ആയിരക്കണക്കിന് കാന്‍സര്‍ രോഗനിര്‍ണയം നടത്തി, ഇപ്പോള്‍ ആ അവസ്ഥ സ്വയം മനസ്സിലാക്കുന്നു; “എനിക്ക് മൈലോമ”: ഡോ കെ പി അരവിന്ദന്‍

നിക്ക് മൈലോമ സ്ഥിരീകരിച്ചെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍പ്രസിഡന്റും കോഴിക്കോട് മെഡിക്കല്‍ കോളജ് പാത്തോളജി വിഭാഗം മുന്‍മേധാവിയുമായ ഡോ.

കെ പി അരവിന്ദന്‍. അസഹ്യമായ പുറംവേദനയെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലായിരുന്നു രോഗനിര്‍ണ്ണയം. കഴിഞ്ഞ നാല് പതിറ്റാണ് ആയിരക്കണക്കിന് കാന്‍സര്‍ രോഗനിര്‍ണയം നടത്തിയ താന്‍ ഇപ്പോഴിതാ കാന്‍സര്‍ രോഗനിര്‍ണയ റീപ്പോര്‍ട്ട് കിട്ടിയാലത്തെ അവസ്ഥ സ്വയം മനസ്സിലാക്കുന്ന അവസരം വന്നെത്തിയിരിക്കുന്നെന്ന് കുറിച്ചാണ് രോഗത്തെക്കുറിച്ച്‌ അദ്ദേഹം പങ്കുവച്ചത്.

എന്താണ് മൈലോമ എന്നതിനെക്കുറിച്ചും അദ്ദേഹം കുറിപ്പില്‍ വിശദീകരിച്ചിട്ടുണ്ട്. “ശരീരത്തില്‍ ആന്‍്റിബോഡികള്‍ നിര്‍മ്മിക്കുന്ന ഫാക്ടറികളാണ് പ്ളാസ്മാ കോശങ്ങള്‍ (Plasma cells). എന്‍്റെ ശരീരത്തിലെ ഒരു കൂട്ടം പ്ളാസ്മാ കോശങ്ങള്‍ എല്ലാ നിയന്ത്രണങ്ങളേയും നിയമങ്ങളേയും ധിക്കരിച്ച്‌ സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരിക്കുന്നു. അവ അനിയന്ത്രിതമായി പെരുകിക്കൊണ്ടിരിക്കുന്നു. കൂട്ടത്തില്‍ അവയുടേതായ പ്രത്യേക ബ്രാന്‍ഡ് ആന്‍്റിബോഡി തന്മാത്രകള്‍ (ഇമ്മ്യൂണോഗ്ളോബിനുകള്‍) ഉല്‍പ്പാദിപ്പിച്ചു കൊണ്ടിരിക്കുന്നു. അസഹ്യമായ പുറംവേദന കൂടുതല്‍ പരിശോധനയ്ക്കു വിധേയമാക്കിയപ്പോള്‍ ഈ പ്രത്യേക ഇമ്മ്യൂണോഗ്ളൊബുലിനുകള്‍ വര്‍ദ്ധിച്ചതായി കണ്ടെത്തിയതു വഴിയാണ് രോഗനിര്‍ണയം സാധ്യമായത്. പിന്നീട് മജ്ജ പരിശോധിച്ച്‌ പ്ളാസ്മാ കോശങ്ങള്‍ വളരെയേറെ വര്‍ദ്ധിച്ചതായി കണ്ടതോടെ രോഗം സ്ഥിരീകരിച്ചു”, അദ്ദേഹം കുറിച്ചു.

ഫേയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

കഴിഞ്ഞ നാല്‍പ്പതു വര്‍ഷക്കാലത്ത് ആയിരക്കണക്കിന് കാന്‍സര്‍ രോഗനിര്‍ണയം നടത്തിയിട്ടുണ്ട്. പുതിയ സാങ്കേതിക വിദ്യകളിലൂടെ, നൂതന വര്‍ഗീകരണങ്ങളിലൂടെ, പുതുപുത്തന്‍ ചികിത്സാ രീതികളിലൂടെ സഞ്ചരിച്ച്‌ സയന്‍സിന്‍്റെ അപാര കഴിവുകളില്‍ അത്ഭുതം കൂറിയിട്ടുണ്ട്. കാന്‍സറിന്‍്റെ സ്വാഭാവിക ഫലം മരണമെന്ന സ്ഥിതി മാറി, മിക്ക കാന്‍സറുകളേയും കീഴടക്കാമെന്ന സ്ഥിതി സംജാതമായതും ഇക്കാലത്താണ്. കൃത്യതയോടെയുള്ള രോഗനിര്‍ണയം ഇതില്‍ വഹിച്ച പങ്ക് വളരെ വലുതായിരുന്നതു കൊണ്ടു തന്നെ മാറ്റത്തിന്‍്റെ പ്രതിനിധികളില്‍ പെട്ടവന്‍ എന്ന് അഭിമാനം തോന്നിയിട്ടുണ്ട്.
പലപ്പോഴും രോഗനിര്‍ണയം കഴിഞ്ഞ് റിപ്പോര്‍ട്ട് തയ്യാറാക്കിക്കഴിഞ്ഞാല്‍, അതു കിട്ടുന്ന ആളിനെ പറ്റി ആലോചിക്കാറുണ്ട്. എന്തായിരിക്കും അവരുടെ മാനസികാവസ്ഥ? അമ്ബരപ്പ്? നിരാശ? ഭാവിയെപറ്റിയുള്ള ആശങ്ക? പേടി? നേരിട്ട് ചെന്ന് കൃത്യമായി രോഗാവസ്ഥയെ പറ്റി പറഞ്ഞു കൊടുത്ത് ആശ്വാസവും ധൈര്യവും നല്‍കാന്‍ സാധാരണയായി ഒരു പത്തോളജിസ്റ്റിനു കഴിയാത്തതില്‍ വിഷമം തോന്നിയിട്ടുണ്ട്.
ഇപ്പോഴിതാ കാന്‍സര്‍ രോഗനിര്‍ണയ റീപ്പോര്‍ട്ട് കിട്ടിയാലത്തെ അവസ്ഥ സ്വയം മനസ്സിലാക്കുന്ന അവസരം വന്നെത്തിയിരിക്കുന്നു! എനിക്ക് മൈലോമ (Myeloma) എന്ന രോഗം ബാധിച്ചിരിക്കുന്നതായ റിപ്പോര്‍ട്ട് രണ്ടു ദിവസം മുന്‍പ് കൈപ്പറ്റി. ശരീരത്തില്‍ ആന്‍്റിബോഡികള്‍ നിര്‍മ്മിക്കുന്ന ഫാക്ടറികളാണ് പ്ളാസ്മാ കോശങ്ങള്‍ (Plasma cells). എന്‍്റെ ശരീരത്തിലെ ഒരു കൂട്ടം പ്ളാസ്മാ കോശങ്ങള്‍ എല്ലാ നിയന്ത്രണങ്ങളേയും നിയമങ്ങളേയും ധിക്കരിച്ച്‌ സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരിക്കുന്നു. അവ അനിയന്ത്രിതമായി പെരുകിക്കൊണ്ടിരിക്കുന്നു. കൂട്ടത്തില്‍ അവയുടേതായ പ്രത്യേക ബ്രാന്‍ഡ് ആന്‍്റിബോഡി തന്മാത്രകള്‍ (ഇമ്മ്യൂണോഗ്ളോബിനുകള്‍) ഉല്‍പ്പാദിപ്പിച്ചു കൊണ്ടിരിക്കുന്നു. അസഹ്യമായ പുറംവേദന കൂടുതല്‍ പരിശോധനയ്ക്കു വിധേയമാക്കിയപ്പോള്‍ ഈ പ്രത്യേക ഇമ്മ്യൂണോഗ്ളൊബുലിനുകള്‍ വര്‍ദ്ധിച്ചതായി കണ്ടെത്തിയതു വഴിയാണ് രോഗനിര്‍ണയം സാധ്യമായത്. പിന്നീട് മജ്ജ പരിശോധിച്ച്‌ പ്ളാസ്മാ കോശങ്ങള്‍ വളരെയേറെ വര്‍ദ്ധിച്ചതായി കണ്ടതോടെ രോഗം സ്ഥിരീകരിച്ചു. PET സ്കാനും, മറ്റു ചില ടെസ്റ്റുകളും വഴി രോഗം എത്രത്തോളം പുരോഗമിച്ചെന്ന് തിട്ടപ്പെടുത്തി. ഭാഗ്യവശാല്‍ ഒന്നാംസ്റ്റേജില്‍ തന്നെയാണ്.
വൈകിക്കാതെ ഇന്നു തന്നെ ചികിത്സ തുടങ്ങി. സാധാരണ കീമോതെറാപ്പിക്കു ബദലായി മൈലോമ ബാധിച്ച കോശങ്ങളിലെ ചില തന്മാത്രക്കൂട്ടങ്ങളെ ‘ടാര്‍ഗെറ്റ്’ ചെയ്യുന്ന ചികിത്സയാണ് പ്രധാനം. കൂടെ മറ്റ് ചില അനുബന്ധ മരുന്നുകളും. പുതിയതരം Targeted therapy വഴി ചികിത്സയുടെ ഫലപ്രാപ്തി അടുത്ത കാലത്തായി വളരെയേറെ വര്‍ധിച്ചിട്ടുണ്ട്.
കോഴിക്കോടുള്ള എം.വി.ആര്‍ കാന്‍സര്‍ സെന്‍്ററിലാണ് ചികിത്സ. അടുത്ത ഏതാനും മാസങ്ങളില്‍ പൂര്‍ണമാവും. ആദ്യമാസം ആശുപത്രിയില്‍ വന്ന് ആഴ്ചയില്‍ രണ്ടു ദിവസം ഇന്‍ജക്ഷനുകള്‍ എടുക്കുന്നതൊഴിച്ചാല്‍ വീട്ടിനുള്ളില്‍ കഴിഞ്ഞുകൂടാനാണ് ഉപദേശം. പിന്നെ പതുക്കെ പുറത്തിറങ്ങാമെന്ന് പ്രതീക്ഷിക്കുന്നു. വീട്ടില്‍ മൈക്രോസ്കോപ്പും സൂമുമായി ജോലി തുടരാനാവുമെന്ന് കരുതുന്നു. കൂടെ കുറച്ച്‌ എഴുത്തും പഠനവും.
മൈലോമ രോഗത്തെ തോല്‍പ്പിക്കാനാവുമെന്നാണ് ഇപ്പോഴത്തെ ദൃഢപ്രതീക്ഷ.

prp

Leave a Reply

*