സി.ബി.എസ്.ഇ ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ 3 അധ്യാപകര്‍ കൂടി അറസ്റ്റില്‍

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ രണ്ട് അധ്യാപകരും സ്വകാര്യ കോച്ചിംഗ് സെന്‍ററിലെ അധ്യാപകനും അറസ്റ്റില്‍. സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസിലെ എക്കണോമിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തിലാണ് റിഷബ്, രോഹിത് , തൗകീര്‍ ഹസന്‍ എന്നിവര്‍ അറസ്റ്റിലായത്.

അറസ്റ്റിലായ രണ്ട് രണ്ടുപേര്‍ സ്വകാര്യ സ്‌കൂളിലെ അധ്യാപകരാണ്. എക്കണോമിക്‌സ് പരീക്ഷ ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ്പ് ചോദ്യ പേപ്പര്‍ അടങ്ങിയ കവറിന്‍റെ സീല്‍ പൊട്ടിച്ച്‌ ചോദ്യ പേപ്പറുകളുടെ ഫോട്ടോ മൊബൈലില്‍ എടുത്ത് വാട്‌സ്‌ആപ്പ് വഴി സ്വകാര്യ കോച്ചിംഗ് സെന്‍ററിലെ അധ്യാപകന് ചോര്‍ത്തി കൊടുക്കുകയായിരുന്നു.
തുടര്‍ന്ന്‍ ഇവര്‍ ചേര്‍ന്ന്‍ പ്രധാനപ്പെട്ട ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ സഹിതം വിദ്യാര്‍ത്ഥികള്‍ക്ക് ചോര്‍ത്തിക്കൊടുക്കുകയും ചെയ്തു.

2000 രൂപ മുതല്‍ 5000 രൂപ വരെ ഈടാക്കിയാണ് ചോദ്യങ്ങളും ഉത്തരങ്ങളും കൈമാറിയത്. എക്കണോമിക്‌സ് ചോദ്യപേപ്പര്‍ വാട്‌സ്‌ആപ്പ് വഴി പ്രചരിച്ചതിന് പുറമെ കൈയെഴുത്ത് രൂപത്തിലും പ്രചരിച്ചിരുന്നു. ഇത് രണ്ടും വ്യത്യസ്ത കേസുകളായാണ് അന്വേഷിക്കുന്നത്.

അതേസമയം ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുണ്ടായിരുന്ന കെ.എസ് റാണ എന്ന ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയമാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തത്. ചോദ്യ പേപ്പറുകളുടെ കസ്‌റ്റോഡിയന്‍ റാണയായിരുന്നു. ഇദ്ദേഹം അറിയാതെ ചോദ്യ പേപ്പര്‍ ചോരില്ലെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.

prp

Related posts

Leave a Reply

*