പുതിയ കക്ഷികള്‍ക്ക്‌ കൂടുതല്‍ സീറ്റുകള്‍ വിട്ടുനല്‍കാന്‍ സിപിഎം തീരുമാനം

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനുപിന്നാലെ മുന്നണികളെല്ലാം സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളിലാണ്. മാര്‍ച്ച്‌ 10-ാം തീയതിക്കുളളില്‍ സിപിഎം സ്ഥാനാര്‍ഥികളെ സംബന്ധിച്ച ഏകദേശ ധാരണയുണ്ടാക്കാമെന്ന തീരുമാനത്തിലാണ് സംസ്ഥാന സെക്രട്ടറിയേറ്റ്. മാര്‍ച്ച്‌ ഒന്നാം തീയതി മുതല്‍ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. 4, 5 തീയതികളിലായി സംസ്ഥാന കമ്മിറ്റി ചേരും. ഇന്നു ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.

എല്‍ഡിഎഫിലെ പുതിയ കക്ഷികള്‍ക്ക് സിപിഎം കൂടുതല്‍ സീറ്റുകള്‍ വിട്ടു നല്‍കാനും ഘടകക്ഷികളില്‍ നിന്ന് കൂടുതല്‍ സീറ്റ് ഏറ്റെടുക്കേണ്ടതില്ലെന്നും തീരുമാനമായിട്ടുണ്ട്. സിപിഐയില്‍ നിന്നടക്കം കൂടുതല്‍ സീറ്റുകള്‍ എടുക്കില്ല. എന്നാല്‍ ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ സീറ്റുകള്‍ ഏറ്റെടുത്തേക്കും.

ഇത്തവണ സിപിഎമ്മും സിപിഐയും തമ്മില്‍ പല സീറ്റുകളും വച്ചുമാറിയേക്കും. വിട്ടുവീഴ്‌ചയ്‌ക്ക് തയാറാണെന്ന് സിപിഐ അടക്കം വ്യക്തമാക്കിയിട്ടുണ്ട്. കേരള കോണ്‍ഗ്രസ് എമ്മിന് എത്ര സീറ്റ് നല്‍കുമെന്നത് ശ്രദ്ധേയമാകും. കാഞ്ഞിരപ്പള്ളി സീറ്റ് വിട്ടുനല്‍കാന്‍ സിപിഐ സന്നദ്ധത അറിയിച്ചിട്ടുണ്ട്. തൃശൂര്‍ സീറ്റ് സിപിഎമ്മിനും മണലൂര്‍ സിപിഐയ്‌ക്കും നല്‍കാനും സാധ്യതയുണ്ട്. വിജയസാധ്യത പരിഗണിച്ച്‌ ചില സീറ്റുകള്‍ പരസ്‌പരം വച്ചുമാറാനാണ് മുന്നണിയില്‍ ആലോചന നടക്കുന്നത്.

സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി മടങ്ങിയെത്തിയേക്കും

എല്‍ഡിഎഫില്‍ പുതുതായി എത്തിയ കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗം, എല്‍ജെഡി തുടങ്ങിയ കക്ഷികള്‍ക്ക് സിപിഎമ്മിന്റെ അക്കൗണ്ടില്‍ നിന്ന് സീറ്റുകള്‍ വിട്ടുനല്‍കാനാണ് തീരുമാനം. അങ്ങനെയെങ്കില്‍ എട്ടോ ഒമ്ബതോ സീറ്റുകളില്‍ സിപിഎമ്മിന് വിട്ടുവീഴ്ച ചെയ്യേണ്ടി വരും.

കേരളത്തില്‍ ഏപ്രില്‍ ആറിനാണ് വോട്ടെടുപ്പ്. ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്. തിരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച്‌ 12നു പുറത്തിറങ്ങും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി മാര്‍ച്ച്‌ 19. സൂക്ഷ്മ പരിശോധന 20ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി 22നാണ്. വോട്ടെണ്ണല്‍ മേയ് രണ്ടിന്. മലപ്പുറം ഉപതിരഞ്ഞെടുപ്പും ഏപ്രില്‍ 6 ന് നടക്കും.

prp

Leave a Reply

*