ഫാഷിസ്റ്റ് വിരുദ്ധ ജനപക്ഷ രാഷ്ട്രീയ ചേരി ശക്തിപ്പെടുത്തും -റസാഖ് പാലേരി

പരമ്ബരാഗത പാര്‍ട്ടികളുടെത് വഞ്ചനാപരമായ നിലപാട്

ഹിന്ദുത്വ ഫാഷിസം, സവര്‍ണ മേല്‍ക്കോയ്മ, കോര്‍പറേറ്റ് വാഴ്ച, ഭരണകൂട ഭീകരത, ഭരണകൂടങ്ങളുടെ ജനവിരുദ്ധ നയങ്ങള്‍ എന്നിവയുടെ ഇരകളെ ചേര്‍ത്തുപിടിച്ച്‌ ശക്തമായ രാഷ്ട്രീയ ചേരി കെട്ടിപ്പടുക്കേണ്ടതുണ്ട്.

മുസ്‍ലിംകള്‍, ദലിതര്‍, ആദിവാസികള്‍, ക്രൈസ്തവര്‍, ദലിത് ക്രൈസ്തവര്‍, പിന്നാക്ക ഹിന്ദുക്കള്‍, സ്ത്രീകള്‍, തീരദേശ ജനത, ഭൂരഹിതര്‍, കര്‍ഷകര്‍, തൊഴിലാളികള്‍ തുടങ്ങി നീതി നിഷേധിക്കപ്പെടുന്ന ജനസമൂഹങ്ങളുടെ സാമൂഹിക പദവിയും അവകാശവും അധികാര പങ്കാളിത്തവും സത്യസന്ധമായി ഉയര്‍ത്തുന്ന രാഷ്ട്രീയ മുന്നേറ്റത്തിന് വെല്‍ഫെയര്‍ പാര്‍ട്ടി നേതൃത്വം നല്‍കും. പരമ്ബരാഗത പാര്‍ട്ടികള്‍ ഇത്തരം ജനതകളോട് വഞ്ചനാപരമായ നിലപാടാണ് സ്വീകരിക്കുന്നത്. ഹിന്ദുത്വ ഫാഷിസത്തെ പരാജയപ്പെടുത്താന്‍ കഴിയുന്ന കൃത്യമായ ഒരു പദ്ധതിയും പരമ്ബരാഗത രാഷ്ട്രീയ കക്ഷികള്‍ മുന്നോട്ടുവെക്കുന്നില്ല.

ഹിന്ദുത്വ ഫാഷിസം, കോര്‍പറേറ്റ് ആധിപത്യം, വംശീയ മേധാവിത്വം, സവര്‍ണ മേല്‍ക്കോയ്മ, ഭരണകൂട ഭീകരത, ജനവിരുദ്ധ ഭരണസമീപനം എന്നിവക്കെതിരായ നവ ജനാധിപത്യത്തില്‍ അടിയുറച്ച ജനപക്ഷ രാഷ്ട്രീയ ചേരി രൂപപ്പെടുത്തിയാല്‍ മാത്രമേ ഇത്തരം ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ കഴിയൂ.

കോര്‍പറേറ്റ്-ഭരണകൂട അച്ചുതണ്ട് ശക്തം

കോര്‍പറേറ്റുകളുടെ സാമ്ബത്തിക താല്‍പര്യം ആണ് ഭരണകൂടങ്ങള്‍ നടപ്പാക്കുന്നത്. അദാനിയെപോലുള്ള മുതലാളിമാര്‍ പൊതുസമ്ബത്ത് കൊള്ളയടിച്ച്‌ തടിച്ചുകൊഴുത്തവരാണ്. ചങ്ങാത്ത മുതലാളിത്തത്തിലൂടെ നേടിയെടുത്ത കൃത്രിമ സമ്ബന്നതയാണ് ഇത്തരം മുതലാളിമാര്‍ക്കുള്ളത്. കള്ളക്കണക്കുകള്‍ കാണിച്ചും പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് വായ്പ എടുത്തും നേടിയെടുത്ത സമ്ബന്ന സാമ്രാജ്യം ശീട്ടുകൊട്ടാരം പോലെ തകരുന്നതാണ് കാണുന്നത്. ഇത്തരം മുതലാളിമാരുടെ തകര്‍ച്ചയുടെ ഭാരം കൂടി ജനങ്ങളുടെ മേലാണ് വന്നു പതിക്കുന്നത്.

ഇത്തരം സമീപനങ്ങള്‍ക്കെതിരെ ജനകീയ മുന്നേറ്റം അനിവാര്യമാണ് കോര്‍പറേറ്റ് സാമ്ബത്തിക ഘടനക്ക് വിധേയരായ പരമ്ബരാഗത പാര്‍ട്ടികള്‍ക്ക് ഇത് സാധ്യമല്ല. കോര്‍പറേറ്റ് – ഭരണകൂട അച്ചുതണ്ടിനെതിരെ ജനകീയ സമരം അനിവാര്യമാണ്.

