ബെംഗളൂരു മയക്കുമരുന്ന് കേസ്; അന്വേഷണം മലയാള സിനിമയിലേക്ക്; സൂപ്പര്‍താരങ്ങളുടെ സിനിമയുമായി പ്രതികള്‍ക്ക് നേരിട്ട് ബന്ധം

കൊച്ചി: മലയാള സിനിമാ ലോകം വീണ്ടും മയക്കുമരുന്ന് വിവാദത്തില്‍. ബെംഗളൂരുവില്‍ കന്നഡ സിനിമാ താരങ്ങള്‍ ഉള്‍പ്പെട്ട ലഹരിക്കടത്ത് കേസിലെ അന്വേഷണം മലയാള സിനിമയിലേക്കും നീങ്ങുന്നു. നാര്‍ക്കോട്ടിക് സെല്‍ ബ്യൂറോ അറസ്റ്റ് ചെയ്ത പ്രതികള്‍ക്ക് നിരവധി സംവിധായകരുമായും നടീനടന്മാരുമായും ബന്ധമുണ്ടെന്ന് നേരത്തെ പുറത്തുവന്നിരുന്നു. സൂപ്പര്‍താരത്തിന്റെ ഉള്‍പ്പെടെ മൂന്ന് ചിത്രങ്ങള്‍ക്ക് പ്രതികളുമായി നേരിട്ട് ബന്ധമുള്ളതായും വ്യക്തമായിട്ടുണ്ട്. ഇസ്ലാമിസ്റ്റ് ആശയങ്ങളാണ് ഈ സിനിമകള്‍ ഉയര്‍ത്തിക്കാണിച്ചത്.

മമ്മൂട്ടി നായകനായി 2019ല്‍ പുറത്തിറങ്ങിയ ഉണ്ട എന്ന സിനിമയാണ് ഇതില്‍ പ്രധാനം. സിനിമയുടെ സംവിധായകന്‍ ഖാലിദ് റഹ്മാന്‍ കേസിലെ മുഖ്യപ്രതി അനൂപ് മുഹമ്മദിനെ മൂന്നു മാസത്തിനിടെ 22 തവണ ഫോണില്‍ വിളിച്ചതായി അന്വേഷണസംഘം കണ്ടെത്തി. കമ്യൂണിസ്റ്റ് ഭീകരരായ മാവോയിസ്റ്റുകളെ നോവിക്കാതെയെടുത്ത സിനിമയാണ് ഉണ്ട. ഛായാഗ്രാഹകനായ ഷൈജു ഖാലിദിന്റെ സഹോദരനാണ് ഖാലിദ് റഹ്മാന്‍. ആഷിഖ് അബുവിന്റെയും അമല്‍ നീരദിന്റെയും സിനിമകളിലെ സജീവ സാന്നിധ്യമാണ് ഷൈജു.

ആസിഫ് അലി, അര്‍ജ്ജുന്‍ അശോകന്‍ തുടങ്ങിയ യുവനടന്മാരെ കേന്ദ്ര കഥാപാത്രമായി 2018ല്‍ റിലീസ് ചെയ്ത ബിടെക് ആണ് മറ്റൊരു സിനിമ. ബെംഗളുരുവിലാണ് സിനിമ ചിത്രീകരിച്ചത്. അനൂപ് മുഹമ്മദിന്റെ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള സഹായം ചിത്രീകരണത്തിനുണ്ടായിരുന്നു. നിരപരാധികളായ മുസ്ലീങ്ങളെ തീവ്രവാദ കേസുകളില്‍ തെരഞ്ഞുപിടിച്ച്‌ പ്രതികളാക്കുന്നുവെന്നാണ് സിനിമ പറയുന്നത്. മുസ്ലിം ഭീകര സംഘടനകളുടെയും പാക്കിസ്ഥാന്റെയും ആരോപണം അതേപടി ഏറ്റെടുക്കുകയാണ് ബിടെക്. ഇതിന് പിന്നാലെ അനൂപ് മുഹമ്മദിന്റെ ഹോട്ടല്‍ സംരംഭത്തിന് സമൂഹമാധ്യമങ്ങളിലൂടെ ആസിഫ് അലി ആശംസ അറിയിച്ചതും കണ്ടെത്തി. ഇതില്‍ അഭിനയിച്ച ചില നടന്മാര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നത് പതിവാണെന്നും ആരോപണമുണ്ട്.

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നിയാസ് മുഹമ്മദ്, ടൊവിനോ തോമസ് നായകനായ കല്‍ക്കിയില്‍ അഭിനയിച്ചു. വില്ലന്‍ വേഷമായിരുന്നു. ടൊവിനോ പോലീസ് ഓഫീസറുടെ വേഷത്തിലെത്തിയ സിനിമ ദേശീയവാദികളായ രാഷ്ട്രീയ നേതാക്കളെ മോശക്കാരാക്കിയാണ് ചിത്രീകരിച്ചത്. അരൂര്‍ സ്വദേശിയായ നിയാസ് നിരവധി കന്നഡ സിനിമകളിലും അഭിനയിച്ചു. കേസില്‍ അറസ്റ്റിലായ കന്നഡ നടി സഞ്ജന ഗല്‍റാണിയുടെ സുഹൃത്താണ് നിയാസ്.

കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത ബിനീഷ് കോടിയേരിക്ക് അനൂപ് മുഹമ്മദുമായി സാമ്ബത്തിക ഇടപാടുള്ളതായി വ്യക്തമായിട്ടുണ്ട്. നിര്‍മ്മാതാക്കളെ സംഘടിപ്പിച്ചു നല്‍കുന്നതുള്‍പ്പെടെ, നിരവധി സിനിമകളുടെ ഇടനിലക്കാരനായി ബിനീഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്. അനൂപ് മുഹമ്മദിന്റെ പണം ഇത്തരത്തില്‍ മലയാള സിനിമകളിലേക്ക് ഒഴുകിയിട്ടുണ്ടോയെന്നും അന്വേഷണംസംഘം പരിശോധിക്കുന്നുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലില്‍ ഇത് സംബന്ധിച്ച്‌ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന.

prp

Leave a Reply

*