പത്താം നിലയില്‍ നിന്ന് വീണ ഒന്നര വയസുകാരിയുടെ ജീവനുവേണ്ടി പ്രാര്‍ത്ഥനയോടെ യുഎഇ

റാസല്‍ഖൈമ: കെട്ടിടത്തിന്‍റെ പത്താം നിലയില്‍ നിന്നു കാറിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ ഒന്നര വയസുകാരിയുടെ ജീവനുവേണ്ടി യുഎഇ മുഴുവന്‍ കണ്ണീരോടെ പ്രാര്‍ത്ഥിക്കുകയാണ്. ഞായറാഴ്ച രാത്രിയാണ് റാസല്‍ഖൈമയില്‍ ദാരുണമായ സംഭവം നടന്നത്. 19 മാസം പ്രായമുള്ള പെണ്‍കുഞ്ഞ് അമ്മയുടെ കണ്ണ് തെറ്റിയ സമയത്ത് ജനലിലൂടെ താഴേക്ക് വീഴുകയായിരുന്നു

ഈജിപ്ഷ്യന്‍ ദമ്പതികളുടെ മകളാണ് അപകടത്തില്‍ പെട്ടത്. ജനലിന് സമീപം ഇട്ടിരുന്ന സോഫയില്‍ ഇരുന്ന് കളിക്കുകയായിരുന്ന കുഞ്ഞ്. ഈ സമയം ആറ് വയസുള്ള സഹോദരന് അടുത്തദിവസം സ്‌കൂളില്‍ കൊണ്ടുപോകാനുള്ള ബാഗ് ശരിയാക്കുന്ന തിരക്കിലായിരുന്നു അമ്മ. സോഫയില്‍ പിടിച്ചുകയറി ജനലിലൂടെ പുറത്തേക്ക് നോക്കാന്‍ തുടങ്ങുന്ന കുഞ്ഞിനെകണ്ട് അമ്മ ഓടിയെത്തിയെങ്കിലും പിടിക്കാന്‍ കഴിയുന്നതിന് മുന്‍പ് താഴേക്ക് വീഴുകയായിരുന്നു.

കെട്ടിടത്തിന് താഴെ നിര്‍ത്തിയിട്ടിരുന്ന കാറിന്‍റെ പിന്‍ ഗ്ലാസിലേക്കാണ് കുട്ടി വീണത്. ഉടന്‍തന്നെ സഖര്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചു. ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനാല്‍ അടിയന്തര ശസ്ത്രക്രിയക്കും വിധേയമാക്കി. പ്രത്യേക സ്‌കാനിങ് പരിശോധനകള്‍ക്കായി ഉബൈദുല്ല ആശുപത്രിയിലേക്ക് കൊണ്ടുപോയശേഷം തിരികെ സഖര്‍ ആശുപത്രിയില്‍ തന്നെ എത്തിച്ച് ചികിത്സ തുടരുകയാണ്.

കുട്ടിയുടെ പിതാവ് വീട്ടുസാധനങ്ങള്‍ വാങ്ങാനായി പുറത്തുപോയ സമയത്തായിരുന്നു സംഭവം.സംഭവമറിഞ്ഞ് റാസല്‍ഖൈമയിലെ മലയാളികളടക്കം ഒട്ടേറെ പേര്‍ സ്ഥലത്തെത്തി. ആളുകള്‍ ആശുപത്രിയിലും തടിച്ചുകൂടി. അത്യാഹിത വിഭാഗത്തില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ട് ജീവിതത്തിലേക്ക് വരണേ എന്ന ഒരേയൊരു പ്രാര്‍ത്ഥന മാത്രം എല്ലാവര്‍ക്കും.

prp

Related posts

Leave a Reply

*