തിരുവനന്തപുരം : അര്‍ദ്ധരാത്രി ഇരുചക്രവാഹനത്തില്‍ കറങ്ങി നടന്ന് വീര്യം കൂടിയ ലഹരിവസ്തുവായ എം.ഡി.എം.എ വില്പന നടത്തുന്ന യുവാക്കളെ എക്സൈസ് പിടികൂടി.
കേളേശ്വരം ആലുവിള സ്വദേശി അജയ് കൃഷ്ണ (28) പഴയ കാരയ്ക്കാമണ്ഡപം സ്വദേശി രാഹുല്‍ രാജന് (27) എന്നിവരാണ് 31.51 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയത്. എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് നടത്തിയ രാത്രികാല വാഹന പരിശോധനയില്‍ കേളേശ്വരം ഭാഗത്ത് കെ.എല്‍.21.കെ.1744 എന്ന ഹോണ്ട ഡിയോ സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ സംശയം തോന്നി തടഞ്ഞുനിറുത്തി പരിശോധിച്ചപ്പോഴാണ് എം.ഡി.എം.എ കണ്ടെത്തിയത്.
ഇവരില്‍ നിന്ന് എം.ഡി.എം.എ വാങ്ങാനെത്തുന്നവര്‍ ഇവര്‍ക്കിടയിലെ സുപരിചിതമായ ചില കോഡുകള്‍ പറഞ്ഞാണ് സാധനം വാങ്ങുന്നത്. കേളേശ്വരം പ്രദേശത്തെ മയക്കുമരുന്ന് റാക്കറ്റിന്റെ പ്രധാനികളാണ് പിടിയിലായതെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു. അജയ് കൃഷ്ണ ബംഗളൂരുവില്‍ പോയി വന്‍തോതില്‍ എം.ഡി.എം.എ വാങ്ങിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. സമീപ പ്രദേശത്തെ ചെറുപ്പക്കാര്‍ രാത്രികാലങ്ങളില്‍ വീട്ടുകാരറിയാതെ ഇവരുടെ സങ്കേതങ്ങളിലെത്തി എം.ഡി.എം.എ വാങ്ങി ഉപയോഗിച്ച് നേരം പുലരുന്നതിന് മുന്‍പ് വീടുകളില്‍ ആരുമറിയാതെ തിരിച്ചെത്തുകയാണ് പതിവ്. ആദ്യം തുച്ഛമായ രൂപയ്ക്ക് എം.ഡി.എം.എ നല്കുന്ന സംഘം യുവാക്കള്‍ വരുതിയിലായാല്‍ വില വര്‍ദ്ധിപ്പിക്കുമെന്നും എക്സൈസ് കണ്ടെത്തി.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി. എല്‍ ഷിബുവിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ അനില്‍ കുമാര്‍,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിപിന്‍, സുരേഷ് ബാബു, ആരോമല്‍ രാജന്,അക്ഷയ് സുരേഷ്,വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ മഞ്ചു വര്‍ഗീസ്, ഡ്രൈവര്‍ അനില്‍ കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

