ഭോപ്പാല്‍: മധ്യപ്രദേശിലെ പൊലീസ് റിക്രൂട്ട്മെന്‍റ് റാലിയില്‍ എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗത്തില്‍ പെട്ട യുവാക്കളുടെ മേല്‍ സീല്‍ പതിച്ചത് വിവാദമായി. ധര്‍ ജില്ലയിലെ പൊലീസ് റിക്രൂട്ട്മെന്‍റിനിടെ നടന്ന മെഡിക്കല്‍ പരിശോധനക്കിടെയാണ് യുവാക്കളുടെ നെഞ്ചത്ത് ജാതി തിരിച്ച് സീല്‍ പതിച്ചത്. ഇതിന്‍റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ജാതി വിവേചനത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.
സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ധര്‍ പൊലീസ് സൂപ്രണ്ട് അറിയിച്ചു. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങള്‍ക്ക് പ്രത്യേക തെരഞ്ഞടുപ്പ് മാനദണ്ഡങ്ങളായതിനാല്‍ ഇവരെ വേര്‍തിരിച്ചറിയാനാണ് ഇത്തരത്തില്‍ സീല്‍ പതിച്ചതെന്ന് ജില്ലാ അധികൃതര്‍ അറിയിച്ചു. മറ്റുള്ളവരുമായി ഇടകലര്‍ന്ന് പ്രശ്നങ്ങള്‍ സൃഷ്ടിക്കാതിരിക്കാനായിരുന്നു ഇതെന്നും പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥര്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് പ്രക്രിയ സുഗമമാക്കാന്‍ വേണ്ടിയായിരുന്നു നടപടിയെന്നും ആരേയും അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും എന്നാല്‍ സംഭവം ഒഴിവാക്കാമായിരുന്നുവെന്നും ഡി.ജി.പി അറിയിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധമുയരുമ്ബോ ഴും ഉദ്യോഗാര്‍ഥികളാരും ഇതിനെതിരെ പരാതി നല്‍കിയിട്ടില്ല.

