ത്രിപുര പിടിച്ചടക്കി ഡല്‍ഹിയിലേക്കു മാര്‍ച്ച് ചെയ്യാന്‍ കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും തീരുമാനിച്ചതോടെ കാര്യങ്ങള്‍ കലങ്ങിമറിയുകയാണ്.
ഒട്ടും പ്രതീക്ഷിക്കാത്ത നീക്കത്തിനു മുന്നില്‍ പകച്ചുനില്ക്കുകയാണ് പരിവാറുകാര്‍. ഭാരത്‌ജോഡോ യാത്ര പൂര്‍ത്തിയാക്കിയപ്പോഴേക്കും രാഹുല്‍ സമ്ബൂര്‍ണ സോഷ്യലിസ്റ്റ് ആയെന്ന് സി.പി.എമ്മിന് ഏറെക്കുറെ ബോദ്ധ്യമായി. എന്തെങ്കിലും കുറവുകളുണ്ടെങ്കില്‍ ‘സ്റ്റെഡി’ ക്ലാസുകളിലൂടെ ശരിയാക്കിയെടുക്കാം. ഇനി കാര്യങ്ങള്‍ എളുപ്പമാണ്. അടുത്ത തിരഞ്ഞെടുപ്പോടെ രാജ്യത്ത്, ഗോമാതാക്കളുടെ ഐശ്വര്യമുള്ള അമറലിനു പകരം ചുവപ്പന്‍ മുദ്രാവാക്യം മുഴങ്ങും. ചെങ്കോട്ടയില്‍ ഉദിക്കുന്ന ചുവപ്പന്‍ നക്ഷത്രം മഴ നനയാതിരിക്കാന്‍ തൊട്ടുമുകളില്‍ കോണ്‍ഗ്രസിന്റെ ത്രിവര്‍ണപതാകയുണ്ടാകുമെന്നും ഉറപ്പിക്കാം. അങ്ങുമിങ്ങുമില്ലാതെ ചാഞ്ചാടി നില്ക്കുന്ന പാര്‍ട്ടികളും സഖ്യത്തില്‍ ചേരുമെന്നുറപ്പ്.
നല്ല സാമ്ബാറിന് കഷണങ്ങള്‍ പലതാകാം. സത്യത്തില്‍, എന്താണ് ഐക്യമെന്നും അതിന്റെ രുചിയും ഗുണവും എന്താണെന്നും സിമ്ബിളായി പറഞ്ഞുതരുന്ന വിദ്വാനാണ് സാക്ഷാല്‍ സാമ്ബാര്‍. വീട്ടുമുറ്റത്തെ മുരിങ്ങക്കയും കോവയ്ക്കയും മുതല്‍ വടക്കന്മാരുടെ മുള്ളങ്കിയും പൊണ്ണന്‍ മുളകും വരെ സാമ്ബാര്‍ സഖ്യത്തില്‍ ഭായി-ഭായി ആണ്. സകലമാന പച്ചക്കറികളും സ്‌ഫോടനാത്മകമായ പരിപ്പും ചേര്‍ന്ന സാമ്ബാര്‍ സൂപ്പാണെന്ന് സായിപ്പന്മാര്‍ വരെ പറഞ്ഞിട്ടുമുണ്ട്. 2014 മുതല്‍ വല്ലാതെ ക്ഷീണിച്ചുപോയ ഇന്ത്യക്ക് ഇപ്പോഴത്തെ അവസ്ഥയില്‍ നല്ലൊരു സൂപ്പ് ആവശ്യമാണ്. ആ സൂപ്പാണ് പലവിധ ആശയങ്ങളും കൊടികളും ചേര്‍ന്ന സഖ്യം. നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തില്‍ അധിഷ്ഠിതമാണ് ഈ സഖ്യമെന്നും തിരിച്ചറിയണം.
