ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ യൂനിവേഴ്സല്‍ ബോസായ ക്രിസ് ഗെയില്‍ തീര്‍ത്ത റണ്‍മഴ കാണികള്‍ക്ക് മറക്കാനാകില്ല.
പണക്കൊഴുപ്പിന്റെ മേളയായ ഐ.പി.എല്ലില്‍ ഈ ഇടംകൈയന്‍ ബാറ്റര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, റോയല്‍ ചാലഞ്ചേഴ്സ് ബംഗ്ലൂര്, പഞ്ചാബ് കിങ്സ് ടീമുകളില്‍ കളിച്ചിട്ടുണ്ട്. ഇതുവരെയുള്ള 15 സീസണുകളില്‍ 13ലും താരം കളിച്ചിട്ടുണ്ട്.
ഒരുപിടി ബാറ്റിങ് റെക്കോഡുകളും താരത്തിന്റെ പേരിലുണ്ട്. 43കാരനായ വെസ്റ്റീന്‍ഡീസ് താരം ബൗളര്‍മാരുടെ പേടി സ്വപ്നമായിരുന്നു. ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടിയ റെക്കോഡ് ഗെയിലിന്റെ പേരിലാണ്. 142 മത്സരങ്ങളില്‍നിന്നായി 357 സിക്സ്. 251 സിക്സുകളുമായി മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്സാണ് രണ്ടാമതുള്ളത്.
ഐ.പി.എല്ലില്‍ ലോകത്തിലെ മുന്‍നിര ബൗളര്‍മാരെല്ലാം ഗെയിലിന്റെ ബാറ്റിന്റെ ചൂടറിഞ്ഞവരാണ്. എന്നാല്‍, താരത്തെ വെള്ളം കുടിപ്പിച്ച ബൗളറുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് ഗെയില്‍. ഒരിക്കല്‍ പോലും തന്നെ ഔട്ടാക്കാത്ത ബൗളറാണ് തനിക്ക് ഏറെ തലവേദനയുണ്ടാക്കിയതെന്നു പറയുമ്ബോള്‍ ആരാധകരും ആശ്ചര്യത്തിലാണ്. ഇന്ത്യന്‍ സ്പിന്നര്‍മാരായ രവിചന്ദ്രന്‍ അശ്വിനും ഹര്ഭജന് സിങ്ങുമാണ് ഗെയിലിനെ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കിയത്. അഞ്ചു വീതം തവണ.
എന്നാല്‍, ഇവരാരുമല്ല താരത്തെ വെള്ളംകുടിപ്പിച്ച ബൗളര്‍. ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് ആ ബൗളര്‍. ‘അത് ബുംറയാണ്. ഞാന്‍ ഭാജിയെയോ അശ്വിനെ പോലെയോ ഒരു ഓഫ് സ്പിന്നറെ തെരഞ്ഞെടുക്കില്ല, തീര്‍ച്ചയായും ബുംറയാണത്. അവന്റെ സ്ലോ ബാള്‍ കളിക്കാന്‍ ഏറെ പ്രയാസമാണ്, അവന്റെ പന്തുകള്‍ അസാധാരമാണ്. ഞാന്‍ ബുംറയെ തെരഞ്ഞെടുക്കുന്നു’ -ഗെയില്‍ വെളിപ്പെടുത്തി.
ബുംറയും ഗെയിലും പത്തു തവണയാണ് നേര്‍ക്കുനേര്‍ വന്നത്. എന്നാല്‍, ഒരു തവണ പോലും ഗെയിലിന്റെ വിക്കറ്റെടുക്കാന്‍ ബുംറക്കായില്ല. ഗെയിലിനു നേരെ എറിഞ്ഞ 48 പന്തില്‍ 37 റണ്‍സ് മാത്രമാണ് ബുംറ വിട്ടുകൊടുത്തത്.

