Std 1 Admission | പൊതുവിദ്യാലയങ്ങളില്‍ 1-ാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 5 ആയി തുടരുമെന്ന് കരട്; 8 വരെ വിദ്യാര്‍ഥികളില്‍നിന്ന് ഒരുതരത്തിലുള്ള ഫീസും ഈടാക്കരുതെന്നും നിബന്ധന

തിരുവനന്തപുരം: () ജൂണില്‍ അടുത്ത അധ്യയനവര്‍ഷം ആരംഭിക്കാനിരിക്കെ സ്‌കൂള്‍ പ്രവര്‍ത്തനം സംബന്ധിച്ചുള്ള ആധികാരികരേഖയായ സ്‌കൂള്‍ മാന്വലിന്റെയും ഏകോപനത്തോടെയുള്ള പഠനപ്രവര്‍ത്തനങ്ങള്‍ വിശദമാക്കുന്ന അകാഡമിക് മാസ്റ്റര്‍പ്ലാനിന്റെയും കരട് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പുറത്തിറക്കി.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം അഞ്ച് ആയി തുടരുമെന്ന് സ്‌കൂള്‍ മാന്വലിന്റെ കരടില്‍ വ്യക്തമാക്കി. കേന്ദ്ര വിദ്യാഭ്യാസനയം അനുസരിച്ച്‌ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം ആറ് ആണെങ്കിലും കേരളത്തില്‍ വിദ്യാഭ്യാസച്ചട്ടം അനുസരിച്ച്‌ അഞ്ച് ആയി തുടരുമെന്നാണ് മാന്വലില്‍ വ്യക്തമാക്കുന്നത്.

ഒന്‍പതാം ക്ലാസ് വരെ പ്രവേശനത്തിന് മൂന്ന് മാസത്തെയും 10-ാം ക്ലാസിലേക്ക് ആറ് മാസത്തെയും വയസിളവ് ജില്ലാ-ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്ക് അനുവദിക്കാം. 1 മുതല്‍ 8വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികളില്‍നിന്ന് ഒരുതരത്തിലുള്ള ഫീസും ഈടാക്കരുതെന്നും നിബന്ധനയില്‍ പറയുന്നു.

പിടിഎ, ക്ലാസ് പിടിഎ, സ്‌കൂള്‍ മാനേജ്‌മെന്റ് കമിറ്റി, മാതൃസമിതി, പൂര്‍വ വിദ്യാര്‍ഥി സംഘടന തുടങ്ങിയ വിവിധ സമിതികളുടെ ഘടന, ചുമതലകള്‍, തുക വിനിയോഗം എന്നിവ മാന്വലില്‍ വിശദമാക്കുന്നു. പിടിഎ കമിറ്റികളില്‍ രക്ഷിതാക്കളുടെയും അധ്യാപകരുടെയും പ്രതിനിധികളില്‍ പകുതിയെങ്കിലും വനിതകളായിരിക്കണം. അധ്യാപകര്‍ സ്വകാര്യ ട്യൂഷനും മറ്റു സ്വകാര്യ പഠനപ്രവര്‍ത്തനങ്ങളും നടത്തുന്നില്ലെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് കമിറ്റി ഉറപ്പാക്കണം.

പഠനപ്രവര്‍ത്തന മേല്‍നോട്ടത്തിന് നിരീക്ഷണ സമിതി രൂപീകരിക്കണമെന്ന് അകാഡമിക് മാസ്റ്റര്‍പ്ലാനിന്റെ കരടില്‍ നിര്‍ദേശിച്ചിട്ടുണ്ട്. അധ്യാപക-പിടിഎ പ്രതിനിധികള്‍ക്കൊപ്പം തദ്ദേശ ജനപ്രതിനിധി, അകാഡമിക് വിദഗ്ധ / വിദഗ്ധന്‍, പൂര്‍വ വിദ്യാര്‍ഥി-വിദ്യാര്‍ഥി പ്രതിനിധി തുടങ്ങിയവരും ഉള്‍പെട്ടതാകണം സമിതി.

കരട് രേഖകളിന്മേല്‍ വിദ്യാഭ്യാസ സംഘടനകള്‍ക്കും വിദഗ്ധര്‍ക്കും ജനപ്രതിനിധികള്‍ക്കും ഈമാസം 20 വരെ നിര്‍ദേശങ്ങള്‍ നല്‍കാം. ഇവ കൂടി പരിഗണിച്ചാകും അന്തിമ രേഖകള്‍ തയാറാക്കുകയെന്ന് മന്ത്രി പറഞ്ഞു. 20നു മുന്‍പ് നിര്‍ദേശങ്ങള്‍ സമര്‍പിക്കണം.

prp

Leave a Reply

*