കലാകാരന്‍മാ​ര്‍ രാജ്യദ്രോഹ പരസ്യങ്ങളില്‍ നിന്ന് പിന്‍മാറണമെന്ന് ഗണേഷ് കുമാര്‍

തിരുവനന്തപുരം: ഓണ്‍ലൈന്‍ റമ്മി പോലുള്ള പരസ്യങ്ങളില്‍ അഭിനയിക്കുന്ന കലാകാരന്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.ബി.

ഗണേഷ് കുമാര്‍ എം.എല്‍.എ. ഇത്തരം പരസ്യങ്ങളില്‍ നിന്ന് കലകാരന്‍മാരോട് പിന്‍മാറാന്‍ സാംസ്കാരിക മന്ത്രി ആവശ്യ​പ്പെടണമെന്ന് കെ.ബി. ഗണേഷ് കുമാര്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. ‘ഓണ്‍ലൈന്‍ റമ്മി: പ്രചാരകരായ താരങ്ങള്‍ക്കെതിരെ ​’പൊങ്കാല’ എന്ന മാധ്യമം വാര്‍ത്തയെ തുടര്‍ന്നാണ് ഗണേഷ് കുമാര്‍ സഭയില്‍ വിഷയം ഉന്നയിച്ചത്.

ഈടയടുത്ത് കേരളത്തിലെ പ്രശസ്തമായ ചാനലിന്റെ കാമറാമാന്‍ ആത്മഹത്യ ചെയ്തത് ഓണ്‍ലൈന്‍ റമ്മി കളിച്ചാണ്. ഒറ്റപ്പെട്ട സംഭവമല്ല. വളരെ ലജ്ജതോന്നുന്ന കാര്യം സാമൂഹ്യ വിരുദ്ധമായ പരസ്യങ്ങളില്‍ ആദരണീയരായ കലാകാരന്‍മാരും കലാകാരികളും പങ്കെടുക്കുന്നു. ഷാരൂഖ് ഖാന്‍, വിരാട് കോലി, യേശുദാസിന്റെ മകന്‍ വിജയ് യേശുദാസ്, ഗായിക റിമി ടോമി, ലാല്‍ തുടങ്ങി ആളുകളെ ഇത്തരം പരസ്യങ്ങളില്‍ സ്ഥിരമായി കാണാം. ഇവരാരും തന്നെ പണമില്ലാത്തവരല്ല.

ഇത്തരം നാണം കെട്ട രാജ്യദ്രോഹ പരസ്യങ്ങളില്‍ നിന്നും ഈ മാന്യന്മാരോട് പിന്‍മാറാന്‍ സഭയുടെ പേരില്‍ സംസ്‌കാരിക മന്ത്രി അഭ്യര്‍ഥിക്കണം. സാംസ്‌കാരികമായി വലിയ മാന്യമാരാണെന്ന് പറഞ്ഞ് നടക്കുന്നവരാണിവര്‍- ഗണേഷ് കുമാര്‍ തുറന്നടിച്ചു.

എന്നാല്‍ അവരുടെ മനസ്സുകളിലാണ് ആദ്യം സാംസ്‌കാരിക വിപ്ലവം ഉണ്ടാകേണ്ടതെന്ന് മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു. അങ്ങനെ ഉണ്ടായാല്‍ മാത്രമേ മാറ്റം വരൂ. നിയമംമൂലം നിരോധിക്കാവുന്നതല്ല ഇതെന്നും താരങ്ങളോടും സാംസ്കാരിക നായകരോടും ഒരു അഭ്യര്‍ഥന വേണമെങ്കില്‍ നമുക്കെല്ലാവര്‍ക്കും നടത്താമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

അതേസമയം, നിരവധിപേരെ ആത്മഹത്യയിലേക്ക് നയിച്ചെന്ന് പരാതിയുള്ള ഓണ്‍ലൈന്‍ റമ്മികളിയുടെ പ്രചാരകരാവുന്ന നടീ നടന്മാര്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പണംവെച്ചുള്ള ഓണ്‍ലൈന്‍ റമ്മികളി വീണ്ടും നിരോധിക്കാന്‍ സര്‍ക്കാര്‍ നിയമ ഭേദഗതിക്ക് നടപടികളാരംഭിച്ചിരിക്കെയാണ് സമൂഹ മാധ്യമങ്ങളില്‍ ഇതിന്‍റെ പ്രചാരകരായ താരങ്ങള്‍ക്കെതിരെ കടുത്ത പ്രതിഷേധമുയരുന്നത്.

നടനും സംവിധായനുമായ ലാല്‍, ഗായകരായ വിജയ് യേശുദാസ്, റിമി ടോമി തുടങ്ങിയവര്‍ക്കെതിരെയാണ് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാടസ്‌ആപ്പ് എന്നിവിടങ്ങളില്‍ കൂടുതല്‍ വിമര്‍ശനമുള്ളത്. യുവാക്കളെ ആത്മഹത്യയിലേക്ക് നയിക്കുന്ന ഓണ്‍ലൈന്‍ റമ്മികളിയുടെ പ്രചാരകരാവുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നാണ് പ്രധാന ആവശ്യം. ബഹിഷ്കരണ കാമ്ബയിനുകളും സമൂഹ മാധ്യമങ്ങളിലെ പ്രധാന ഗ്രൂപ്പുകളില്‍ സജീവമാണ്.