സോഷ്യലിസ്റ്റ് പാര്‍ട്ടിയായ കോണ്‍ഗ്രസും സോഷ്യലിസത്തിന്റെ അവസാനരൂപമായ കമ്മ്യൂണിസവും ഒന്നാകണമെന്ന് പല ചിന്തകന്‍മാരും കാലങ്ങളായി ആഗ്രഹിക്കുന്നതാണെങ്കിലും സാധിച്ചിരുന്നില്ല. ശുദ്ധഹൃദയനായ രാഹുല്‍ജി ഇത്രപെട്ടെന്ന് സടകുടഞ്ഞ് എഴുന്നേല്‍ക്കണമെങ്കില്‍ ഒരു ബുദ്ധിരാക്ഷസന്‍ പിന്നിലുണ്ടാകുമെന്ന് ഉറപ്പാണ്. പരിവാറുകാര്‍ പ്രശ്‌നംവച്ചു നോക്കിയിട്ടും തീവ്രമായ ആ അദൃശ്യസാന്നിദ്ധ്യം തിരിച്ചറിയാന്‍ പി.കെ.ശ്രീമതി ടീച്ചറുടെ നേതൃത്വത്തിലുള്ള ജഡ്ജിംഗ് കമ്മിറ്റി ആഞ്ഞു ശ്രമിച്ചിട്ടും കഴിയാതിരുന്നപ്പോഴാണ് ആ വിദ്വാന്‍ പെട്ടെന്നു ചിത്രത്തിലേക്കു കടന്നുവന്നത്. മറ്റാരുമല്ല, ഗണിതശാസ്ത്രത്തിലും രാഷ്ട്രീയ ഗണിതത്തിലും അതിവിരുതനായ കെ.സി. വേണുഗോപാല്‍ എന്ന വേണുജി.
വേണുജിയുടെ അപാര സൂത്രങ്ങള്‍
ഭാരത്‌ജോഡോ യാത്രയുടെ വന്‍വിജയത്തിനുശേഷം ഹാത് സേ ഹാത് ജോഡോ പരിപാടി നടത്താനാണ് പരിപാടി. ഇതിന്റെയെല്ലാം മുഖ്യസൂത്രധാരന്‍ വേണുജിയാണെന്നുറപ്പ്. ഓരോ വീട്ടിലുമെത്തി ‘കൊടുകൈ” എന്നു പറഞ്ഞ് വോട്ട് ഉറപ്പിക്കുന്ന പരിപാടിയാണിത്. ഹസ്തദാനത്തിലൂടെ പ്രവഹിക്കുന്ന കാന്തികതരംഗങ്ങള്‍ക്ക് ആരുടെയും മനസ് മാറ്റാനുള്ള പവറുണ്ടെന്ന് മനഃശാസ്ത്രജ്ഞന്മാര്‍ പറഞ്ഞിട്ടുണ്ട്. പരിവാറുകാര്‍ ആളുകളെ കെട്ടിപ്പിടിച്ച് ചെവിയില്‍ വോട്ട് ചോദിക്കുമ്ബോള്‍ നമ്മള്‍ കൈനീട്ടി ഈസിയായി വോട്ടുവാങ്ങും. എല്ലാം മുന്‍കൂട്ടി ഹരിച്ചും ഗുണിച്ചും കൂട്ടിയും കുറച്ചും കണ്ടെത്തുന്ന വേണുജിയുടെ അപാര ദീര്‍ഘവീക്ഷണം കര്‍ണാടകയില്‍ പണ്ടേ തെളിഞ്ഞതാണ്. തിരഞ്ഞെടുപ്പില്‍ ഒന്നാമതെത്തിയ ബി.ജെ.പി ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷമില്ലാതെ അന്തംവിട്ടു നിന്നപ്പോഴായിരുന്നു വേണുജിയുടെ പൂഴിക്കടകന്‍. മൂന്നാം സ്ഥാനത്ത് ഒതുങ്ങിയതോടെ സിനിമാ പിടിത്തവുമായി ഇറങ്ങാനിരുന്ന കുമാരസ്വാമിയോട്, മുഖ്യമന്ത്രിയാകുന്നോ എന്ന ഒറ്റ ചോദ്യമായിരുന്നു. ഫ്രീയായി കിട്ടിയ പിന്തുണ കണ്ട് സ്വാമി മാത്രമല്ല, അദ്ദേഹത്തിന്റെ പിതാശ്രീയും മുന്‍ പ്രധാനമന്ത്രിയുമായ ദേവഗൗഡാജിയും സന്തോഷംകൊണ്ടു പൊട്ടിക്കരഞ്ഞുപോയി. ഇതോടെ, കര്‍ണാടക കോണ്‍ഗ്രസിലെ വലിയ പുലിയായ ഡി.