മുംബൈ: മഹാരാഷ്ട്രയിലെ വര്‍ധയിലുള്ള ആയുധ ഡിപ്പോയ്‌ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ഇവിടെ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്‌തുക്കള്‍ നിര്‍വീര്യമാക്കുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് വിവരം.
മൂന്ന് ഗ്രാമീണരും ഒരു ജീവനക്കാരനുമാണ് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തില്‍ 18 പേര്‍ക്കും പരിക്കേറ്റു. രാവിലെ എട്ട് മണിയോടെയാണ് നാടിനെ നടുക്കിയ സ്‌ഫോടനം ഉണ്ടായത്. അതീവ സുരക്ഷാ മേഖലയായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
അതേസമയം, ജമ്മുകാശ്‌മീര്‍ ഷോപ്പിയാനില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ വധിക്കുകയും ഒരു സൈനികന്‍ വീരമൃത്യു വരിക്കുകയും ചെയ്‌തു. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
ശ്രീനഗറില്‍ നിന്നും 60 കിലോമീറ്റര്‍ ദൂരെയുള്ള നദിഗാം ഗ്രാമത്തില്‍ ആര്‍മി പാരാട്രൂപ്പേഴ്‌സ്, കാശ്മീര്‍ പൊലീസ്, സി.ആര്‍.പി.എഫ് എന്നിവര്‍ ചേര്‍ന്ന് സംയുക്ത തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

