കോണ്‍ഗ്രസിനും ചിഹ്നം നഷ്ടമായിട്ടുണ്ട്, പുതിയത് സ്വീകരിക്കൂവെന്ന് ഉദ്ധവ് താക്കറെയോട് ശരത് പവാര്‍

പുനെ: ഉദ്ധവ് താക്കറെക്ക് ശിവസേനയുടെ പേരും ചിഹ്നവും നഷ്ടമായത് കാര്യമാക്കേണ്ടതില്ലെന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി മേധാവിയും സഖ്യകക്ഷിയുമായ ശരത് പവാര്‍.

പുതിയ ചിഹ്നം ആളുകള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് തെരഞ്ഞെടുപ്പ് കമീഷന്‍ ശിവ സേന എന്ന പാര്‍ട്ടി പേരും അമ്ബും വില്ലും എന്ന ചിഹ്നവും ഷിന്‍ഡെ പക്ഷത്തിന് അനുവദിച്ചത്.

തെരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശം അംഗീകരിക്കാനും പുതിയ ചിഹ്നം സ്വീകരിക്കാനുമാണ് എന്‍.സി.പി നേതാവ് താക്കറെക്ക് നല്‍കിയ ഉപദേശം.

‘അത് തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനമാണ്. ഒരിക്കല്‍ ഒരു തീരുമാനമെടുത്താല്‍ പിന്നീടതില്‍ ചര്‍ച്ച ഇല്ല. അത് അംഗീകരിക്കുക, പുതിയ ചിഹ്നം സ്വീകരിക്കുക. ചിഹ്നം നഷ്ടമായത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കില്ല. ആളുകള്‍ പുതിയതിനെ സ്വീകരിക്കും. ചിഹ്നം നഷ്ടപ്പെട്ടുവെന്ന കാര്യം 15-30 ദിവസം ചര്‍ച്ച ചെയ്യുമായിരിക്കും. അത്രയേയുള്ളൂ.’ – ശരത് പവാര്‍ വ്യക്തമാക്കി.

കോണ്‍ഗ്രസിനും ഇതേ സാഹചര്യം നേരിടേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ‘ഞാന്‍ ഓര്‍ക്കുന്നു, ഇന്ദിരാഗാന്ധിയും ഇതേ സാഹചര്യം അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. കാളയും കലപ്പയുമായിരുന്നു കോണ്‍ഗ്രസ് ഉപയോഗിച്ചിരുന്ന ചിഹ്നം. പിന്നീട് അവര്‍ക്കത് നഷ്ടമായി. അവര്‍ ‘കൈ’ സ്വീകരിച്ചു. ജനങ്ങളും അത് സ്വീകരിച്ചു. അതുപോലെ ജനങ്ങള്‍ ഉദ്ധവിന്റെ പുതിയ ചിഹ്നവും സ്വീകരിക്കും.’ -ശരത് പവാര്‍ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനം ഷിന്‍ഡെ പക്ഷം സ്വീകരിച്ചപ്പോള്‍ സുപ്രീംകോടതിയെ സമീപിക്കാനാണ് ഉദ്ധവ് പക്ഷത്തിന്റെ തീരുമാനം.

prp

Leave a Reply

*