രേഖകളുടെ അതിവേഗ സ്ഥിരീകരണത്തിന് ദുബൈ ഇ-ഡോക്യുമെന്റ്‌സ് സിസ്റ്റം

ദുബൈ | അംഗീകൃത യാത്രാ രേഖകളുടെ സ്ഥിരീകരണത്തെ പിന്തുണക്കുന്ന ഡിജിറ്റല്‍ ശേഖരണ പ്ലാറ്റ് ഫോം ജി ഡി ആര്‍ എഫ് എ ദുബൈ ഉദ്ഘാടനം ചെയ്തു. ദുബൈ ഇ-ഡോക്യുമെന്റ്‌സ് സിസ്റ്റം എന്ന പേരിലുള്ള ഈ ഡിജിറ്റല്‍ ശേഖരണം, കൃത്രിമ രേഖകള്‍ ഉപയോഗിച്ച്‌ രാജ്യത്ത് പ്രവേശിക്കുന്നത് തടയുന്നതിനും വ്യാജരെ അതിവേഗം കണ്ടത്തുന്നതിനും സഹായിക്കും.

ദുബൈ എമിഗ്രേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ സുറൂറാണ് ഡിജിറ്റല്‍ സംവിധാനത്തിന് സമാരംഭം കുറിച്ചത്. ഈ സംവിധാനത്തില്‍ ലോകത്തിലെ എല്ലാം രാജ്യങ്ങളുടെയും യഥാര്‍ഥ യാത്രാ രേഖകളുടെ ഡിജിറ്റല്‍ പകര്‍പ്പുകള്‍ ശേഖരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അനധികൃതമായ കടന്നുകയറ്റം തടയും.

രാജ്യത്തിന്റെ അതിര്‍ത്തി സുരക്ഷ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും, ദുബൈ സര്‍ക്കാറിന്റെ ഡിജിറ്റല്‍ പരിവര്‍ത്തനങ്ങളില്‍ കൂടുതല്‍ നവീനത കൈവരിക്കുന്നതിനും ലക്ഷ്യമിട്ടാണ് ജി ഡി ആര്‍ എഫ് എ ദുബൈ ഇ-ഡോക്യുമെന്റ്‌സ് സിസ്റ്റത്തിന് തുടക്കം കുറിച്ചത്.
നെതര്‍ലാന്‍ഡ്, കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ഓസ്‌ട്രേലിയ എന്നിവയുടെ അംഗത്വം ഉള്‍പെടുന്ന എഡിസണ്‍ ടി ഡി പോലുള്ള സിസ്റ്റങ്ങള്‍ക്ക് സമാനമാണ് ഈ സംവിധാനം. യാത്രാ രേഖകള്‍ സ്ഥിരീകരിക്കുന്നതിനും വ്യാജ രേഖകള്‍ കണ്ടെത്തുന്നതിനുമുള്ള അത്യാധുനിക പ്ലാറ്റ്‌ഫോമാണ് ഇതെന്ന് മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ സുറൂര്‍ പ്രസ്താവിച്ചു.

സംവിധാനം രാജ്യത്തിന്റെ സുരക്ഷയും ഡിജിറ്റല്‍ സംവിധാന വേദിയും കൂടുതല്‍ മെച്ചപ്പെടുത്തുന്നു. കൃത്രിമ രേഖകളുടെ കണ്ടെത്തലുകള്‍ക്ക് സഹായിക്കുന്ന ജി ഡി ആര്‍ എഫ് എയുടെ കേന്ദ്രമാണ് ‘ഡോക്യുമെന്റ് ഇന്‍സ്‌പെക്ഷന്‍ സെന്റര്‍’. ഈ കേന്ദ്രം അന്താരാഷ്ട്ര അംഗീകാരമുള്ളതാണെന്നും കെട്ടിച്ചമച്ച ഏതു രേഖകളും അതിവേഗം തിരിച്ചറിയാനും ഡോക്യുമെന്റ് ഇന്‍സ്‌പെക്ഷന്‍ സെന്റര്‍ സഹായിക്കുന്നുവെന്ന് മേജര്‍ ജനറല്‍ വെളിപ്പെടുത്തി.

ഈ മേഖലകളില്‍ ജി ഡി ആര്‍ എഫ് എയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തി കൊണ്ട് രാജ്യത്തിന്റെ സുരക്ഷാ സ്ഥാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മികച്ച നൂതന പരിഹാരങ്ങള്‍ സ്വീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ വകുപ്പ് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. സിസ്റ്റത്തിന്റെ വിശദാംശങ്ങളെക്കുറിച്ചും പ്രവര്‍ത്തനരീതികളെക്കുറിച്ചും ഉദ്ഘാടനച്ചടങ്ങില്‍ അധികൃതര്‍ വിശദീകരിച്ചു. ദുബൈ വിമാനത്താവളത്തിലുള്ള ‘ഡോക്യുമെന്റ് ഇന്‍സ്‌പെക്ഷന്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും മറ്റു പദ്ധതികളും അവതരിപ്പിക്കുകയും ചെയ്തു.

prp

Leave a Reply

*