ജനങ്ങള്‍ താരങ്ങളാക്കിയവര്‍ ലക്ഷങ്ങള്‍ കൈപ്പറ്റി കൊല്ലാക്കൊലയിലേക്ക് നയിക്കുന്നുവെന്നാണ് പ്രധാന വിമര്‍ശനം. ലാല്‍ അഭിനയിച്ച ‘8,850 രൂപ സ്വാഗത ബോണസ്’ ലഭിക്കുമെന്നുള്ള ഫേസ്ബുക്കിലെ റമ്മി പരസ്യത്തിന്റെ കമന്‍റ് ബോക്സില്‍ റമ്മികളിയില്‍ ജീവന്‍ നഷ്ടമായവരുടെ വാര്‍ത്തകളും വ്യാപകമായി പങ്കുവെക്കുന്നുണ്ട്. ദിവസവും പത്തും ലക്ഷംവരെ നേടാമെന്ന് വാഗ്ദാനം ചെയ്താണ് വിദ്യാര്‍ഥികളടക്കമുള്ളവരെ കമ്ബനികള്‍ ഇതിലേക്കാകര്‍ഷിക്കുന്നത്.

ചൂതാട്ടത്തിന്റെ പ്രചാരകരാവുന്ന കായികതാരങ്ങള്‍, ഇതര ഭാഷകളിലെ നടീനടന്മാര്‍ എന്നിവര്‍ക്കെതിരെയും പ്രതിഷേധമുണ്ട്. എന്നാല്‍, പ്രതിഷേധങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ് താരങ്ങള്‍. അതേസമയം ആത്മഹത്യകള്‍ വര്‍ധിക്കുകയും വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയരുകയും ചെയ്തതോടെ, റമ്മി പരസ്യത്തില്‍ അഭിനയിച്ച കൊച്ചിയിലെ മത്സ്യതൊഴിലാളി ‘ഓണ്‍ലൈന്‍ റമ്മി കളിച്ച്‌ കാശുകാരനായിട്ടില്ലെന്നും ആരും കളിക്കരുതെന്നും പരസ്യമായി പറഞ്ഞ് രംഗത്തുവന്നിട്ടുണ്ട്.കോവിഡ് കാലത്താണ് ഓണ്‍ലൈന്‍ റമ്മികളി സംസ്ഥാനത്ത് സജീവമായത്.

ലക്ഷക്കണക്കിനാളുകള്‍ ഭാഗമായ റമ്മി കളിയില്‍ ഓരോ ദിവസവും കോടികളാണ് മറിയുന്നതെന്നും ഇതിനടിമപ്പെട്ട് മരിച്ചവരില്‍ 40 ലക്ഷം നഷ്ടമായ മാധ്യമ പ്രവര്‍ത്തകനും വീട്ടമ്മയുമെല്ലാമുണ്ടെന്നുമാണ് പൊലീസ് തന്നെ പറയുന്നത്. 2021 ഫെബ്രുവരിയില്‍ പണംവെച്ചുള്ള റമ്മികളി സംസ്ഥാനത്ത് സര്‍ക്കാര്‍ നിരോധിച്ചെങ്കിലും നടത്തിപ്പുകാരായ കമ്ബനി കോടതിയെ സമീപിച്ചതോടെ നിരോധനം റദ്ദാവുകയായിരുന്നു. ഓണ്‍ലൈന്‍ ചൂതാട്ടത്തിനടിമകളായി നിരവധിപേര്‍ ആത്മഹത്യ ചെയ്തതോടെയാണ് സര്‍ക്കാര്‍ തലത്തില്‍ വീണ്ടുമിപ്പോള്‍ നിരോധന നീക്കം ഊര്‍ജിതമാക്കിയത്.

ലക്ഷങ്ങള്‍ നഷ്ടമായെന്നും യുവതീയുവാക്കള്‍ വിഷാദത്തിലായെന്നും ചൂണ്ടിക്കാട്ടി നിരവധി പരാതി ലഭിച്ചതോടെ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് റമ്മി നിരോധനം സംബന്ധിച്ച ശിപാര്‍ശ ആഭ്യന്തരവകുപ്പിന് നല്‍കുകയായിരുന്നു.ഈ ഫയലിപ്പോള്‍ നിയമവകുപ്പിന്റെ പരിഗണനയിലാണ്. 1960 ലെ കേരള ഗെയിമിങ് ആക്ടിലെ സെക്ഷന്‍ -മൂന്നില്‍ ഭേദഗതി വരുത്തി നിരോധിക്കാനാണിപ്പോള്‍ ആലോചന. ഇതിനകം സ്കൂള്‍ വിദ്യാര്‍ഥികളടക്കം ഇരുപത് പേര്‍ ഓണ്‍ലൈന്‍ റമ്മി കളിക്ക് അടിമപ്പെട്ട് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തു എന്നാണ് പൊലീസിന്റെ കണക്ക്.

prp

Leave a Reply

*