98 മാര്‍ക്കിന്‍റെ തിളക്കത്തില്‍ 96കാരി കാര്‍ത്ത്യായനിയമ്മ

പഠിക്കാന്‍ പ്രായം ഒരു മറയല്ലെന്ന് പറയുന്നത് എത്ര സത്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് 96 വയസ്സുള്ള കാര്‍ത്ത്യായനിയമ്മ. തൊണ്ണൂറ്റിയാറാം വയസില്‍ പരീക്ഷയെഴുതിയ കാര്‍ത്ത്യായനിയമ്മ 100ല്‍ 98 മാര്‍ക്കാണ് കരസ്ഥമാക്കിയത്.

സാക്ഷരതാ മിഷന്‍ നടത്തിയ ‘അക്ഷരലക്ഷം’ പദ്ധതിയുടെ ‘നാലാം തരം തുല്യതാ’പരീക്ഷയിലാണ് കാര്‍ത്ത്യായനിയമ്മ ഒന്നാമതെത്തിയത്. എഴുത്തില്‍ കാര്‍ത്ത്യായനിയമ്മ 38 മാര്‍ക്കുനേടി. വായനയില്‍ 30, കണക്കില്‍ 30 എന്നിങ്ങനെയാണ് മാര്‍ക്ക്.

98 മാര്‍ക്കിന്‍റെ തിളക്കത്തില്‍ 96കാരി

ചേപ്പാട് കണിച്ചനെല്ലൂർ എൽ.പി.എസിൽ ഓഗസ്റ്റ് അഞ്ചിന് പരീക്ഷ എഴുതുമ്പോൾ ചെറിയ ഒരു പേടിയുണ്ടായിരുന്നു കാര്‍ത്ത്യായനിയമ്മയ്ക്ക്. കാരണം, ജീവിതത്തിലെ ആദ്യത്തെ പരീക്ഷയായിരുന്നു അത്. അതും തൊണ്ണൂറ്റിയാറാം വയസ്സിൽ. പക്ഷേ, ആ പേടിയൊക്കെ വെറുതെയായിരുന്നുവെന്ന് പരീക്ഷാ ഫലം വന്നപ്പോൾ തെളിഞ്ഞു.

തൊട്ടടുത്തിരുന്ന് പരീക്ഷ എഴുതിയ 79 കാരനായ രാമചന്ദ്രൻ കാർത്ത്യായനിയമ്മയുടെ ഉത്തരക്കടലാസിൽ നോക്കുന്നതിന്‍റെ ചിത്രം അടുത്തദിവസത്തെ പത്രങ്ങളിൽ സ്ഥാനം പിടിച്ചിരുന്നു. രാമചന്ദ്രനും നല്ല മാർക്കോടെ പരീക്ഷ പാസായി.

ഇനി കമ്പ്യൂട്ടറും ഇംഗ്ലീഷും പഠിക്കണം മാത്രമല്ല 100-ാം വയസ്സില്‍ 10-ാം ക്ലാസ് പരീക്ഷയെഴുതി നൂറില്‍ നൂറും വാങ്ങുക ഇതൊക്കെയാണ് കാര്‍ത്ത്യായനിയമ്മയുടെ അടുത്ത ലക്ഷ്യം.

സംസ്ഥാന സാക്ഷരതാ മിഷന്‍റെ അക്ഷരലക്ഷം പദ്ധതിയുടെ ഭാഗമായി കാര്‍ത്ത്യായനിയമ്മ ഉള്‍പ്പെടെ 43,330 പേരാണ് സാക്ഷരതാ പരീക്ഷയെഴുതിയത്. ഇതില്‍ 42,933 പേര്‍ വിജയിച്ചു. വിജയശതമാനം 99.084. വിജയിച്ചവരില്‍ 37,166 പേര്‍ സ്ത്രീകളാണ്. പട്ടികജാതി വിഭാഗത്തില്‍നിന്ന് 8215 പേരും പട്ടികവര്‍ഗ വിഭാഗത്തില്‍നിന്ന് 2882 പേരും വിജയിച്ചവരില്‍ ഉള്‍പ്പെടുന്നു.

Related image

prp

Related posts

Leave a Reply

*