കൊല്ലം: കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ രണ്ട് ഓര്‍ത്തഡോക്‌സ് സഭാ വൈദികരെ കൂടി ഇന്ന് അറസ്റ്റ് ചെയ്‌തേക്കും. മറ്റു രണ്ടുപേരായ ഒന്നാം പ്രതി ഫാ. സോണി വര്‍ഗീസ്, നാലാം പ്രതി ഫാ. ജെയ്‌സ് കെ.ജോര്‍ജ് എന്നിവരെ അറസ്റ്റ് ചെയ്യാനാണ് നീക്കം. ഇവര്‍ കീഴടങ്ങാതെ മുന്‍കൂര്‍ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണെന്നും സൂചനയുണ്ട്. അതേസമയം ചോദ്യംചെയ്യല്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന ഫാ. ജോബ് മാത്യുവിനെ അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങില്ല.
കറുകച്ചാല്‍ കരുണഗിരി ആശ്രമത്തിലെ ഫാ. ജോബ് മാത്യുവാണു കൊല്ലത്തു ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിനു മുന്‍പാകെ കീഴടങ്ങിയത്. മജിസ്‌ട്രേട്ട് കോടതി രണ്ടാഴ്ച റിമാന്‍ഡ് ചെയ്തു പത്തനംതിട്ട സബ് ജയിലിലേക്ക് അയച്ചു. കേസില്‍ ഫാ. ജോബ് ഉള്‍പ്പെടെ മൂന്ന് ഓര്‍ത്തഡോക്‌സ് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച ഹൈക്കോടതി തള്ളിയിരുന്നു.
പന്തളത്തുനിന്ന് കഴിഞ്ഞദിവസം പുലര്‍ച്ചെ ഒന്നരയോടെ ഫാ. ജോബ് കൊട്ടാരക്കരയിലെത്തുമ്പോള്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ നോക്കി അന്വേഷണസംഘം പിന്തുടര്‍ന്നു. പുലര്‍ച്ചയോടെ കൊല്ലത്തെത്തിയ വൈദികന്‍ ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം കീഴടങ്ങി. താന്‍ വീട്ടമ്മയെ പീഡിപ്പിച്ചിട്ടില്ലെന്നാണു പൊലീസ് ക്ലബിലെ പ്രാഥമിക ചോദ്യം ചെയ്യലില്‍ ഫാ. ജോബ് അവകാശപ്പെട്ടത്. 11.30ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജില്ലാ ആശുപത്രിയില്‍ ലൈംഗികക്ഷമതാ പരിശോധന നടത്തി. തിരുവല്ല മജിസ്‌ട്രേട്ടിന്‍റെ പന്തളത്തെ വീട്ടിലെത്തിച്ചാണു റിമാന്‍ഡ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
മൂന്നാം പ്രതി ഫാ. ജോണ്‍സണ്‍ വി. മാത്യുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. കുമ്പസാരവിവരം മറയാക്കി ഭാര്യയെ അഞ്ചു വൈദികര്‍ പല തവണ പീഡിപ്പിച്ചെന്നു മേയ് ആദ്യ വാരമാണു പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി ആരോപണമുന്നയിച്ചത്. കേസന്വേഷണവുമായി സഹകരിക്കണമെന്ന് ഓര്‍ത്തഡോക്‌സ് സഭാനേതൃത്വം വൈദികര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ബലമായുള്ള അറസ്റ്റ് നടപടി ഒഴിവാക്കി മാന്യമായി കീഴടങ്ങുന്നതിനുള്ള അവസരം വൈദികര്‍ക്ക് നല്‍കുമെന്നാണ് വിവരം. കീഴടങ്ങിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന നിലപാടിലാണ് അന്വേഷണസംഘം.

