മുല്ലപ്പെരിയാര്‍ ഡാം : ഉപസമിതി ഇന്ന് അണക്കെട്ട് സന്ദര്‍ശിക്കും

ഇടുക്കി: 135.90 അടിക്ക് മുകളില്‍ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയോടടുത്ത സാഹചര്യത്തില്‍ സ്‌ഥിതിഗതികള്‍ വിലയിരുത്താന്‍ മേല്‍നോട്ട സമിതി നിയോഗിച്ച ഉപസമിതി ഇന്ന് അണക്കെട്ടില്‍ പരിശോധന നടത്തും.

അണക്കെട്ടിലെ ജലനിരപ്പ്, ഷട്ടറുകളുടെ പ്രവര്‍ത്തന ക്ഷമത, സ്വീപ്പേജ് ജലത്തിന്റെ അളവ് എന്നിവ സംഘം പരിശോധിക്കും. കേന്ദ്ര ജലക്കമ്മീഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഗുല്‍ഷന്‍ കുമാര്‍ അധ്യക്ഷനായ സമിതിയില്‍ കേരളത്തിലെയും തമിഴ്നാട്ടിലെയും രണ്ട് അംഗങ്ങള്‍ വീതമുണ്ട്. പരിശോധന സംബന്ധിച്ച വിവരങ്ങള്‍ സമിതി അംഗങ്ങള്‍ മേല്‍നോട്ട സമിതിക്ക് സമര്‍പ്പിക്കും.

അതേസമയം ജലനിരപ്പ് ഉയര്‍ന്നതോടെ മഞ്ചുമല വില്ലേജ് ഓഫിസില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. റൂള്‍ കര്‍വ് അനുസരിച്ച്‌ ജൂലൈ 19 വരെ 136.30 അടിയാണ് പരമാവധി സംഭരിക്കാവുന്ന ജലനിരപ്പ്. ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവലിലെത്തിയാല്‍ സ്‌പില്‍ വേ ഷട്ടര്‍ തുറന്നേക്കും.

ഈ സാഹചര്യത്തില്‍ പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടെന്നും മുന്‍കരുതലുകള്‍ എല്ലാം എടുത്തിട്ടുണ്ടെന്നും ജില്ലാ കലക്‌ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു.

prp

Leave a Reply

*