ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ബിജെപി നേതാവ് ബി.എസ്. യെദ്യൂരപ്പയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ വാജുഭായ് വാല ക്ഷണിച്ച നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സമീപിക്കാന്‍ ഒരുങ്ങുന്നു. കോണ്‍ഗ്രസ് സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ നിര്‍ണായക വിധിക്കുശേഷമായിരിക്കും നേതാക്കള്‍ രാഷ്ട്രപതിയെ കാണുന്നത്.
അതേസമയം കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാരെ ഇന്ന് ഹൈദരാബാദിലേക്ക് മാറ്റി. ബിജെപിയുടെ കുതിരക്കച്ചവടത്തില്‍ ഭയന്നാണ് എംഎല്‍എമാരെ മാറ്റിയത്. ജെഡിഎസ് നേതാവ് കുമാരസ്വാമിയുടെ നേതൃത്വത്തിലാണ് എംഎല്‍എമാര്‍ ബംഗളൂരുവിട്ടത്.
അതിനിടെ, കോണ്‍ഗ്രസ് പാളയത്തില്‍ ചോര്‍ച്ച തുടരുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. കോണ്‍ഗ്രസിന്‍റെ മൂന്ന് എംഎല്‍എമാര്‍ ബിജെപിയെ പിന്തുണയ്ക്കുമെന്നാണു സൂചന. വിജയനഗറില്‍നിന്നുള്ള എംഎല്‍എ ആനന്ദ് സിങ് നേരത്തെ തന്നെ ബിജെപിക്കൊപ്പം ചേര്‍ന്നിരുന്നു.

