പി. ജയരാജനെ അനുകൂലിച്ച് കണ്ണൂരില്‍ ഫ്‌ളക്‌സ് ബോര്‍ഡ്. ഇ.പി ജരാജനെതിരെ ഗുരുതര ആരോപണവുമായി പി.ജയരാജന്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് പി.ജയരാജനെ അനുകൂലിച്ചുകൊണ്ട് ഫ്‌ളക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്.
( flex board supporting p jayarajan )
അഴീക്കോട് കാപ്പിലെപീടികയിലാണ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. ‘ഒരു കമ്യൂണിസ്റ്റിന്റെ കൈയില്‍ രണ്ടു തോക്കുകള്‍ ഉണ്ടായിരിക്കണം, ഒന്ന് വര്‍ഗ ശത്രുവിനു നേരേയും 2 പിഴക്കുന്ന സ്വന്തം നേതൃത്വത്തിനു നേരേയും’- ഇതാണ് ഫ്‌ളക്‌സ് ബോര്‍ഡിലെ പരാമര്‍ശം.
കണ്ണൂരില്‍ 30 കോടി രൂപ മുടക്കി നിര്‍മ്മിക്കുന്ന റിസോര്‍ട്ടിനു പിന്നില്‍ ഇ.പി. ജയരാജനാണെന്ന ഗുരുതരമായ ആരോപണം നേരത്തെ പി. ജയരാജന്‍ ഉന്നയിച്ചിരുന്നു. കേരള ആയുര്‍വേദിക് ആന്റ് കെയര്‍ ലിമിറ്റഡിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ഇ.പിയുടെ ഭാര്യയും മകനും ഉണ്ട്. താന്‍ ഉന്നയിക്കുന്ന ആരോപണം ഉത്തമ ബോധ്യത്തോടെയാണെന്ന് പി. ജയരാജന്‍ സംസ്ഥാന സമിതിയില്‍ പറയുകയും ചെയ്തു.
ബുധന്‍, വ്യാഴം ദിവസങ്ങളിലായിരുന്നു സിപിഐഎം സംസ്ഥാന സമിതി യോഗം നടന്നത്. സംസ്ഥാന സമിതി കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് ഈ വാര്‍ത്ത പുറത്തുവരുന്നത്. അനധികൃത സ്വത്തുസമ്ബാദനം പാര്‍ട്ടി അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നാണ് പി. ജയരാജന്റെ ആവശ്യം. മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനും സംസ്ഥാന സമിതിയില്‍ പങ്കെടുത്തിരുന്നു. ഇവരുടെ സാനിധ്യത്തില്‍ തന്നെയാണ് പി. ജയരാജന്‍ ഇ.പി. ജയരാജനെതിരെ ഗൗരവകരമായ ആക്ഷേപങ്ങള്‍ ഉന്നയിച്ചത്.
അതേസമയം ഇ.പി ജയരാജനെതിരായ സംസ്ഥാന കമ്മിറ്റിയിലെ പരാമര്‍ശങ്ങള്‍ പി ജയരാജന്‍ തള്ളിയില്ല. തെറ്റ് തിരുത്തിയില്ലെങ്കില്‍ പാര്‍ട്ടിക്ക് പുറത്താകുമെന്നാണ് പി ജയരാജന്റെ പരാമര്‍ശം. ചര്‍ച്ച നടന്നാല്‍ പാര്‍ട്ടി ഊതിക്കാച്ചിയ പൊന്ന് പോലെയാകുമെന്ന് പി ജയരാജന്‍ പറഞ്ഞു. സിപിഐഎം പ്രത്യേക തരം പാര്‍ട്ടിയാണ്. പ്രതിജ്ഞ ചെയ്താണ് പാര്‍ട്ടിയില്‍ അംഗത്വമെടുക്കുന്നതും. പ്രതിജ്ഞ ലംഘിച്ചാല്‍ പുറത്തുപോകേണ്ടിവരുമെന്നും പി ജയരാജന്‍ പറഞ്ഞു.

