
എം.എസ്.ധോണിയുടെ പിറന്നാള്‍ ആഘോഷമാക്കാനുളള ഒരുക്കത്തിലാണ് ആരാധകരും ക്രിക്കറ്റ് ലോകവും. ജൂലൈ 7 ന് ധോണിയുടെ 39-ാം പിറന്നാളാണ്. ഇനിയും ഒരാഴ്ച ബാക്കിനില്‍ക്കുമ്ബോഴും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആശംസകളും ഫൊട്ടോകളും പോസ്റ്റ് ചെയ്തു തുടങ്ങിയിട്ടുണ്ട്.
വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടറും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ താരവുമായ ഡ്വെയ്ന്‍ ബ്രാവോ ധോണിക്ക് പിറന്നാള്‍ദിന സമ്മാനമായി ഒരു പാട്ടൊരുക്കുകയാണ്. ‘നമ്ബര്‍ 7’ എന്നു പേരിട്ടിരിക്കുന്ന പാട്ടിന്റെ ടീസര്‍ ബ്രാവോ സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടിട്ടുണ്ട്. ധോണിയുടെ കരിയര്‍ നേട്ടങ്ങളെക്കുറിച്ചുളള വരികള്‍ ടീസറിലുണ്ട്.
38 കാരനായ ധോണിയുടെ ക്രിക്കറ്റിലേക്കുള്ള ഏറെ കാത്തിരുന്ന തിരിച്ചുവരവ് കോവിഡ് -19 ഭീഷണിയെത്തുടര്‍ന്ന് ഐപിഎല്‍ മാറ്റിവച്ചതോടെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഐപിഎല്ലില്‍ നന്നായി കളിച്ചാല്‍ മാത്രമേ ധോണി ടി20 ലോകകപ്പില്‍ ഉണ്ടാകൂവെന്ന് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ടീമില്‍ കടിച്ചുതൂങ്ങി നില്‍ക്കാന്‍ ആഗ്രഹിക്കുന്ന താരമല്ല ധോണി. ഐപിഎല്ലില്‍ നന്നായി കളിച്ചാല്‍ തീര്‍ച്ചയായും ധോണി ടി20 ലോകകപ്പിലും ഉണ്ടാകുമെന്നായിരുന്നു രവി ശാസ്ത്രിയുടെ വാക്കുകള്‍.
കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ധോണി അവസാനമായി ഒരു രാജ്യാന്തര മത്സരം കളിച്ചത്. ന്യൂസിലന്‍ഡിനെതിരായ സെമിയില്‍ ഇന്ത്യ പുറത്തായതിന് പിന്നാലെ ക്രീസ് വിട്ട ധോണി സൈനിക സേവനമുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് സമയം ചെലവഴിക്കുകയായിരുന്നു.
