ദിലീപിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ഉള്‍പ്പെടുത്തും: വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ കേസ് വീണ്ടും പരിഗണിക്കുക

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ സങ്കീര്‍ണമായ പ്രശ്‌നങ്ങളിലേക്ക് ദിലീപ്. അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് വെള്ളിയാഴ്ച സമര്‍പ്പിക്കുമെന്നു ക്രൈംബ്രാഞ്ച്.

കേസിലെ തെളിവുകള്‍ മറച്ചുവച്ചതിനും നശിപ്പിച്ചതിനുമുള്ള വകുപ്പുകള്‍ കൂടി നടന്‍ ദിലീപിനെതിരെ ചുമത്തും.

ദിലീപിന്റെ സുഹൃത്ത് ശരത്തിനെക്കൂടി പ്രതിചേര്‍ത്തുള്ള അധിക കുറ്റപത്രം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാവും കേസ് വീണ്ടും പരിഗണിക്കുക. കേസിലെ പ്രധാന തൊണ്ടിമുതലായ മെമ്മറി കാര്‍ഡ് മൂന്നു കോടതികളില്‍ അനധികൃതമായി തുറന്നതായുള്ള ഫൊറന്‍സിക് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ അന്വേഷണ സംഘം 3 ആഴ്ച കൂടി സമയം തേടിയിരുന്നു.

ആവശ്യം ഹൈക്കോടതി നിരസിച്ചതോടെ അന്തിമ റിപ്പോര്‍ട്ട് തയാറാണെന്ന് അന്വേഷണ സംഘം അറിയിച്ചു. ഒട്ടേറെ പകര്‍പ്പ് എടുക്കേണ്ടതുള്ളതിനാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിങ്കളാഴ്ചവരെ സമയം വേണമെന്നു പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി.എ.ഷാജി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണു ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് വെള്ളി വരെ സമയം അനുവദിച്ചിരുന്നു.

ഒന്നാം പ്രതി എന്‍.എസ്.സുനില്‍കുമാറും (പള്‍സര്‍ സുനി) എട്ടാം പ്രതി ദിലീപും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന സംവിധായകന്‍ പി.ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണു ജനുവരിയില്‍ ക്രൈംബ്രാഞ്ച് തുടരന്വേഷണം ആരംഭിച്ചത്. ഇതു പൂര്‍ത്തിയാക്കാന്‍ മൂന്നു തവണ അധികം സമയം അനുവദിച്ചിരുന്നു. കഴിഞ്ഞ 15നു തുടരന്വേഷണം പൂര്‍ത്തിയാക്കാനാണു ഒടുവില്‍ നിര്‍ദേശിച്ചത്.

ദിലീപിനെതിരെയുള്ള തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നു മുന്‍ ജയില്‍ ഡിജിപി ആര്‍.ശ്രീലേഖ സ്വന്തം യൂട്യൂബ് ചാനലിലൂടെ ആരോപണം ഉന്നയിച്ചിരുന്നു. കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാര്‍ഡിന്റെ ഡിജിറ്റല്‍ ഘടന (ഹാഷ് വാല്യു) മാറിയതായും കണ്ടെത്തി. ഈ രണ്ടു കാര്യങ്ങളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം മതിയാവില്ലെന്നു കാട്ടിയാണ് അന്വേഷണ സംഘം വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. 1500 പേജുള്ള കുറ്റപത്രത്തില്‍ 100 പുതിയ സാക്ഷികളുണ്ട്.

prp

Leave a Reply

*