മൈസൂരു: റിസര്‍വ് ചെയ്തിട്ടും തീവണ്ടിയില്‍ 33 മണിക്കൂര്‍ നിന്ന് യാത്ര ചെയ്യേണ്ടി വന്ന കുടുംബത്തിന് 37000 രൂപ നഷ്ട പരിഹാരം നല്കാന് റയില്‍വേയോട് മൈസൂരു ഉപഭോക്തൃ കോടതി ഉത്തരവിട്ടു. 60 ദിവസത്തിനകം തുക നല്‍കാനാണ് നിര്‍ദ്ദേശം. ഇത് ലംഘിക്കുകയാണെങ്കില്‍ ഓരോ ദിവസത്തിനും 200 രൂപ വെച്ച് പിഴ ഈടാക്കുമെന്നും കോടതി അറിയിച്ചു.
ബെര്‍ത്തുകള്‍ മറ്റുയാത്രക്കാര്‍ അനധികൃതമായി കൈയടക്കിയതില്‍ റെയില്‍വേ നടപടി സ്വീകരിക്കാത്തതിനെത്തുടര്‍ന്നാണ് ഈ കുടുംബം നില്‍പ്പ് യാത്ര നടത്തിയത്. കുടുംബത്തെ സഹായിക്കാത്ത ടി.ടി.ഇ., ആര്.പി.എഫ്. അധികൃതര്‍ എന്നിവരെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. 2017 മെയ് 25-ലെ ജയ്പുര്‍-മൈസൂരു സൂപ്പര്‍ഫാസ്റ്റ് തീവണ്ടിയിലാണ് സംഭവം. ഉജ്ജയിനിയില്‍നിന്ന് മൈസൂരുവിലേക്ക് വന്ന വിജേഷിനും കുടുംബത്തിനുമാണ് 33 മണിക്കൂര്‍ ദുരിതയാത്ര അനുഭവിക്കേണ്ടി വന്നത്.
മൈസൂര്‍ സിറ്റ് റയില്‍വേ സ്റ്റേഷനിലാണ് 740 രൂപ നിരക്കില്‍ മൂന്നു ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരുന്നത്. തീവണ്ടിയിലെ അഞ്ചാം നമ്പ ര്‍ സ്ലീപ്പര്‍ കോച്ചിലെ ഇവരുടെ മൂന്ന് ബര്‍ത്തുകളിലും റിസര്മവഷനില്ലാത്ത യാത്രക്കാരായിരുന്നു. ഇതേക്കുറിച്ച് ടിടിഇ, ആര്‍പിഎഫ് എന്നിവരോട് പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് 1950 കിലോ മീറ്റര്‍ ദൂരം സീറ്റില്ലാതെ യാത്ര ചെയ്യേണ്ടി വന്നത്.
ബര്‍ത്ത് ലഭിക്കാത്തതില്‍ വിജേഷ് മൈസൂരു ഡിവിഷന് ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു, എന്നാല്‍ തങ്ങളുടെ അധികാര പരിധിയിലല്ല എന്നായിരുന്നു മറുപടി. യാത്ര ആരംഭിച്ച ഉജ്ജയിനിയിലെത്തി പരാതി കൊടുക്കാനും പറഞ്ഞു. ഇതോടെയാണ് വിജേഷ് മൈസൂരു ഉപഭോക്തൃ കോടതിയെ സമീപിച്ചത്. എന്നാല്‍, അധികാരപരിധി കഴിഞ്ഞെന്നും നടപടി സ്വീകരിക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു മൈസൂരു റെയില്‍വേ ഡിവിഷന് കോടതിയില്‍ ബോധിപ്പിച്ചത്. അതിനാല്‍, കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു.
ഇക്കാര്യം തള്ളിയ കോടതി അധികാരപരിധിയുടെ പേരില്‍ നടപടിയെടുക്കാതെ കൈയൊഴിയാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി. തുടര്‍ന്ന് മൈസൂരു റെയില്‍വേ ഡിവിഷണല്‍ മാനജേര്‍, ഡിവിഷണല്‍ കൊമേഴ്സ്യല്‍ മാനേജര്‍ എന്നിവര്‍ വിജേഷിന് നഷ്ടപരിഹാരമായി 37,000 രൂപ നല്‍കണമെന്ന് ഉത്തരവിടുകയായിരുന്നു.

