ഓസ്‌ട്രേലിയയുടെ കറന്‍സി നോട്ടില്‍ നിന്ന് എലിസബത്ത് രാജ്ഞിയുടെ രേഖാചിത്രം നീക്കം ചെയ്യുന്നു, പകരമെത്തുക ചാള്‍സ് രാജാവല്ല

കാന്‍ബറ: ഓസ്‌ട്രേലിയയുടെ കറന്‍സി നോട്ടില്‍ നിന്ന് എലിസബത്ത് രാജ്ഞിയുടെ ഛായാചിത്രം മാറ്റുന്നു. ഓസ്ട്രേലിയയുടെ എ ഡോളര്‍ അഞ്ച് കറന്‍സി നോട്ടില്‍ നിന്നാണ് രാജ്ഞിയുടെ ചിത്രം മാറ്റി പകരം മറ്റൊരു ഡിസൈന്‍ കൊണ്ടുവരുന്നത്.

രാജ്യത്തിന്റെ തദ്ദേശീയ സംസ്കാരം ഉയര്‍ത്തിക്കാട്ടുന്നതിന്റെയും ആദരിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ തീരുമാനമെന്ന് ഓസ്ട്രേലിന്‍ സെന്‍‌ട്രല്‍ ബാങ്ക് വ്യക്തമാക്കി. സര്‍ക്കാരുമായി കൂടിയാലോചിച്ചതിന് ശേഷമാണ് തീരുമാനം കൈക്കൊണ്ടതെന്നും റിസര്‍വ് ബാങ്ക് ഓഫ് ഓസ്ട്രേലിയ കൂട്ടിച്ചേര്‍ത്തു. നോട്ടിന്റെ മറുവശത്ത് ഓസ്ട്രേലിന്‍ പാര്‍ലമെന്റിന്റെ ഛായാചിത്രം തന്നെ തുടരും.

എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിന് ശേഷം നോട്ടില്‍ രാജ്ഞിയ്ക്ക് പകരമായി ചാള്‍സ് രാജാവിന്റെ ചിത്രമായിരിക്കില്ല പ്രിന്റ് ചെയ്യുകയെന്ന് കഴിഞ്ഞ സെപ്തംബറില്‍ ഓസ്ട്രേലിയ വ്യക്തമാക്കിയിരുന്നു. ഓസ്ട്രേലിയയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ തന്നെയാകും നോട്ടില്‍ ഇടംപിടിക്കുകയെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു. നോട്ടില്‍ രാജ്ഞിയുടെ ഛായാചിത്രം ഉള്‍പ്പെടുത്താന്‍ കാരണം അവരുടെ വ്യക്തിത്വമാണെന്നും മറിച്ച്‌ രാജ്ഞി എന്ന അര്‍ത്ഥത്തിലല്ലെന്നും അധികൃതര്‍ പറഞ്ഞു.

തദ്ദേശവാസികളുമായി കൂടിയാലോചന നടത്തി ഭരണഘടനയില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ച്‌ സര്‍ക്കാര്‍ ആലോചിക്കുന്നതിനിടെയാണ് കറന്‍സി നോട്ടില്‍ മാറ്റം വരുത്താനുള്ള തീരുമാനം പുറത്തുവന്നിരിക്കുന്നത്. എലിസബത്ത് രാജ്ഞിയുടെ വിയോഗത്തെത്തുടര്‍ന്ന് ഭരണഘടനാപരമായ രാജവാഴ്ച തുടരണോയെന്നതില്‍ ഓസ്ട്രേലിയയില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. 1999ലെ റെഫറണ്ടം പ്രകാരം രാജ്യത്തിന്റെ മേധാവിയായി ബ്രിട്ടീഷ് രാജാവ് തന്നെ തുടരട്ടെയെന്നാണ് വോട്ടെടുപ്പില്‍ തീരുമാനമായത്.

അതേസമയം, രാജ്ഞിയുടെ രേഖാചിത്രം ഒഴിവാക്കി പുതിയ ഡിസൈന്‍ രൂപകല്‍പ്പന ചെയ്യുന്നതിന് വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നും അതിനാല്‍ അതുവരെ നിലവിലെ കറന്‍സി നോട്ട് തന്നെ തുടരുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.

prp

Leave a Reply

*