കൊറോണ അറിവിന്റെ കുത്തക കച്ചവടവും പൊളിയ്ക്കുന്നു: സൗജന്യങ്ങളുമായി പ്രസാധകരും മ്യൂസിയങ്ങളും

കൊച്ചി > അറിവ് കുത്തകയാക്കി പണം കൊയ്യുന്ന മുതലാളിത്ത രാജ്യങ്ങളിലെ അന്താരാഷ്ട്ര മ്യൂസിയങ്ങളും ലൈബ്രറികളും പ്രസാധകരും സാവധാനം കടുംപിടുത്തം വിടുന്നു.കൊറോണയില്‍ കുടുങ്ങിയതോടെയാണ് പണം കൊടുത്തല്‍ മാത്രം നല്‍കിയിരുന്ന സംവിധാനങ്ങള്‍ സൗജന്യമായി ഇന്റര്‍നെറ്റിലൂടെ ജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ പല അന്താരാഷ്ട്ര ലൈബ്രറികളും മ്യൂസിയങ്ങളും തയ്യാറാകുന്നത്.കൊറോണ മൂലം സന്ദര്‍ശകര്‍ക്ക് നേരിട്ട് ഇപ്പോള്‍ ഇവിടങ്ങളില്‍ പ്രവേശനമില്ല. നെതര്‍ലണ്ട്സില്‍ ആംസ്റ്റര്‍ഡാമിലെ വാന്‍ഗോഗ് മ്യൂസിയം ഇങ്ങനെ ഇപ്പോള്‍ തുറന്നിട്ടുണ്ട്. ഇന്റര്‍നെറ്റില്‍ സൗജന്യമായി മ്യൂസിയം സന്ദര്‍ശിക്കാം.കൊറോണ ബാധ നിയന്ത്രണാതീതമായതിനാല്‍ ഏപ്രില്‍ ആറുവരെ മ്യൂസിയം അടച്ചിരിക്കുകയാണ്.തുടര്‍ന്നാണ് ഇന്റര്‍നെറ്റില്‍ സൗജന്യമായി ലഭ്യമാക്കിയത്.കുട്ടികള്‍ക്ക് പ്രയോജനപ്പെടുന്ന വിധമാണ് ഇന്റര്‍നെറ്റില്‍ മ്യൂസിയത്തിലെ വിഭവങ്ങള്‍ ലഭിക്കുന്നത് . ബ്രിട്ടനില്‍ കേംബ്രിഡ്ജ് സര്‍വകലാശാല പ്രസ് (Cambridge University Press) ഉയര്‍ന്ന ക്ളാസ്സുകളിലേക്കുള്ള 700 പുസ്തകങ്ങളാണ് ഓണ്‍ലൈനില്‍ സൗജന്യമായി ലഭ്യമാക്കുന്നത് . ഇത് മെയ്മാസം വരെയാണെന്ന് അറിയിപ്പുണ്ട്. മറ്റ് സ്ഥാപനങ്ങളും ഈ വഴിയ്ക്ക് തിരിഞ്ഞേക്കുമെന്നു കരുതപ്പെടുന്നു. സ്വകാര്യവല്‍ക്കരണം ആരോഗ്യസേവനത്തിനു തടസ്സമായി എന്ന് കണ്ടെത്തി സ്പെയിന്‍ തല്‍ക്കാലത്തേക്ക് ആരോഗ്യ മേഖല ദേശസാല്‍ക്കരിച്ചതും ഫ്രാന്‍സില്‍ വലിയ കമ്ബനികള്‍ പോലും ദേശസാല്‍ക്കരിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനവും ചര്‍ച്ചയാകുന്നതിനിടയില്‍ അറിവിന്റെ കുത്തക കൈവിടാനും സ്ഥാപനങ്ങള്‍ തയ്യാറാകുന്നത് ലോക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്.

prp

Leave a Reply

*