കോണ്‍ഗ്രസിന്റെ ദേശീയ പ്രവര്‍ത്തകസമിതിയിലേക്ക് മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരും ; ഉമ്മന്‍ചാണ്ടിയും എ.കെ. ആന്റണിയും മാറിയേക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം തുടങ്ങാനിരിക്കെ കോണ്‍ഗ്രസിന്റെ ദേശീയ പ്രവര്‍ത്തകസമിതിയിലേക്ക് മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരും ഉയരുന്നു.

എ കെ ആന്റണി, ഉമ്മന്‍ചാണ്ടി, എന്നിവര്‍ ഒഴിയുന്ന സ്ഥാനത്തേക്ക് മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, ശശി തരൂര്‍ എന്നിവരുടെ പേരുകളാണ് കേള്‍ക്കുന്നത്. പ്രവര്‍ത്തക സമിതിയ്ക്ക് പുറമേ അച്ചടക്കസമിതി അധ്യക്ഷ പദവിയിലേക്കും മുല്ലപ്പള്ളിയുടെ പേര് പറഞ്ഞുകേള്‍ക്കുന്നുണ്ട്.

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ നിലവില്‍ കേരളത്തില്‍ നിന്നുള്ളത് കെ.സി. വേണുഗോപാല്‍, ഉമ്മന്‍ചാണ്ടി, എ.കെ. ആന്റണി എന്നിവരാണ് ഉള്ളത്. ഇതില്‍ ആരോഗ്യപ്രശ്നങ്ങള്‍ മുന്‍ നിര്‍ത്തി ഉമ്മന്‍ചാണ്ടിയും എ.കെ. ആന്റണിയും മാറിയേക്കും. പകരം നിയമിക്കേണ്ടവരുടെ പേരുകളില്‍ മുല്ലപ്പള്ളി മുന്നിലുണ്ട്. പ്രവര്‍ത്തക സമിതിയിലേക്ക് വോട്ടെടുപ്പ് വേണ്ട, നാമനിര്‍ദ്ദേശം മതിയെന്നാണ് ഭൂരിപക്ഷം നേതാക്കളുടേയും അഭിപ്രായം. അങ്ങിനെ വന്നാല്‍ രാഹുല്‍ഗാന്ധിയുടെ നിലപാട് കൂടുതല്‍ നിര്‍ണ്ണായകമായേക്കാനാണ് സാധ്യത.

പാര്‍ട്ടിയുടെ അച്ചടക്കസമിതിയുടെ തലവന്‍ നിലവില്‍ എ.കെ. ആന്റണിയാണ്. രമേശ് ചെന്നിത്തല പ്രവര്‍ത്തകസമിതിയില്‍ ഇടംപിടിച്ചേക്കാന്‍ സാധ്യത കൂടുതലാണ്. പ്രസിഡന്റ് പദത്തിലേക്ക് മത്സരിച്ച്‌ മല്ലികാര്‍ജ്ജുന ഖാര്‍ഗേയോട് തോറ്റ ശശി തരൂരിനും കൊടിക്കുന്നില്‍ സുരേഷിനും കേരളത്തില്‍ നിന്നുള്ള പ്രവര്‍ത്തകസമിതി അംഗത്വം ആഗ്രഹമുണ്ട്. ഇനി ഉള്‍പ്പെടുത്തിയില്ലെങ്കില്‍ പോലും ശശി തരൂരിനെ പ്രവര്‍ത്തകസമിതിയിലെ പ്രത്യേകക്ഷണിതാവാക്കാനും സാധ്യതയുണ്ട്. ഛത്തീസ്ഗഡിലെ റായ്പൂരില്‍ നാളെയാണ് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം തുടങ്ങുക. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന പ്ലീനറി സമ്മേളനത്തില്‍ പതിനയ്യായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും. 1338 പേര്‍ക്കാണ് വോട്ടവകാശമുള്ളത്.

കോണ്‍ഗ്രസ് ദേശീയ ഭാരവാഹികള്‍, പ്രവര്‍ത്തക സമിതി അംഗങ്ങള്‍ തുടങ്ങിയവരെ സമ്മേളനം തെരഞ്ഞെടുക്കും. അടുത്ത വര്‍ഷം പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍, പ്രതിപക്ഷ സഖ്യം അടക്കമുള്ള നിര്‍ണായക തീരുമാനങ്ങള്‍ സമ്മേളനം കൈക്കൊള്ളും. ഇതുമായി ബന്ധപ്പെട്ട പ്രമേയങ്ങള്‍ യോഗത്തില്‍ അവതരിപ്പിക്കപ്പെടും.

prp

Leave a Reply

*