അഹമദാബാദ്: കൊവിഡ് കേസുകള്‍ കുറയാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് ഗുജറാത്തില്‍ വന്‍ ഇളവുകള്‍ നല്‍കി സര്‍ക്കാര്‍. മുഖ്യമന്ത്രി വിജയ് രുപാനി അദ്ധ്യക്ഷനായ കോര്‍ കമ്മിറ്റിയാണ് സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കാന്‍ തീരുമാനിച്ചത്. രാത്രി 10 മുതല്‍ 6 വരെയുള്ള കര്‍ഫ്യൂ സമയം ഒരു മണിക്കൂര്‍ കുറച്ച് രാത്രി 11 മുതല്‍ വെളുപ്പിന് 6 വരെ ആക്കിയിട്ടുണ്ട്. അഹമ്മദാബാദ്, വഡോദര, സൂറത്ത് ഉള്‍പ്പെടെ എട്ട് ജില്ലകളിലാണ് രാത്രി കര്‍ഫ്യൂ നിലവിലുണ്ടായിരുന്നത്. നാളെ മുതലാണ് കര്‍ഫ്യൂ നിയന്ത്രണങ്ങളില്‍ പരിഷ്കാരം വരുന്നത്.
ഇതു കൂടാതെ പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ സാധിക്കുന്നവരുടെ എണ്ണം 400 ആയി ഉയര്‍ത്തിയിട്ടുണ്ട്. തുറസ്സായ സ്ഥലങ്ങളില്‍ സംഘടിപ്പിക്കുന്ന പരിപാടികളിലാണ് 400 പേര്‍ക്ക് പങ്കെടുക്കാന്‍ സാധിക്കുക. കൂടാതെ ഹോട്ടലുകള്‍ക്ക് രാത്രി 10 മണി വരെ പ്രവര്‍ത്തിക്കാനുള്ള അനുവാദവും നല്‍കിയിട്ടുണ്ട്. അടച്ചിട്ട ഹാളുകളില്‍ നടത്തുന്ന പരിപാടികള്‍ക്ക് സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം വരെ ആളുകളെ പങ്കെടുപ്പിക്കാനുള്ള അനുവാദവും സംസ്ഥാനം നല്‍കിയിട്ടുണ്ട്. കൂടാതെ അടുത്ത് നടക്കുന്ന ഗണേശോത്സവത്തില്‍ നാല് അടി വരെയുള്ള പ്രതിമകള്‍ ഉണ്ടാക്കാനുള്ള അനുവാദവും നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറില്‍ 21 കൊവിഡ് കേസുകള്‍ മാത്രമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 8,24,850 കൊവിഡ് രോഗികളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. കഴിഞ്ഞ 12 ദിവസമായി സംസ്ഥാനത്ത് കൊവിഡ് മരണങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