കെ.ശിവകുമാര്‍ എന്ന ശിവണ്ണന്റെ ഫ്യൂസ് പോയി. ഭൂരിപക്ഷത്തില്‍ രണ്ടാം സ്ഥാനത്തെത്തിയ കോണ്‍ഗ്രസ് നടത്തിയ മര്‍മ്മാണി പ്രയോഗത്തില്‍ ബി.ജെ.പിയുടെ ആസ്ഥാന ഗുസ്തി ആശാനായ യെദിയൂരപ്പ നടുവും തല്ലിയാണ് വീണത്.
കണ്ടാല്‍ പാവത്താനായ വേണുജിയുടെ മാരക പ്രഹരശേഷി അന്നാണ് സകലരും അറിഞ്ഞത്.
കോണ്‍ഗ്രസിനെ മുഖ്യശത്രുവായാണ് സി.പി.എം കാണുന്നതെങ്കിലും കോണ്‍ഗ്രസിന് അങ്ങനെയല്ലെന്നു വൈകാരികമായി വേണുജി പ്രഖ്യാപിച്ചതോടെ സഖാക്കളുടെ എല്ലാ പിണക്കവും മാറിയിരിക്കുകയാണ്. നെഹ്‌റുവിന്റെ കാലഘട്ടത്തിലേക്ക് കോണ്‍ഗ്രസ് മടങ്ങുന്നതിന്റെ സൂചനയാണിതെന്ന് പാര്‍ട്ടി സൈദ്ധാന്തികര്‍ വിലയിരുത്തുന്നു. മുതലാളിത്ത രാജ്യമായ ബ്രിട്ടനിലാണ് പണ്ഡിറ്റ്ജി പഠിച്ചതെങ്കിലും ചൈനീസ് നേതാക്കള്‍ അദ്ദേഹത്തിന്റെ ചങ്കായിരുന്നുവെന്നും ആ ലൈനിലാണ് രാഹുലിന്റെ പോക്കെന്നും കൊച്ചുസഖാക്കള്‍ക്കും മനസിലായിത്തുടങ്ങി.
ഇത്തിരി വട്ടത്തില്‍ ഒത്തിരി സത്യങ്ങള്‍
പണ്ടത്തെ ബംഗാളിലെ കമ്മ്യൂണിസ്റ്റുകാരാണ് കേരളത്തിലെ ഇപ്പോഴത്തെ ആസ്ഥാന പൊറോട്ടയടിക്കാര്‍ എന്ന് ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നത് കോണ്‍ഗ്രസുകാര്‍ ഇനിമുതല്‍ മാറ്റിപ്പറയുമല്ലോ എന്നാണ് സഖാക്കളുടെ ആശ്വാസം. തൃണമൂലുകാരുടെ തല്ലുകൊണ്ട് നില്‍ക്കക്കള്ളി ഇല്ലാതായപ്പോള്‍ കമ്മ്യൂണിസ്റ്റ് തലസ്ഥാനമായ കേരളത്തിലേക്ക് കൂട്ടത്തോടെ വണ്ടികയറി എന്നത് സത്യമാണ്. പക്ഷേ, അവര്‍ക്കു പൊറോട്ടയടി അത്ര പരിചിതമായിരുന്നില്ല. പിന്നീടാണ്, പീഡനങ്ങളെ അതിജീവിച്ച കമ്മ്യൂണിസ്റ്റുകാരനും പൊറോട്ടയും തമ്മിലുള്ള അന്തര്‍ധാര മനസിലായത്. ഒരുപാട് പീഡനങ്ങള്‍ അനുഭവിച്ചവരാണ് കമ്മ്യൂണിസ്റ്റുകാരെങ്കില്‍ പൊറോട്ടയും അങ്ങനെതന്നെ. മാവ് കുഴയ്ക്കുമ്ബോള്‍ മുതല്‍ അതിഭീകരമായ മര്‍ദ്ദനമാണ് നടക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. ഇടിച്ചുകുഴച്ച് മലര്‍ത്തിയടിച്ച് കുറേനേരം മൂടിപ്പൊതിഞ്ഞുവച്ചശേഷം വീണ്ടും തുടങ്ങുന്നു, പരാക്രമങ്ങള്‍. ഒടുവില്‍, ചൂടുകല്ലില്‍ നിന്ന് പുറത്തെടുത്തശേഷവും അടിയോടടി. പരിണാമത്തിന്റെ ഓരോ ഘട്ടത്തിലും മര്‍ദനത്തിനിരയാകുന്ന പൊറോട്ട, പരിപ്പുവടയേക്കാള്‍ ശ്രേഷ്ഠനാണ്. തിരിച്ചറിയാന്‍ വൈകിയെന്നു മാത്രം. ഒരുപാട് അനുഭവങ്ങളിലൂടെ കടന്നുവരുന്ന പൊറോട്ട അതീവ രുചികരമാകുന്നതുപോലെയാണ് കമ്മ്യൂണിസം. അറിയുംതോറും കൂടുതല്‍ അറിയാന്‍ തോന്നുന്ന അപൂര്‍വ പ്രതിഭാസം.
പൊറോട്ടയെക്കുറിച്ച് ആഴത്തില്‍ പഠിച്ചതോടെയാണ് ബംഗാളികള്‍ പാചകത്തിലേക്കു തിരിഞ്ഞത്. കിഴങ്ങുകറിയോടും കാളയിറച്ചിയോടുമെല്ലാം സഖ്യപ്പെടുന്ന ജനകീയനാണ് പൊറോട്ടയെന്നും അവര്‍ക്കു മനസിലായി. ഒന്നുമില്ലെങ്കില്‍, മലബാര്‍ സ്റ്റൈലില്‍ ലേശം പാലുംവെള്ളം തളിച്ച് കുഴച്ചും തട്ടാം.
കേരളാ റബറില്‍ ത്രിപുര ഒട്ടി
ത്രിപുരയില്‍ കമ്മ്യൂണിസ്റ്റുകാരുടെ പിടി അയഞ്ഞിട്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ ഉറപ്പിച്ചു പറഞ്ഞ സ്ഥിതിക്ക് ഒന്നും പേടിക്കാനില്ല. കമ്മ്യൂണിസ്റ്റുകാര്‍ക്ക് എന്നും തലവേദനയായിരുന്ന തീവ്രവാദികള്‍ സത്യം തിരിച്ചറിഞ്ഞ് മാനസാന്തരപ്പെട്ടതോടെ പാര്‍ട്ടിയുടെ കരുത്ത് കൂടി. അവരിപ്പോള്‍ ഒന്നാന്തരം റബര്‍ കര്‍ഷകരുമാണ്. കേരളത്തില്‍ നിന്നു കൊണ്ടുവന്ന റബര്‍തൈകളാണ് അവര്‍ക്കു നല്കിയത്. അതൊരു തന്ത്രപരമായ നീക്കം കൂടിയായിരുന്നു. ആരെയെങ്കിലും വെട്ടണമെന്നു തോന്നുമ്ബോള്‍ റബര്‍മരത്തിനിട്ടാകാം. മനസിനൊരാശ്വാസവും കിട്ടും, പാലും കിട്ടും. കീശയില്‍ കാശ് നിറഞ്ഞതോടെ തീവ്രവാദികളെല്ലാം, പഞ്ചപാവങ്ങളായ സഖാക്കളായി. കഴിഞ്ഞതവണ കൂട്ടത്തോടെ ബി.ജെ.