ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പ്ലസ് ടു, പത്താം ക്ലാസ് പരീക്ഷ ചോദ്യ പേപ്പര്‍ ചോര്‍ച്ചയിലെ സൂത്രധാരന്‍ അറസ്റ്റില്‍. . ഡല്‍ഹി രജീന്ദര്‍ നഗറിലെ കോച്ചിങ്ങ് സെന്റര്‍ സഥാപകന് വിക്കിയാണ് ഡല്‍ഹി പൊലീസിന്റെ കസ്റ്റഡിയിലായത്. ചോര്‍ത്തിയ ചോദ്യങ്ങളുടെ ഉത്തരങ്ങളടങ്ങിയ കൈയെഴുത്തു പ്രതി 10000 മുതല്‍ 15000 രൂപക്ക് വരെ വിറ്റിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.
കണക്കും ഇക്കണോമിക്സും ഈ കോച്ചിംഗ് സെന്ററില്‍ പഠിപ്പിച്ചിരുന്നു. രാജ്യത്ത് മുഴുവനുമായാണ് പരീക്ഷ നടക്കുന്നത്. എന്നാല്‍ ചോദ്യപേപ്പര്‍ ചോര്‍ന്നത് ഡല്‍ഹിയിലെ ചില സ്കൂളുകളില്‍ മാത്രമാണ്.
വിക്കിക്ക് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് മാര്‍ച്ച് 23ന് സി.ബി.എസ്.ഇക്ക് ഫാക്സ് വഴി അജ്ഞാതന്‍ കത്തയച്ചിരുന്നു. ഇൗ വിവരം സി.ബി.എസ്.ഇ റീജിയണല്‍ ഡയറക്ടറുടെ പരാതിയില്‍ സൂചിപ്പിച്ചിരുന്നു. രജീന്ദര്‍ നഗറിലെ രണ്ട് സ്കൂളുകള്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്ന് പരാതിയില്‍ ആരോപിച്ചിരുന്നു. ചോദ്യപ്പേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പ്ലസ് ടു ഇക്കണോമിക്സും പത്താം ക്ലാസ് കണക്ക് പരീക്ഷയും വീണ്ടും നടത്താന്‍ ബോര്‍ഡ് തീരുമാനിച്ചിരുന്നു.