സവര്‍ണ സംവരണം റദ്ദ് ചെയ്യപ്പെടണം

സവര്‍ണ സംവരണ വാദികളുടെ സ്വാധീനത്തിന് കീഴ്പ്പെട്ട കക്ഷികളില്‍ നിന്ന് സംവരണ സമൂഹങ്ങള്‍ക്ക് ഒരുതരത്തിലുള്ള ന്യായവും നീതിയും ലഭിക്കുകയില്ല. ദലിതര്‍ക്കും ആദിവാസികള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും അര്‍ഹമായ രാഷ്ട്രീയ -ഭരണ ഉദ്യോഗ -പ്രാതിനിധ്യം നേടിയെടുക്കാന്‍ പുതിയ രാഷ്ട്രീയമുന്നേറ്റം കൊണ്ട് മാത്രമേ സാധ്യമാകൂ. സവര്‍ണ സംവരണം ആദ്യം നടപ്പാക്കിയ സംസ്ഥാനം കേരളമാണ്.

ഇത് സാമൂഹികനീതിക്കെതിരാണ്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം എല്ലാ രംഗത്തും ലഭ്യമാകണം. സവര്‍ണ സംവരണം റദ്ദ് ചെയ്യപ്പെടണം. സംവരണ സമൂഹങ്ങള്‍ക്ക് ജനസംഖ്യാനുപാതിക സംവരണം ലഭ്യമാകേണ്ടതുണ്ട്. സര്‍ക്കാര്‍ ശമ്ബളം നല്‍കുന്ന എല്ലാ സംവിധാനങ്ങളിലെയും സ്ഥാപനങ്ങളിലെയും നിയമനം സംവരണം ബാധകമാക്കി പി.എസ്.സിക്ക് വിടണം. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനം പി.എസ്.സിക്ക് കൈമാറണം. സ്വകാര്യ മേഖലയിലും സംവരണം ബാധകമാക്കണം.

അനീതിയും വിവേചനവും തുടരുന്നു

ഭൂ ഉടമസ്ഥതയില്‍ സംസ്ഥാനത്ത് കടുത്ത അനീതിയും വിവേചനവും ആണ് നിലനില്‍ക്കുന്നത്. നാല്‍പതിനായിരത്തിലധികം കോളനികളില്‍ നരക ജീവിതം നയിക്കുകയാണ് കേരളത്തിലെ ദലിതര്‍. മറ്റ് വിഭാഗങ്ങളിലും ഭൂരഹിതര്‍ ധാരാളമായി ഉണ്ട്. ഇത്തരം ജനവിഭാഗങ്ങളുടെ ഭൂ ഉടമസ്ഥത അംഗീകരിക്കാന്‍ സര്‍ക്കാറുകള്‍ തയാറാകുന്നില്ല. തീരദേശ ജനത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അവരുടെ പ്രക്ഷോഭങ്ങളെ തീവ്രവാദ മുദ്ര ചാര്‍ത്തി ഇല്ലാതാക്കാന്‍ ഭരണകൂടം ശ്രമിക്കുന്നു. സ്ത്രീകളുടെ സാമൂഹിക പദവി, സുരക്ഷ, ഭരണ-അധികാര പങ്കാളിത്തം എന്നിവയില്‍ നീതിപൂര്‍വ സമീപനം ഉണ്ടായിട്ടില്ല. വനിതാ സംവരണത്തില്‍ ഇതുവരെയും തീരുമാനമെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

തൊഴിലില്ലായ്മ കൂടി, പരിസ്ഥിതി തകര്‍ന്നു

രാജ്യത്തും സംസ്ഥാനത്തും തൊഴിലില്ലായ്മ വര്‍ധിക്കുകയാണ്. തൊഴില്‍ നിയമങ്ങള്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുന്നു. തൊഴില്‍ സമരങ്ങള്‍ പോലും അനുവദിക്കാത്ത സാഹചര്യമാണ് രൂപപ്പെടുന്നത്. കോര്‍പറേറ്റ് സാമ്ബത്തിക വ്യവസ്ഥക്കു പകരം ജനപക്ഷ സാമ്ബത്തിക സമീപനം ഉയര്‍ത്തിക്കൊണ്ടു വരുന്നതിനും തൊഴിലാളികളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും ജനകീയ ഇടപെടലുകളും പ്രക്ഷോഭങ്ങളും രൂപപ്പെടണം.

കേരളത്തിന്റെ സവിശേഷതയായ പരിസ്ഥിതി തകര്‍ന്നുകൊണ്ടിരിക്കുകയാണ്. പരിസ്ഥിതിക്ക് ഒട്ടും പ്രാധാന്യം കൊടുക്കാത്ത വികസന നയമാണ് പിന്തുടരുന്നത്. കെ.റെയില്‍ ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

prp

Leave a Reply

*