തൃശൂര്‍: നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിന്റെ ഡേറ്റ കൈമാറ്റമുള്‍പ്പെടെയുള്ള സാങ്കേതികനടപടികള്‍ വൈകുന്നതിനാല്‍ ജില്ലയിലെ അടക്കം കേരളത്തിലെ ഒട്ടുമിക്ക പ്രധാനനിരത്തുകളിലും നിര്‍മ്മിതബുദ്ധിയുള്ള (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) കാമറകള്‍ മിഴി തുറന്നില്ല.
എല്ലാ ജില്ലകളിലും ഒരുമിച്ച് പ്രവര്‍ത്തനം തുടങ്ങുമെന്നാണ് വിവരം. അമ്ബതോളം ഇടങ്ങളില്‍ കാമറ സ്ഥാപിച്ചതായാണ് അധികൃതര്‍ നല്കുന്ന വിവരം. 700 ലേറെ കാമറകള്‍ പല സമയങ്ങളിലായി സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുണ്ട്.
റോഡിലെ എല്ലാത്തരം നിയമലംഘനങ്ങളുടെയും ദൃശ്യം പകര്‍ത്തി അതത് ജില്ലാ കണ്ട്രോള് റൂം വഴി പിഴ ഈടാക്കുന്നതിനായാണ് മോട്ടോര്‍ വാഹനവകുപ്പ് ആധുനിക കാമറ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതിരിക്കുക, കൂടുതല്‍ ആളുകളെ കയറ്റുക, ഡ്രൈവിംഗിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം തുടങ്ങിയ നിയമലംഘനങ്ങള്‍ കാമറകളില്‍ തെളിയും. ഇ ചലാന്‍ വഴി പിഴയീടാക്കും. നിയമലംഘനങ്ങളുടെ ചിത്രം സഹിതം തെളിവ് നല്കി പിഴ ഈടാക്കും. പാര്‍ക്കിംഗ് നിയമലംഘനങ്ങള്‍ പിടിക്കാനുളള കാമറകളുമുണ്ട്. കെല്‍ട്രോണിന്റെ നേതൃത്വത്തിലാണ് കാമറ സജ്ജമാക്കിയത്.
അപകടങ്ങളേറുന്നു
കൊവിഡ് നിയന്ത്രണം പൂര്‍ണ്ണമായും ഇല്ലാതായ ശേഷം റോഡപകടങ്ങളില്‍ വന്വര്ദ്ധനയുണ്ടായെന്നാണ് അധികൃതര്‍ നല്കുന്ന വിവരം. ഏപ്രില്‍ ഒന്നിന് കാമറ പ്രവര്‍ത്തനമാരംഭിക്കുമെന്നായിരുന്നു ആദ്യവിവരം. പിന്നീട് ജൂണില്‍ തുടങ്ങാന്‍ തീരുമാനിച്ചെങ്കിലും നടന്നില്ല. ഉദ്യോഗസ്ഥരില്ലാതെ നിയമലംഘനം കണ്ടെത്താമെന്നതാണ് കാമറകളുടെ പ്രധാന പ്രത്യേകത. മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹന്‍ സോഫ്റ്റ് വെയറുമായാണ് കാമറകളെ ബന്ധിപ്പിച്ചിരിക്കുന്നത്. വാഹനത്തിനുള്ളിലേക്ക് വരെ കാമറ സൂം ചെയ്ത് വിവരം ശേഖരിക്കാനാവും.
കാമറയില്ലെങ്കിലും പണി കിട്ടും
കാമറ പ്രവര്‍ത്തിപ്പിക്കുന്നത് വൈകുമ്ബോഴും റോഡിലെ നിയമലംഘനം കണ്ടെത്താനുള്ള നടപടി പൊലീസ് ശക്തമാക്കി. വാഹനം ഓടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുക, സന്ദേശം അയക്കുക, ഇന്റര്‍നെറ്റ് ഉപയോഗിക്കുക, ഫോട്ടോ എടുക്കുക തുടങ്ങിയവ ഗുരുതരമായ നിയമലംഘനങ്ങളായി പരിഗണിക്കാനാണ് പൊലീസിനുള്ള നിര്‍ദ്ദേശം. സ്വന്തം സുരക്ഷയ്ക്ക് പുറമെ, പൊതുജനങ്ങളുടെ സുരക്ഷയ്ക്കുമായി ഇത്തരം പ്രവണത ഉപേക്ഷിക്കണമെന്നാണ് മുന്നറിയിപ്പ്.
ശ്രദ്ധിക്കാന്‍
ഡ്രൈവിംഗിനിടയില്‍ ഫോണില്‍ സംസാരിക്കുന്നതും സന്ദേശം അയയ്ക്കുന്നതും ചിത്രീകരണം നടത്തുന്നതും നിയമലംഘനം.
പിഴ നല്‍കുന്നതിനൊപ്പം ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ പൊലീസ് സ്വീകരിക്കും.
സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ഫോണ്‍ ഉപയോഗം കുറയ്ക്കാനുള്ള ബോധവത്കരണവും പൊലീസ് ശക്തമാക്കി.

