കൈക്കൂലി കണ്ടെടുക്കാന്‍ ബെവ്കോ ജീവനക്കാരുടെ ബാഗില്‍ കൈയിട്ട വിജിലന്‍സ് സംഘത്തിന് കിട്ടിയത്

കണ്ണൂര്‍: കൈക്കൂലിയും അഴിമതിയും കണ്ടെത്താന്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന സാധാരണമാണ്.

എന്നാല്‍ കൈക്കൂലി വാങ്ങുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ബിവറേജസ് ഔട്ട് ലെറ്റുകളില്‍ എത്തിയ വിജിലന്‍സ് സംഘത്തിന് അറിയാന്‍ കഴിഞ്ഞത് ഞെട്ടിക്കുന്ന വിവരം. മറ്റ് സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി മോശമല്ലാത്ത വരുമാനമുണ്ടെങ്കിലും ബിവറേജസ് കോര്‍പറേഷന്‍ ജീവനക്കാര്‍ കടുത്ത മാനസികസമ്മര്‍ദ്ദത്തിന് അടിപ്പെടുന്നുവെന്ന വിവരമാണ് വിജിലന്‍സ് സംഘത്തിന് ലഭിച്ചത്.

കൈക്കൂലിക്കാരെ കുടുക്കാന്‍ രണ്ടാഴ്ച മുന്‍പായിരുന്നു കണ്ണൂര്‍ ജില്ലയിലെ ചില ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ വിജിലന്‍സ് പരിശോധന നടത്തിയത്. ജീവനക്കാരുടെ ബാഗുകളില്‍ കൈയിട്ട വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പ്രതീക്ഷിച്ചതിന് പകരം മാനസിക പിരിമുറുക്കം കുറയ്ക്കാനുള്ള മരുന്നുകളാണ് കണ്ടെടുത്തത്. ഒരു സ്ഥാപനത്തിലെ മുഴുവന്‍ ജീവനക്കാര്‍ക്കും സമാനമായ പിരിമുറുക്കം ഉണ്ടാകുന്നുവെന്നാണ് കണ്ടെത്തല്‍.

രാവിലെ 9.30 മുതല്‍ രാത്രി 9 വരെ കോടിക്കണക്കിന് രൂപയുടെ ഇടപാട് നടത്തുന്നവര്‍ക്ക് മാനസിക സംഘര്‍ഷം ഉണ്ടാകുന്നത് സ്വാഭാവികമാണെങ്കിലും അതിന്റെ തോത് ഭയാനകമാണെന്നാണ് കണ്ടെത്തല്‍. സംഭവം ശ്രദ്ധയില്‍പെട്ടതിന് പിന്നാലെ തൊഴിലാളികളുടെ കുടുംബസംഗമം സംഘടിപ്പിച്ച്‌ സമ്മര്‍ദം കുറക്കാനുള്ള സാഹചര്യം ഒഴിവാക്കാന്‍ കോര്‍പറേഷന്‍ മുന്‍കൈയെടുത്തു.

ഇതിന് മുന്‍പൊന്നും ഇത്തരമൊരു സംഗമം കോര്‍പറേഷന്റെ നേതൃത്വത്തില്‍ നടന്നിരുന്നില്ല. പ്രശ്നത്തിന് ഇത് പരിഹാരമാകില്ലെങ്കിലും കോര്‍പറേഷന്‍ അനുഭാവപൂര്‍വം വിഷയം പരിഗണിക്കുന്നുവെന്ന പ്രതീതിയുളവാക്കാന്‍ കുടുംബസംഗമത്തിന് സാധിച്ചുവെന്ന് തൊഴിലാളികളും പറഞ്ഞു.

prp

Leave a Reply

*