ഒരുപാട് വര്‍ഷത്തെ കാത്തിരിപ്പിലൂടെയാണ് മക്കള്‍ പഠിച്ച് ജോലി നേടുന്നത്. അതില്‍പ്പരം സന്തോഷവും സമാധാനവും ഒരു മാതാപിതാക്കള്‍ക്കുമില്ല. ഇവിടെ ഒരു അച്ഛന്‍ മകള്‍ക്ക് മനസ് നിറഞ്ഞ് സല്യൂട്ട് അടിക്കുകയാണ്.
പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ എആര്‍ ഉമാമഹേശ്വര ശര്‍മ്മയാണ് മകള്‍ക്ക് മുന്നില്‍ അഭിമാനത്തോടെ സല്യൂട്ട് അടിച്ചത്.തെലങ്കാനയില്‍ നിന്നാണ് ഈ കാഴ്ച. മൂന്ന് ദശകത്തിലേറെ പോലീസ് സര്‍വ്വീസിലുളള ആളാണ് ഉമാമഹേശ്വര ശര്‍മ്മ. ശര്‍മ്മയുടെ മകള്‍ സിന്ധു ശര്‍മ സര്‍വ്വീസില്‍ കയറിയിട്ട് നാല് വര്‍ഷം കഴിയുന്നതേയുള്ളൂ. എന്നാല്‍, ഇന്നലെയാണ് ഇരുവരും മുഖാമുഖം കണ്ടത്. മകളെ കണ്ടപ്പോള്‍ ഡിസിപി കടമ മറന്നില്ല, എസ്പി റാങ്കിലുള്ള മകളെ സല്യൂട്ട് ചെയ്തു.
ഇതാദ്യമായാണ് ഞങ്ങള്‍ ജോലിക്കിടെ ഒന്നിച്ച് വരുന്നത്. മകളോടൊത്ത് ജോലി ചെയ്യാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവാനാണെന്ന് ഉമാമഹേശ്വര ശര്‍മ്മ പറഞ്ഞു. സബ് ഇന്‍സ്‌പെക്ടറായി കരിയര്‍ ആരംഭിച്ച ഉമാമഹേശ്വര ശര്‍മ്മയ്ക്ക് അടുത്തിടെയാണ് ഐ പി എസ് പദവി ലഭിച്ചത്. മകള്‍ എന്‍റെ സീനിയര്‍ ഓഫീസറാണ്. അതിനാല്‍, മകളെ കാണുമ്പോള്‍ ഞാന്‍ സല്യൂട്ട് ചെയ്യും. ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്യും. അല്ലാതെ മറ്റ് സംസാരമൊന്നുമില്ലെന്നും അദ്ദേഹം പറയുന്നു.
വീട്ടില്‍ മറ്റേതൊരു വീട്ടിലെയും അച്ഛനെയും മകളെയും പോലെ തന്നെയാണ്. അഭിമാനത്തോടെ ആ അച്ഛന്‍ പറയുന്നു. ഒന്നിച്ച് ജോലി ചെയ്യാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്ന് മകള്‍ പറയുന്നു.

