ആഗ്ര: ഒാരം ചേര്‍ന്നു കിടക്കുന്ന നായയുടെ ശരീര ഭാഗത്തിനു മുകളിലൂടെ ഉത്തര്‍പ്രദേശ് പൊതുമരാമത്ത് വകുപ്പ് റോഡ് നിര്‍മിച്ചു. റോഡിനടിയില്‍ പെട്ടു പോയ ശരീരഭാഗം അനക്കാനാവാതെ നായ കിടന്നത് മണിക്കൂറുകളോളം. നായയുടെ പിന്‍കാലുകള്‍ പൂര്‍ണമായും റോഡിനടിയിലായി. ചുട്ടു പൊള്ളുന്ന ടാര്‍ നായയുടെ ദേഹത്ത് ചൊരിഞ്ഞുകൊണ്ടാണ് റോഡ് നിര്‍മാണം തകൃതിയായി നടന്നത്.
ആഗ്രയിലെ ഫതേഹബാദില്‍ ചൊവ്വാഴ്ച രാത്രിയിലാണ് മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത അരങ്ങേറിയത്. റോഡ് ടാറിങ് നടക്കുമ്പോള്‍ നായക്ക് ജീവനുണ്ടായിരുന്നെന്നും നായ വേദനകൊണ്ട് ഉറക്കെ ഒാരിയിട്ടിട്ടും നിര്‍മാണ തൊഴിലാളികള്‍ അത് അവഗണിച്ച് ജോലി തുടരുകയായിരുന്നെന്നും സമീപത്തെ വീട്ടുകാര്‍ പറഞ്ഞു. എന്നാല്‍ പ്രവൃത്തി നടന്നത് രാത്രിയായിരുന്നതിനാല്‍ തൊഴിലാളികള്‍ നായയെ കണ്ടിരുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

നായയുടെ കാലുകള്‍ റോഡിനടിയില്‍ മൂടിക്കിടക്കുന്ന അവസ്ഥയിലാണ് താന്‍ കണ്ടതെന്ന് ആക്ടിവിസ്റ്റായ ഗോവിന്ദ പരഷര്‍ പറഞ്ഞു. നിര്‍മ്മാണ കമ്പനിക്കെതിരേ പരാതി നല്‍കിയിരിക്കുകയാണ് അദ്ദേഹം. ‘എനിക്ക് വളരെയധികം വിഷമം തോന്നി. അതിനാല്‍ ഞങ്ങള്‍ നായയുടെ ജഡം റോഡു പൊളിച്ചെടുത്ത് സംസ്‌കരിച്ചു’. ഇനിയിത്തരമൊരു ക്രൂരത ചെയ്യാതിരിക്കാനാണ് അവര്‍ക്കെതിരേ പരാതി നല്‍കുന്നതെന്ന് പരഷര്‍ പറഞ്ഞു