പിയിലേക്കു മുങ്ങിയവര്‍ സത്യം തിരിച്ചറിഞ്ഞ് തിരിച്ചുവന്നുതുടങ്ങി. അതായത്, പാര്‍ട്ടി അനുദിനം ശക്തിപ്രാപിച്ചുവരുന്നു. കോണ്‍ഗ്രസ് കൂടി ചേരുന്നതോടെ കളിമാറും. കമ്മ്യൂണിസ്റ്റുകാരുടെ പൊറോട്ട ഫെസ്റ്റും കോണ്‍ഗ്രസുകാരുടെ പശുവിറച്ചി ഫെസ്റ്റും ഒരേവേദിയില്‍ നടത്തി സഖ്യത്തിന്റെ ജൈത്രയാത്ര ആഘോഷപൂര്‍വം ആരംഭിക്കുമെന്നാണ് സൂചന. പശുവിനെ അറുക്കുന്നതില്‍ ത്രിപുരക്കാര്‍ അത്ര വിദഗ്ദ്ധരല്ലാത്തതിനാല്‍ കേരളത്തില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസുകാരെ കൊണ്ടുപോകാനാണ് പരിപാടി. കേരളത്തിനു പുറത്ത് കമ്മ്യൂണിസ്റ്റുകാര്‍ക്ക് സംസാരിക്കാനൊരു വേദിയില്ല എന്ന വലിയ പ്രശ്‌നത്തിനും ഇതോടെ പരിഹാരമാകുകയാണ്. കോണ്‍ഗ്രസിന്റെ സകല വേദികളിലും പോയി മതിവരുവോളം പ്രസംഗിക്കാം. ബി.ജെ.പിക്കാര്‍ പ്രശ്‌നമുണ്ടാക്കിയാല്‍ അവരെ വിരട്ടാനും പ്രത്യേക ഏക് ഷനിലൂടെ ഒതുക്കാനും യൂത്ത് കോണ്‍ഗ്രസുകാരുണ്ടാകും.
കേരളത്തിനു പുറത്തു വേദി കുറവാണെന്ന തീരാവേദന അനുഭവിച്ച സഖാവായിരുന്നു, പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആയിരുന്ന ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്ത്. ഈ വിഷമമത്രയും കേരളത്തില്‍ വരുമ്ബോഴാണ് അദ്ദേഹം തീര്‍ത്തിരുന്നത്. പാര്‍ട്ടി യോഗങ്ങളില്‍ കൊതിതീരുവോളം പ്രസംഗിക്കുന്നതായിരുന്നു വീക്‌നെസ്. ഇ.കെ. നായനാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്ത ഒരു യോഗത്തിലും പതിവുപോലെ സുര്‍ജിത് സഖാവ് കത്തിക്കയറി. പ്രസംഗം വല്ലാതെ നീണ്ടാല്‍ ബാക്കി പരിപാടികള്‍ അവതാളത്തിലാകുമെന്ന് ആരോ ഓര്‍മ്മിപ്പിച്ചപ്പോള്‍, ”ഓന്‍ കൊതിതീരെ പറയെട്ടടോ, ഇവിടം വിട്ടാല്‍ വാ തുറക്കണമെങ്കില്‍ അങ്ങു ബംഗാളില്‍ ചെല്ലണ്ടേ” എന്നായിരുന്നുവത്രേ നായനാരുടെ മറുപടി. അറിയാതെ ലേശം വോളിയം കൂട്ടി പറഞ്ഞതിനാല്‍ സദസിലിരുന്നവര്‍ ഇതു കേട്ടെന്നാണ് കുബുദ്ധികളുടെ പ്രചാരണം.

