വാഷിങ്ടണ്‍
ഹിമപാതത്തിലും ശീതക്കൊടുങ്കാറ്റിലും വിറങ്ങലിച്ച് അമേരിക്ക. ഹിമകെടുതികളില് ഇതിനോടകം 62 പേര്‍ മരിച്ചു.
സര്വ്വമേഖലയും സ്തംഭിച്ചതോടെ ലോകത്തിന്റെ സാമ്ബത്തിക തലസ്ഥാനമായി അറിയപ്പെടുന്ന ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ന്യൂയോര്ക്കില്മാത്രം മരണം 28 ആയി. ഇതിനുമുമ്ബ് കനത്ത മഞ്ഞുവീഴ്ച രേഖപ്പെടുത്തിയ 1977ല്‍ ന്യൂയോര്‍ക്കില്‍ 25 പേരായിരുന്നു മരിച്ചത്. ന്യൂയോര്ക്കിലെ ബഫലോ മേഖലയിലാണ് ദുരന്തം ഏറ്റവും കൂടുതല് ബാധിച്ചത്. ആയിരങ്ങള് വൈദ്യുതിയും മറ്റ് സൗകര്യങ്ങളുമില്ലാതെ കഷ്ടപ്പെടുന്നത്. ബഫലോ മേഖലയില്‍മാത്രം ഇരുപതിനായിരം പേര്‍ക്ക് ദിവസങ്ങളായി വൈദ്യുതി അന്യമാണ്. ഫ്ലോറിഡ, ജോര്ജിയ, ടെക്സസ്, വിസ്കോന്സിന്, മിഷിഗന് എന്നിവിടങ്ങളിലും സ്ഥിതി ഗുരുതരം.
കാറുകളില്‍ തണുത്തുറഞ്ഞ് മൃതദേഹങ്ങള്‍
മഞ്ഞുമൂടിക്കിടക്കുന്ന വാഹനങ്ങളുടെ അകത്തുനിന്നാണ് പല മൃതദേഹങ്ങളും ലഭിച്ചത്. ആയിരക്കണക്കിന് വാഹനങ്ങള്‍ റോഡുകളില്‍ കുടുങ്ങി. ശീതക്കാറ്റ്മൂലം ക്രിസ്മസ് അവധിക്കാലത്ത് പലര്‍ക്കും വീടുകളില്‍ എത്താനായില്ല. വൈദ്യുതിവിതരണം താളം തെറ്റിയതോടെ വീടുകള്‍ക്കകത്ത് താപനില കുറയുന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
താറുമാറായി ഗതാഗതം
പ്രതികൂല കാലാവസ്ഥ തുടരുന്നതിനാല്‍ റെയില്‍, റോഡ്, വ്യോമ ഗതാഗതംതാളം തെറ്റി. ഒറ്റദിനം മാത്രം 4900 വിമാനം റദ്ദാക്കി. 4400 വിമാനം വൈകി. വിമാനത്താവളങ്ങളില്‍ത്തന്നെ തങ്ങേണ്ട സ്ഥിതിയാണ് യാത്രക്കാര്‍ക്ക്. അമ്ബതോളം വാഹനങ്ങള് കൂട്ടിയിടിച്ച് നാല് പേര് മരിച്ചു. ഉള്‍പ്രദേശങ്ങളിലെ റോഡുകളില്‍ മഞ്ഞുമൂടിക്കിടക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് പലയിടത്തും എത്തിച്ചേരാനാകുന്നില്ല.
ദുരന്തത്തിനിടെ മോഷണം
മഞ്ഞുവീഴ്ചയുടെ മറവില്‍ വ്യാപക മോഷണം നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മഞ്ഞുവീഴ്ച ശക്തമായ ബഫലോയില്‍ മോഷണശ്രമം നടത്തിയ നാല് പേരെ അറസ്റ്റ് ചെയ്തതായി ബഫലോ പൊലീസ് കമീഷണര്‍ ജോസഫ് ഗ്രഗ്മലിയ പറഞ്ഞു. റോഡ് ഗതാഗതം ശരിയാകാത്തതിനാല്‍ പലയിടത്തും പൊലീസിന് എത്താനാകുന്നില്ല.
3 ഇന്ത്യക്കാര്‍ മരിച്ചു
അമേരിക്കയിലെ അരിസോണയില്‍ തണുത്തുറഞ്ഞ തടാകത്തിലൂടെ നടക്കുന്നതിനിടെ മഞ്ഞുപാളികള്‍ക്കിടയില്‍ വീണ് ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് ഇന്ത്യന്‍ പൗരന്മാര്‍ മരിച്ചു. തിങ്കള്‍ വൈകിട്ട് അരിസോണയിലെ കൊക്കോണിനോ കൗണ്ടിയിലെ വുഡ്സ് കാന്യോണ്‍ തടാകത്തിലാണ് സംഭവം. ആന്ധ്ര സ്വദേശികളായ നാരായണ മുദ്ദന (49), ഭാര്യ ഹരിത മുദ്ദന, കുടുംബസുഹൃത്ത് ഗോകുല്‍ മെഡിസെറ്റി (47) എന്നിവരാണ് മരിച്ചത്.

