ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രൂപയ്ക്ക് രോഹിണിയുടെ നോട്ടീസ് ; കര്‍ണാടകത്തെ ഐഎഎസ് – ഐപിഎസ് വനിതകളുടെ പോര് അവസാനിക്കുന്നില്ല

കര്‍ണാടകയില്‍ വനിതാ ഐഎഎസ് – ഐപിഎസ് വനിതകളുടെ പോര് അവസാനിക്കുന്നില്ല. രണ്ടുപേരെയും തസ്തികകളില്‍ നിന്നും മാറ്റിയതിന് പിന്നാലെ ഐഎഎസുകാരി രോഹിണി സിന്ധൂരി ഐപിഎസുകാരി രൂപാ മൗഡ്ഗില്ലിനെതിരേ വക്കീല്‍നോട്ടീസ് അയച്ചു.

”വ്യാജവും അപമാനിക്കുന്നതുമായ പോസ്റ്റ്” നടത്തിയതിന് തന്നോട് നിരുപാധികം മാപ്പ് പറയണമെന്നാണ് ആവശ്യം. ഒരുകോടി രൂപ നഷ്ടപരിഹാരവും എതിരാളിയില്‍ നിന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

അല്ലാത്തപക്ഷം ക്രിമിനല്‍ നടപടിയ്ക്ക് പോകുമെന്ന് നോട്ടീസില്‍ പറയുന്നു. 24 മണിക്കൂറിനുള്ളില്‍ മാപ്പ് എഴുതി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഗുരുതരമായ ആരോപണം വഴി രൂപ തന്നെ സ്വഭാവഹത്യ നടത്തിയെന്നാണ് അഭിഭാഷകന്‍ സി.വി. നാഗേഷ്‌വഴി അയച്ചിരിക്കുന്ന നോട്ടീസില്‍ രോഹിണി പറയുന്നത്. രൂപയുടെ ഫേസ്ബുക്ക് പോസ്റ്റും അതിലെ ആക്ഷേപവും പ്രൊഫഷണലായും വ്യക്തിപരമായും ദുഷ്‌കീര്‍ത്തി പരത്തി സമൂഹത്തില്‍ തന്റെ ഇമേജ് മോശമാക്കുക ലക്ഷ്യമിട്ടുള്ളതാണെന്നും പറയുന്നു. നോട്ടീസ് കിട്ടി 24 മണിക്കൂറിനകം നിരുപാധികം മാപ്പു പറയണമെന്നാണ് ആവശ്യം.

അതിന് തയ്യാറായില്ലെങ്കില്‍ ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടി വരും. രോഹിണിയ്‌ക്കെതിരേ രൂപ അഴിമതിയാരോപണം സാമൂഹ്യമാധ്യമത്തിലൂടെ നടത്തിയത് മുതലാണ് സംഭവങ്ങളുടെ തുടക്കം. ഇതിനൊപ്പം രോഹിണി തന്റെ സഹപ്രവര്‍ത്തകരായ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് അയച്ചുകൊടുത്തതാണ് എന്നാരോപിച്ച്‌ അവരുടെ ചില ചിത്രങ്ങളും രൂപ പോസ്റ്റ് ചെയ്തു. ഈ ചിത്രങ്ങള്‍ മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് അയച്ചുകൊടുത്തതിലൂടെ സര്‍വീസ് ചട്ടവും രോഹിണി ലംഘിച്ചിരിക്കുകയാണെന്ന് രൂപ ആരോപിച്ചു. ഇതിന് പിന്നാലെ രൂപയ്ക്ക് എതിരേ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി രോഹിണിയും രംഗത്ത് വന്നിരുന്നു.

വിവാദത്തെ തുടര്‍ന്ന് ദേവസ്വം കമ്മിഷണര്‍ ആയ രോഹിണിയെയും കരകൗശല വികസന കോര്‍പ്പറേഷന്‍ എം.ഡി.യായ രൂപയെയും സ്ഥലം മാറ്റിയിരുന്നു. തന്റെ വാട്‌സ്‌ആപ്പ് സ്റ്റാറ്റസില്‍ നിന്നും മറ്റും ശേഖരിച്ച ചിത്രങ്ങളാണ് വ്യക്തിഹത്യ ചെയ്യാനായി രൂപ പോസ്റ്റ് ചെയ്തതെന്നായിരുന്നു രോഹിണിയുടെ വാദം. ഇതിന് പിന്നാലെ രോഹിണിക്കെതിരേ കൂടുതല്‍ ആരോപണങ്ങളുന്നയിച്ചുകൊണ്ട് മൈസൂരുവിലെ വിവരാവകാശ പ്രവര്‍ത്തകന്‍ എന്‍. ഗംഗരാജുവുമായി രൂപ നടത്തിയ സംഭാഷണത്തിന്റെ ഭാഗവും പുറത്തുവന്നിട്ടുണ്ട്.

രോഹിണി കാരണം തന്റെ കുടുംബം പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുകയാണെന്നും 25 മിനിറ്റ് ദൈര്‍ഘ്യമുള്ള സന്ദേശത്തില്‍ രൂപ പറയുന്നു. ഐ.എ.എസ്. ഉദ്യോഗസ്ഥനായ തന്റെ ഭര്‍ത്താവ് മുനിഷ് മൗദ്ഗിലിനെ സ്ഥലംമാറ്റാന്‍ രോഹിണി സര്‍ക്കാരിനോട് അപേക്ഷിച്ചിരുന്നുവെന്ന് രൂപ പറയുന്നത് ശബ്ദസന്ദേശത്തിലുണ്ട്. രോഹിണിയുടെ കുടുംബത്തിന്റെ റിയല്‍ എസ്റ്റേറ്റ് ബിസിനസ് ആവശ്യങ്ങള്‍ക്ക് സഹായം ലഭിച്ചതിനാലാണ് സ്ഥലംമാറ്റം ആവശ്യപ്പെട്ടത്. ഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തന്റെ ഭര്‍ത്താവ് ജോലിചെയ്യുന്ന ലാന്‍ഡ് റെക്കോഡ്‌സ് ഓഫീസില്‍ നിന്ന് രോഹിണി ശേഖരിച്ചെന്നും രൂപ പറയുന്നു.

prp

Leave a Reply

*