ഒരു വര്‍ഷം പിന്നിട്ട് ‘ദുബൈ കാന്‍’ ലാഭിച്ചത് 70 ലക്ഷം കുപ്പികള്‍

ദുബൈ: പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറക്കുന്നതിന് ആരംഭിച്ച ‘ദുബൈ കാന്‍’ പദ്ധതിക്ക് ഒരു വര്‍ഷം.

കഴിഞ്ഞ ഫെബ്രുവരിയില്‍ ആരംഭിച്ച പദ്ധതിയിലൂടെ ഇതിനകം ഒറ്റത്തവണ ഉപയോഗിക്കുന്ന 70 ലക്ഷം പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം ലാഭിക്കാന്‍ സാധിച്ചതായും അധികൃതര്‍ വെളിപ്പെടുത്തി.

ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കുപ്പിയുമായി എത്തുന്നവര്‍ക്ക് കുടിവെള്ളം നിറക്കാനുള്ള സൗകര്യമാണ് കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുള്ളത്. ഇതൊരു സംസ്കാരമായി വളര്‍ത്താനാണ് ദുബൈ അധികൃതര്‍ തീരുമാനിച്ചിട്ടുള്ളത്. കുപ്പിവെള്ളം കുടിക്കുന്നത് ഒഴിവാക്കുകയും വീടുകളില്‍ വാട്ടര്‍ ഫില്‍റ്ററുകള്‍ സ്ഥാപിക്കാനും പദ്ധതിയുടെ ഭാഗമായി അധികൃതര്‍ പ്രോത്സാഹിക്കുന്നുണ്ട്. നിരവധി സ്വകാര്യ കമ്ബനികള്‍ സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ച്‌ കുടിവെള്ള കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

സംരംഭം കൈവരിച്ച പുരോഗതിയില്‍ അങ്ങേയറ്റം അഭിമാനമുണ്ടെന്നും ഹരിതനയങ്ങളും ജീവിതരീതിയും പിന്തുടരാന്‍ വരുംവര്‍ഷത്തിലും താമസക്കാരെയും വിനോദസഞ്ചാരികളെയും പ്രചോദിപ്പിക്കുമെന്ന് ദുബൈ സസ്റ്റൈനബ്ള്‍ ടൂറിസം വൈസ് ചെയര്‍മാന്‍ യൂസഫ് ലൂത്ത പറഞ്ഞു. നഗരത്തില്‍ 50 സ്ഥലങ്ങളിലാണ് നിലവില്‍ സൗജന്യമായി കുടിവെള്ളം ശേഖരിക്കാനുള്ള റീഫില്‍ സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുള്ളത്.

കൈറ്റ് ബീച്ച്‌, ദുബൈ മറീന, ജെ.എല്‍.ടി, ഡൗണ്‍ടൗണ്‍ ദുബൈ, ദുബൈ ഹാര്‍ബര്‍, മദീനത്ത് ജുമൈറ, ദുബൈ ഫെസ്റ്റിവല്‍ സിറ്റി, ഖവാനീജ് എന്നിവിടങ്ങളിലാണ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുള്ളത്. പൊതു പാര്‍ക്കുകള്‍, ബീച്ചുകള്‍, വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ സ്റ്റേഷനുകള്‍ ഉപയോഗപ്പെടുത്തുന്നവര്‍ ഏറെയാണെന്നും അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു. ജനങ്ങളുടെ മാനസികാവസ്ഥ മാറ്റുന്നതിലും പരിസ്ഥതിക്ക് അനുകൂലമായ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലും വലിയ പുരോഗതി കൈവരിക്കാന്‍ പദ്ധതിയിലൂടെ സാധിച്ചെന്ന് യൂസഫ് ലൂത്ത പറഞ്ഞു.

ഒരു ബോട്ടില്‍ കൈയില്‍ കരുതിയാല്‍ ഓരോ വ്യക്തിക്കും ഒന്നോ രണ്ടോ ബോട്ടില്‍ ഉപയോഗം ദിവസവും ഒഴിവാക്കാനാകും. യാത്രകളിലും വിനോദ അവസരങ്ങളിലും വഴിയില്‍ കുടിവെള്ളം ലഭ്യമാകാത്തതാണ് കുപ്പിവെള്ളം വാങ്ങാന്‍ കാരണമാകുന്നത്. ‘ദുബൈ കാന്‍’ ഇത് പരിഹരിക്കാനാണ് കുടിവെള്ള ശേഖരണ കേന്ദ്രങ്ങള്‍ നഗരത്തിലുടനീളം സ്ഥാപിച്ചിരിക്കുന്നത്.

prp

Leave a Reply

*