റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥന്റെ രഹസ്യസങ്കേതത്തില്‍ പണം വെച്ച്‌ ചീട്ടുകളി; പത്തംഗസംഘം വേഷം മാറിയെത്തിയ പോലീസ് പിടിയില്‍

കുമളി: വന്‍ തോതില്‍ പണം വെച്ച്‌ ചീട്ടുകളി നടത്തി പൊലീസിനെ വട്ടംകറക്കിയ പത്തംഗസംഘം പിടിയില്‍. ചീട്ട് കളിക്കാന്‍ ഉപയോഗിച്ച 2,51,000 രൂപയും പിടിച്ചെടുത്തു.തമിഴ്നാട് വനാതിര്‍ത്തിയോട് ചേര്‍ന്ന രഹസ്യ സങ്കേതത്തില്‍ നിന്നും അതീവ രഹസ്യമായി നടത്തിവന്ന ചീട്ടുകളി നടത്തിയിരുന്ന സംഘത്തെയാണ് പൊലീസ് പിടികൂടിയത്.

പിടികൂടാതിരിക്കുവാന്‍ വേണ്ടി സംഘം ഓരോ ദിവസവും വിവിധ കേന്ദ്രങ്ങളില്‍ ചീട്ടുകളി നടത്തി വന്നതിനാല്‍ ഇവരെ പിടികൂടുക പോലീസിന് വളരെ ദുഷ്കരമായിരുന്നു. പോലീസിന്റെ വരവ് അറിഞ്ഞ് സംഘം മുങ്ങുകയാണ് പതിവ്. പലപ്രാവശ്യം പൊലീസ് ഇവരെ പിടികൂടാന്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല.

ഓരോ ദിവസവും എവിടെയെങ്കിലും സംഘം ഒത്തുകൂടി ചീട്ടുകളി നടത്താന്‍ ഒരു സ്ഥലം തിരഞ്ഞെടുക്കുകയാണ് പതിവ്. കുമളി നഗര മധ്യത്തില്‍ റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥന്‍ ഈപ്പന്‍ വര്‍ഗീസിന്റെ കെട്ടിടത്തില്‍ ചീട്ടുകളി നടത്തിവരവേയായിരുന്നു സംഘം പിടിയിലായത്. പോലീസിനെ നിരീക്ഷിക്കാന്‍ വേണ്ടി സംഘം ആളുകളെ നിയോഗിച്ചിരുന്നതിനാല്‍ വേഷം മാറിയെത്തിയാണ് പൊലീസ് ചീട്ടുകളി സംഘത്തെ കുടുക്കിയത്.

ഇടുക്കി ജില്ലാ പോലീസ് മേധാവി വിയുകുര്യാക്കോസിന്റെ നിര്‍ദ്ദേശാനുസരണം കട്ടപ്പന ഡിവൈഎസ്പി വിഎ നിഷാദ് മോന്‍, കുമളി ഐപി ജോബിന്‍ ആന്റണി, കട്ടപ്പന എസ് ഐ ദിലീപ് കുമാര്‍. കെ, കട്ടപ്പന ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണസംഘത്തില്‍പ്പെട്ട എസ്‌ഐ സജിമോന്‍ ജോസഫ്, സിപിഒ വി കെ അനീഷ്, കുമളി പോലീസ് സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്‌ഐ നിഖില്‍ കെ. കെ, സിപിഒമാരായ അഭിലാഷ്, അനീഷ് വിശ്വംഭരന്‍, അരുണ്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

prp

Leave a Reply

*