ഇത്രയും നാളും പാര്‍ട്ടിയെ കബളിപ്പിക്കുകയായിരുന്നോ, അതോ ഇപ്പോള്‍ വിശ്വാസികളെ പറ്റിക്കുകയാണോ? പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

പത്തനംതിട്ട: ഒന്നാം പിണറായി സര്‍ക്കാരില്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന മതിപ്പോ തൃപ്തിയോ രണ്ടാം പിണറായി സര്‍ക്കാരിന് ഉണ്ടാക്കാനായില്ലെന്ന് പത്തനംതിട്ട സി പി എം സമ്മേളനത്തില്‍ വിമര്‍ശനം.

സമ്മേളനത്തില്‍ ആഭ്യന്തര വകുപ്പിനെയും ചിലര്‍ വിമര്‍ശിച്ചു.

പൊലീസിലും സിവില്‍ സര്‍വീസിലും ആര്‍ എസ് എസ് കടന്നുകയറ്റമുണ്ടായെന്നാണ് വിമര്‍ശനം. പ്രവര്‍ത്തനത്തില്‍ ശ്രദ്ധ വേണമെന്നും സമ്മേളനം നിര്‍ദേശിച്ചു. വിവിധ വകുപ്പുകളുടെയും മന്ത്രിമാരുടെയും പ്രവര്‍ത്തനം സംബന്ധിച്ച വിലയിരുത്തലിലാണ് വിമര്‍ശനം.

അതേസമയം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ നേതാക്കള്‍ പ്രശംസിച്ചു. റിയാസ് മികച്ച പ്രവര്‍ത്തനമാണ് നടത്തിവരുന്നതെന്നാണ് സമ്മേളനത്തില്‍ അഭിപ്രായമുയര്‍ന്നത്.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അനന്തഗോപനെതിരെ പരോക്ഷ വിമര്‍ശനമുയര്‍ന്നു. ദേവസ്വം ബോര്‍ഡിലേക്ക് പാര്‍ട്ടി നേതാക്കളുടെ വരവിലും വിമര്‍ശനമുണ്ടായി. ശബരിമലയിലെത്തി ചില പാര്‍ട്ടി നേതാക്കള്‍ കുമ്ബിടുന്നത് നാട്ടുകാരെ കബളിപ്പിക്കാനാണെന്ന് ചിലര്‍ കുറ്റപ്പെടുത്തി.

പ്രസിഡന്റ് ആകുന്നതിന് മുമ്ബ് ക്ഷേത്രങ്ങളില്‍ പോകാത്തവര്‍ സ്ഥാനം കിട്ടി കഴിയുമ്ബോള്‍ കുറിയും തൊട്ട് തൊഴുത് നില്‍ക്കുന്നത് എന്ത് സന്ദേശം ആണ് നല്‍കുന്നതെന്ന് സമ്മേളനത്തില്‍ പ്രതിനിധികള്‍ ചോദിക്കുന്നു. ഇങ്ങനെയുള്ളവര്‍ ഇത്രയും നാളും പാര്‍ട്ടിയെ കബളിപ്പിക്കുകയായിരുന്നോ? അതോ ഇപ്പോള്‍ വിശ്വാസികളെ പറ്റിക്കുകയാണോ എന്ന് വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

prp

Leave a Reply

*