അതിര്‍ത്തികടന്ന ദക്ഷിണ കൊറിയന്‍ ഉദ്യോഗസ്ഥനെ ഉത്തരകൊറിയന്‍ സൈന്യം വെടിവെച്ചു കൊലപ്പെടുത്തി

സോള്‍ : സമുദ്രാതിര്‍ത്തി കടന്നതിന്റെ പേരില്‍ ദക്ഷിണ കൊറിയന്‍ ഉദ്യോഗസ്ഥനെ ഉത്തരകൊറിയന്‍ സൈന്യം വെടിവെച്ചു കൊലപ്പെടുത്തി. തുടര്‍ന്ന് കോവിഡ് ഭയത്തില്‍ ഉദ്യോഗസ്ഥന്റെ മൃതദേഹം കത്തിക്കുകയും ചെയ്തു. മണിക്കൂറുകളോളം കടലില്‍ വെച്ച്‌ ഉദ്യോഗസ്ഥനെ ചോദ്യംചെയ്ത ശേഷമാണ് വെടിവെച്ചുകൊലപ്പെടുത്തിയതെന്നാണ് ദക്ഷിണ കൊറിയന്‍ സൈന്യം പറയുന്നത്.

സംഭവത്തിന് പിന്നാലെ മേഖലയില്‍ ഇരുരാജ്യങ്ങളും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏറെ നാളുകള്‍ക്ക് ശേഷമാണ് ഉത്തര കൊറിയ ഒരു ദക്ഷിണ കൊറിയന്‍ പൗരനെ കൊലപ്പെടുത്തുന്നത്. അതേസമയം സംഭവത്തില്‍ അപലപിച്ച ദക്ഷിണ കൊറിയന്‍ സൈന്യം ഉത്തരകൊറിയ ഉത്തരവാദിത്തം ഏറ്റെടുത്ത് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു.

പടിഞ്ഞാറന്‍ അതിര്‍ത്തി ദ്വീപായ യെന്‍പിയോങിന് സമീപം പട്രോളിംഗ് കപ്പലില്‍ നിന്ന് ദക്ഷിണകൊറിയയുടെ ഫിഷറീസ് ഉദ്യോഗസ്ഥന്‍ തിങ്കളാഴ്ചയാണ് അപ്രത്യക്ഷനായത്. 24 മണിക്കൂറിന് ശേഷം ഉത്തര കൊറിയന്‍ സൈന്യം ഉദ്യോഗസ്ഥനെ കണ്ടെത്തുകയും ചോദ്യം ചെയ്യലിന് വിധേയമാക്കുകയുമായിരുന്നു. ശേഷം മൃതദേഹം എണ്ണ ഒഴിച്ച്‌ കത്തിച്ചു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഉത്തരകൊറിയ മൃതദേഹങ്ങള്‍ കത്തിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും ദക്ഷിണ കൊറിയന്‍ സൈനിക വൃത്തങ്ങള്‍ പറയുന്നു.

prp

Leave a Reply

*