ക്ഷയരോഗം ബാധിച്ച് മരിച്ച ഭാര്യയുടെ മൃതദേഹവും ചുമലിലേന്തി മകളോടൊപ്പം കിലോമീറ്ററുകള്‍ താണ്ടിയ ദാനാ മാഞ്ചിയുടെ അവസ്ഥ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന വാര്‍ത്തയായിരുന്നു. ജനങ്ങളുടെ ദയാവായ്പുകള്‍ ഏറ്റുവാങ്ങിയ മാഞ്ചിയുടെ ജീവിതം ഇപ്പോള്‍ പാടെ മാറിയിരിക്കുന്നു.
ഭാര്യയുടെ മരണത്തെ തുടര്‍ന്ന് വിവിധ വ്യക്തികളില്‍ നിന്ന് മാഞ്ചിക്ക് സാമ്പത്തിക സഹായം ലഭിച്ചിരുന്നു. ബഹ്റിന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലിഫ ഒന്‍പത് ലക്ഷം രൂപ നല്‍കിയിരുന്നു.
ഇപ്പോള്‍ ബാങ്കില്‍ അഞ്ച് വര്‍ഷ കാലാവധിയില്‍ വലിയ തുക സ്ഥിരനിക്ഷേപമുണ്ട്. സഞ്ചാരം ബൈക്കിലായി .വീട് പണിയും പുരോഗമിക്കുന്നു. പ്രധാനമന്ത്രി ഗ്രാമീണ്‍ ആവാസ് യോജന പദ്ധതിയില്‍ നിന്ന് വീട് നിര്‍മ്മാണത്തിന് മാഞ്ചിക്ക് സഹായം ലഭിച്ചിരുന്നു.
ഇതിനിടെ മാഞ്ചി ഒരു വിവാഹവും കഴിച്ചു. മൂന്ന് പെണ്‍മക്കളുടെ അച്ഛനായ മാഞ്ചി വീണ്ടും അച്ഛനാകാന്‍ ഒരുങ്ങുകയാണ്. സുലബ് ഇന്‍റര്‍നാഷണല്‍ ബാങ്ക് അക്കൗണ്ടിലെ സ്ഥിരനിക്ഷേപത്തില്‍ നിന്ന് പ്രതിമാസം പതിനായിരം രൂപ മാഞ്ചിയുടെ മകള്‍ ചാന്ദ്നിക്ക് ലഭിക്കുന്നുണ്ട്.


