കൊല്ലം: അഞ്ചാലുംമൂട്ടില്‍ അയല്‍വീട്ടില്‍ കളിക്കാന്‍ പോയതിന് മൂന്നാം ക്ലാസുകാരിയെ പിതാവ് ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു. അഞ്ച് ദിവസം മുമ്ബ് പനയം പഞ്ചായത്തിലെ ഒരു കോളനിയില്‍ ആയിരുന്നു സംഭവം നടന്നത്. പൊള്ളലേറ്റ കുട്ടിയുടെ കാലില്‍ മരുന്ന് വയ്ക്കാത്തതിനാല്‍ വ്രണമായി മാറിയിരുന്നു. കഴിഞ്ഞദിവസം ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
പൊള്ളലേറ്റ ഭാഗത്തു മരുന്നു വയ്ക്കാതിരുന്നതിനാല്‍ വ്രണമായ അവസ്ഥയിലായിരുന്നു. കാലിന് എന്തുപറ്റിയെന്ന് ആരെങ്കിലും ചോദിച്ചാല്‍ ചീനച്ചട്ടിയില്‍ നിന്ന് പൊള്ളലേറ്റതാണെന്നു പറയണമെന്ന് പിതാവ് മകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതായും ആരോപണമുണ്ട്. അംഗന്‍വാടി ജീവനക്കാരുടെ സഹായത്തോടെ കുട്ടിയെ തൃക്കടവൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു ചികിത്സ ലഭ്യമാക്കി.
സംഭവത്തെ കുറിച്ച് പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. മദ്യപിക്കുന്ന സ്വഭാവമുള്ളയാളാണ് കുട്ടിയുടെ പിതാവെന്ന് പൊലീസ് പറഞ്ഞു. അതേസമയം, സംഭവത്തെപ്പറ്റി ചൈല്‍ഡ് ലൈനില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ കുട്ടിയും മാതാവും നിഷേധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വനിതാ എസ്.ഐയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണത്തിന് പൊലീസ് തീരുമാനിച്ചത്.
അന്വേഷണത്തിന്റെ ഭാഗമായി വനിതാ എസ്.ഐയും സംഘവും ഇന്ന് കുട്ടിയെ സന്ദര്‍ശിച്ച് വിശദമായ മൊഴിയെടുക്കും.അയല്‍വീട്ടില്‍ കളിക്കാന്‍ പോയതില്‍ പ്രകോപിതനായി പിതാവ് മൂന്നാം ക്ലാസുകാരിയുടെ കാലുകള്‍ ചട്ടുകം ചൂടാക്കി പൊള്ളിച്ചതായാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസിനെ അറിയിച്ചത്. ഇത് സംബന്ധിച്ച് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ ശിശുക്ഷേമ സമിതിക്ക് ഇന്ന് റിപ്പോര്‍ട്ട് നല്‍കും. ഈ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചശേഷം സംഭവത്തില്‍ കേസെടുത്ത് അന്വേഷിക്കാനാണ് പൊലീസിന്റെ നീക്കം. കളിക്കാന്‍ പോയതിന്റെ പ്രകോപനത്താല്‍ ചട്ടുകം ഉപയോഗിച്ച് പൊള്ളിച്ചിട്ടുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.
സംഭവത്തില്‍ ഇന്നു തുടര്‍നടപടി സ്വീകരിക്കുമെന്നു പൊലീസ് അറിയിച്ചു. കുട്ടിയെ പൊളളിക്കുന്നത് വീട്ടുകാര്‍ എതിര്‍ത്തപ്പോള്‍ അവരെ മര്‍ദ്ദിക്കുകയും ആശുപത്രിയില്‍ കൊണ്ടുപോകരുതെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതായും പറയപ്പെടുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം അന്വേഷണ പരിധിയില്‍ വരും. കുട്ടിയുടെ പിതാവിനെ വിശദമായി ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

