നിന്ന് അകലുന്ന സമാധാനം കണ്ടെത്താനും കഴിയട്ടെ’-പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു.

നടി പാര്‍വതിയും ശ്രീജിത്തിന് അനുകൂലമായി രംഗത്തെത്തി. നീതിക്കു വേണ്ടിയുള്ള നിങ്ങളുടെ ഈ പോരാട്ടത്തില്‍ നിങ്ങളുടെ കൂടെ നില്‍ക്കാതിരിക്കാനാവില്ലെന്ന് പാര്‍വതി പറഞ്ഞു.” സത്യം. ആരും, ഒരാളും നീതി നിഷേധിക്കപ്പെട്ടു, ഇരുട്ടില്‍ നിര്‍ത്തപ്പെടരുത്. കൂടപ്പിറപ്പിന്‍റെ ജീവിതത്തോടുള്ള നിങ്ങളുടെ ആദരവും സ്നേഹവും- അത് നേടിയെടുക്കാനുള്ള നിങ്ങളുടെ ധീരമായ അശ്രാന്തപോരാട്ടവും ഇന്നത്തെ ആവശ്യമാണ്. നമ്മളില്‍ ഓരോരുത്തരും നമ്മളോട് തന്നെ നടത്തേണ്ട കലഹമാണത്. നമ്മളില്‍ പലരും ചൂണ്ടാന്‍ ഭയക്കുന്ന, മടിക്കുന്ന, സംശയിക്കുന്ന വിരലുകളാണ് ശ്രീജിത്ത് നിങ്ങള്‍. സ്നേഹം. ബഹുമാനം. ഐക്യം”.

prp

Related posts

Leave a Reply

*