മെല്‍ബണ്‍: മലയാളി ഓസ്ട്രേലിയയില്‍ കൊല്ലപ്പെട്ട കേസില്‍ ഭാര്യയ്ക്കും കാമുകനും തടവ്. പുനലൂര്‍ കരുവാളൂര്‍ ആലക്കുന്നില്‍ സാം ഏബ്രഹാം കൊല്ലപ്പെട്ട കേസില്‍ ഭാര്യ സോഫിയ, ഇവരുടെ കാമുകന് അരുണ്‍ കമലാസനന് എന്നിവരെയാണ് വിക്ടോറിയന്‍ സുപ്രീം കോടതി ജയില്‍ ശിക്ഷയ്ക്കു വിധിച്ചത്. സോഫിയ 22 വര്‍ഷത്തെയും കരുണ്‍ 27 വര്‍ഷത്തെയും തടവ് അനുഭവിക്കണം. കേസില്‍ ഇരുവരും കുറ്റക്കാരാണെന്നു ഫെബ്രുവരിയില്‍ കോടതി കണ്ടെത്തിയിരുന്നു.
2015 ഒക്ടോബറിലാണ് മെല്‍ബണിലെ യുഎഇ എക്സ്ചേഞ്ച് ജീവനക്കാരനായ സാം ഏബ്രഹാമിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറക്കത്തിലുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. തുടര്‍ന്ന് മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചശേഷം ഭാര്യ സോഫിയ മെല്‍ബണിലേക്കു മടങ്ങുകയും ചെയ്തു. ഇതിനിടെ മരണം സംബന്ധിച്ച് ഡിറ്റക്ടീവ് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്നു വ്യക്തമായത്. സയനഡ് നല്‍കിയാണ് അരുണ്‍ സാമിനെ കൊലപ്പെടുത്തിയത്. സോഫിയയുടെ മൊബൈല്‍ ഫോണ്‍ വിശദാംശങ്ങള്‍ കേസില്‍ നിര്‍ണായകമായി.
കോട്ടയത്ത് കോളേജില്‍ പഠിക്കുന്ന സമയത്താണ് സോഫിയ സാമുമായി പ്രണയത്തിലാകുന്നത്. പിന്നീട് അവിടെ തന്നെ വിദ്യാര്‍ഥിയായിരുന്ന അരുണുമായും സോഫിയ അടുത്തു. വിവാഹശേഷം ആദ്യനാളുകളില്‍ സാം ദുബായിലായിരുന്നു ജോലി ചെയ്തിരുന്നത്. സോഫിയ ഓസ്ട്രേലിയയിലെത്തി കുറെനാളുകള്‍ക്കുശേഷമാണ് സാം അവിടെ എത്തിയത്. അരുണും ഭാര്യയും കുഞ്ഞും ഓസ്ട്രേലിയയില്‍ എത്തിയതോടെയാണ് ബന്ധം പുനഃരാരംഭിക്കുന്നതും കൊലപാതകം സംഭവിക്കുന്നതും

