‘ബൈഡന്‍ ഉത്തരവിട്ടു, സിഐഎ നടപ്പിലാക്കി’: നോര്‍ഡ് സ്ട്രീം ഗ്യാസ് പൈപ്പ് ലൈന്‍ സ്ഫോടനത്തിനു പിന്നില്‍ അമേരിക്കയെന്ന് മാധ്യമപ്രവര്‍ത്തകന്‍

2022 സെപ്റ്റംബറില്‍ ബാള്‍ട്ടിക് കടലിലെ നോര്‍ഡ് സ്ട്രീം അണ്ടര്‍വാട്ടര്‍ ഗ്യാസ് പൈപ്പ്ലൈനുകളില്‍ ബോംബാക്രമണം നടത്തിയത് അമേരിക്ക ആണെന്നും അത് ബൈഡന്റെ അറിവോടെയാണെന്നും മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍.

വൈറ്റ് ഹൗസില്‍ നിന്നും ഉത്തരവ് ലഭിച്ചതിനെത്തുടര്‍ന്നാണ് നോര്‍വേയില്‍ നിന്നുമെത്തിയ സിഐഎ സംഘം ഈ രഹസ്യ ഓപ്പറേഷന്‍ നടത്തിയതെന്നും അമേരിക്കന്‍ ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റും പുലിറ്റ്‌സര്‍ സമ്മാന ജേതാവുമായ സെയ്‌മോര്‍ ഹെര്‍ഷ് പറഞ്ഞു. മുങ്ങല്‍ വിദഗ്ധരുമായി ചേര്‍ന്ന് പൈപ്പ് ലൈനുകളില്‍ മൈനുകള്‍ സ്ഥാപിച്ചതായും അദ്ദേഹം പറഞ്ഞു.

2022 ജൂണില്‍ റഷ്യയുടെ നോര്‍ഡ് സ്ട്രീം ഗ്യാസ് പൈപ്പ്ലൈനിന് താഴെ അമേരിക്കയിലെ മുങ്ങല്‍ വിദഗ്ധര്‍ സ്ഫോടകവസ്തുക്കള്‍ സ്ഥാപിച്ചതായും മൂന്ന് മാസത്തിന് ശേഷം, 2022 സെപ്റ്റംബറില്‍ സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച്‌ നാല് നോര്‍ഡ് സ്ട്രീം പൈപ്പ്ലൈനുകളില്‍ മൂന്നെണ്ണം നശിപ്പിച്ചതായും സെയ്‌മോര്‍ ഹെര്‍ഷ് അടുത്തിടെ എഴുതിയ ലേഖനത്തില്‍ പറയുന്നു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ഒന്‍പത് മാസത്തോളം നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് പ്രസിഡന്റ് ജോ ബൈഡന്‍ ഓപ്പറേഷന്‍ സംബന്ധിച്ച്‌ തീരുമാനമെടുത്തതെന്നും ഹെര്‍ഷ് ലേഖനത്തില്‍ പറയുന്നു.

ബൈഡന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍, സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍, സ്റ്റേറ്റ് അണ്ടര്‍സെക്രട്ടറി ഓഫ് പോളിസി വിക്ടോറിയ നൂലാന്‍ഡ് എന്നിവര്‍ക്കെല്ലാം ഇക്കാര്യം അറിയാമായിരുന്നു എന്നും ഹെര്‍ഷ് ലേഖനത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ഈ വാദങ്ങളെല്ലാം വെറും കെട്ടുകഥകള്‍ മാത്രം ആണെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു.

യൂറോപ്പില്‍ കുറഞ്ഞ വിലക്ക് വാതകം വിതരണം ചെയ്തിരുന്ന, റഷ്യയില്‍ നിന്ന് ജര്‍മ്മനിയിലേക്ക് കണക്‌ട് ചെയ്തിരുന്ന പൈപ്പ്ലൈനുകളിലാണ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സ്ഫോടനം നടന്നത്. ജര്‍മന്‍ സമ്ബദ്‌വ്യവസ്ഥയുടെ സുപ്രധാന ഘടകങ്ങളിലൊന്നായിരുന്നു ഈ പൈപ്പ്‍ലൈനുകള്‍. നോര്‍ഡ് സ്ട്രീം 1 നെ അമേരിക്കയും മറ്റ് റഷ്യന്‍ വിരുദ്ധ നാറ്റോ അംഗങ്ങളും ഒരു ഭീഷണിയായി കണ്ടിരുന്നു എന്നും ഹെര്‍ഷ് പറയുന്നു. “അവര്‍ റഷ്യയെ വളരെയധികം വെറുത്തു. നോര്‍വീജിയന്‍ നാവികസേനയില്‍ മികച്ച നാവികരും മുങ്ങല്‍ വിദഗ്‌ധരും ഉണ്ട്. ആഴക്കടല്‍ പര്യവേക്ഷണ രംഗത്ത് നിരവധി വര്‍ഷത്തെ അനുഭവ സമ്ബത്ത് ഉള്ളവരാണ് ഇവര്‍”, എന്ന് ഒരു അജ്ഞാത ഉറവിടത്തെ ഉദ്ധരിച്ച്‌ ഹെര്‍ഷ് പറ‍ഞ്ഞു. സ്ഫോടനത്തിന് റഷ്യയെ ആണ് കുറ്റപ്പെടുത്തിയത് എന്നും ഹെര്‍ഷ് ചൂണ്ടിക്കാട്ടി.

2021 ഡിസംബര്‍ മുതല്‍ പൈപ്പ്ലൈനുകളില്‍ ബോബാംക്രമണം നടത്തുന്നതു സംബന്ധിച്ച ആസൂത്രണം ആരംഭിച്ചതായും സെയ്മൂര്‍ ഹെര്‍ഷ് പറഞ്ഞു. ആക്രമണം നടത്തുന്നതിനായുള്ള വിവിധ മാര്‍ഗങ്ങളും ചര്‍ച്ച ചെയ്തു. നോര്‍വേയിലെ ഒരു അമേരിക്കന്‍ അന്തര്‍വാഹിനി താവളം ഈ ദൗത്യത്തിന്റെ കേന്ദ്രമായി തിരഞ്ഞെടുത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൈപ്പ് ലൈനുകള്‍ ആക്രമിക്കാന്‍ ഒരു അന്തര്‍വാഹിനി ഉപയോഗിക്കാനാണ് യുഎസ് നാവികസേന നിര്‍ദ്ദേശിച്ചത്. എന്നാല്‍ ബോബാംക്രമണം എന്ന നിര്‍ദേശമാണ് വ്യോമസേന മുന്നോട്ടു വെച്ചത്. എല്ലാ നീക്കങ്ങളും രഹസ്യമായിരിക്കണം എന്ന് സിഐഎ പ്രത്യേകം ആവശ്യപ്പെട്ടിരുന്നതായും ഹെര്‍ഷ് പറഞ്ഞു.

prp

Leave a Reply

*