പീഡനദൃശ്യങ്ങള്‍ ദിലീപിന് കിട്ടിയത് ശരത് വഴി; അനുബന്ധ കുറ്റപത്രത്തില്‍ ശരത് പ്രതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ സുഹൃത്ത് ശരതിനെ പ്രതിയാക്കി ക്രൈംബ്രാഞ്ചിന്റെ അനുബന്ധ കുറ്റപത്രം.

പീഡന ദൃശ്യങ്ങള്‍ ദിലിപിന് ലഭിച്ചുവെന്നും അത് ശരത് വഴിയാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ദിലീപിന്റെ പക്കല്‍ ദൃശ്യങ്ങള്‍ എത്തി എന്നതിന് മൂന്നു കാര്യങ്ങളാണ് കുറ്റപത്രത്തിലുളളത്. ദിലീപിന്റെ വീട്ടില്‍ ശരത് കൊണ്ടുവന്ന ദൃശ്യങ്ങള്‍ കണ്ടതിന് സാക്ഷിയായ സംവിധായകന്‍ ബാല ചന്ദ്രകുമാറിന്റെ നേര്‍സാക്ഷി വിവരണമാണ് ആദ്യത്തേത്. ദൃശ്യങ്ങള്‍ സംബന്ധിച്ച്‌ ദിലീപും സഹോദരന്‍ അനൂപും സുഹൃത്ത് ശരത്തുമടക്കമുളളവര്‍ നടത്തുന്ന സംഭാഷണത്തിന്റെ ശബ്ദരേഖയാണ് രണ്ടാമത്തേത്. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണിന്റെ ഫൊറന്‍സിക് പരിശോധനയില്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ സംബന്ധിച്ചുളള നാലുപേജ് വിവരണം കിട്ടിയിരുന്നു. 2017 ഡിസംബര്‍ മുപ്പതിനാണ് ഈ കുറിപ്പ് തയാറാക്കിയിരിക്കുന്നത്. ഈ തെളിവുകളെ ആസ്പദമാക്കിയാണ് ദിലീപിന്റെ പക്കല്‍ ദൃശ്യങ്ങള്‍ എത്തിയെന്ന് പ്രോസിക്യൂഷന്‍ സ്ഥാപിക്കുന്നത്. നടിയെ ആക്രമിച്ച്‌ പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കല്‍ നിന്ന് കണ്ടെടുക്കാനായില്ലെങ്കിലും സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളും ഇക്കാര്യം ശരിവയ്ക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുളള സമയ പരിധി കഴിഞ്ഞ വെളളിയാഴ്ച അവസാനിച്ചെങ്കിലും അന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതിലടക്കം മൂന്നാഴ്ചത്തെ സമയമാണ് ചോദിച്ചിരിക്കുന്നതെങ്കിലും സിംഗിള്‍ ബെഞ്ചില്‍ നിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ വിചാരണക്കോടതിയില്‍ ഉടനടി തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് തീരുമാനം.

ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്താണ് അനുബന്ധ കുറ്റപത്രത്തിലെ ഏക പ്രതി. 125 പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നെങ്കിലും എണ്‍പതോളം പേരെയാണ് കുറ്റപത്രത്തില്‍ പ്രോസിക്യൂഷന്‍ സാക്ഷികളാക്കിയിരിക്കുന്നത്. നടിയെ ആക്രമിച്ച്‌ പകര്‍ത്തിയ ദൃശ്യങ്ങള്‍ 2017 നവംബര്‍ മാസത്തില്‍ ദിലീപിന്റെ പക്കല്‍ എത്തി എന്നുതന്നെയാണ് കുറ്റപത്രത്തിലുളളത്. വി ഐ പി എന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞ സുഹൃത്തായ ശരത്താണ് ഇത് കൊണ്ടുവന്നത്. ഈ ദൃശ്യങ്ങള്‍ നശിപ്പിക്കുകയോ മനപൂര്‍വം മറച്ചുപിടിക്കുകയോ ചെയ്യുന്നു എന്നാണ് കണ്ടെത്തല്‍. ഇതിന്റെ പേരിലാണ് ശരത്തിനെ പ്രതി ചേര്‍ത്തിരിക്കുന്നത്.

prp

Leave a Reply

*