കൊല്ലം: കുണ്ടറയില്‍ കൊച്ചി ഇന്‍ഫോപാര്‍ക്ക് പൊലീസിന് നേരെ വടിവാള്‍ വീശി കായലില്‍ ചാടി രക്ഷപ്പെട്ട ഗുണ്ടാ സംഘത്തെ സാഹസികമായി കുണ്ടറ പൊലീസ് കീഴടക്കി.
പ്രതികളുടെ ആക്രമണത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു.
പേരയം കരിക്കുഴി ലൈവി ഭവനില്‍ ആന്റണി ദാസ് (26), കരിക്കുഴി ലിജോ ഭവനില്‍ ലിയോ പ്ലാസിഡ് (27), ഇവരെ ഒളിവില്‍ താമസിപ്പിച്ച കുമ്ബളം പാവട്ടുമൂലയില്‍ കുരിശടിക്ക് സമീപം ചെങ്കീരി ഷൈജു എന്നിവരെയാണ് പൊലീസ് ഏറ്റുമുട്ടലിലൂടെ കീഴടക്കിയത്.
കഴിഞ്ഞ നാല് ദിവസമായി ഇവര്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇന്നലെ വൈകിട്ട് പാവട്ടുമൂലയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. സംഘട്ടനത്തിനിടെ തടി കൊണ്ടുള്ള ആക്രമണത്തില്‍ കുണ്ടറ സി.ഐ രതീഷ്, സി.പി.ഒമാരായ ഡാര്‍വിന്‍, രാജേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാപ്പ കേസില്‍ ജയില്‍ മോചിതനായ ചെങ്കീരി ഷൈജുവിന്റെ വീട്ടിലായിരുന്നു പ്രതികള്‍ ഒളിവില്‍ താമസിച്ചിരുന്നത്.
പൊലീസിനെ ആക്രമിച്ചതിന് വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അടൂര്‍ റെസ്റ്റ് ഹൗസ് മര്‍ദ്ദന കേസില്‍ ഇന്‍ഫോപാര്‍ക്ക് പൊലീസും അറസ്റ്റ് രേഖപ്പെടുത്തും. ഈ കേസില്‍ 28ന് പുലര്‍ച്ചെ പൊലീസ് അറസ്റ്റ് ചെയ്യാന്‍ എത്തിയപ്പോഴാണ് പ്രതികള്‍ വടിവാള്‍ വീശി പുഴയില്‍ ചാടി രക്ഷപ്പെട്ടത്. പൊലീസ് സ്വയരക്ഷയ്ക്ക് നാല് റൗണ്ട് ആകാശത്തേക്ക് വെടിവയ്ക്കുകയും ചെയ്തു.
കേസിലെ മറ്റൊരു പ്രതിയായ ലിബിന്‍ ലോറന്‍സ് നേരത്തേ പിടിയിലായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ് ആന്റണി ദാസും ലിയോ പ്ലാസിഡും.
പൊലീസുകാരെ ഒരു ദാക്ഷിണ്യവുമില്ലാതെ ആക്രമിക്കുന്ന ചെങ്കീരി ഷൈജു
പൊലീസിന് നേരെ വാള്‍ വീശി കായലില്‍ ചാടി രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളികളെ പൊലീസ് പിടികൂടിയത് സാഹസികമായി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ചെങ്കീരി ഷൈജുവിന്റെ കുമ്ബളം പാവട്ടുമൂലയിലെ വീട്ടില്‍ നിന്ന് ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് കുണ്ടറ പൊലീസ് ആന്റണിദാസിനെയും പ്ലാസിഡിനെയും പിടികൂടിയത്.
വീടുവളഞ്ഞ് പിടികൂടുന്നതിനിടെ കതക് തുറന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ മല്‍പ്പിടിത്തത്തിലൂടെയാണ് പൊലീസ് കീഴടക്കിയത്. പ്രതികളുടെ അക്രമണത്തില്‍ കുണ്ടറ സി.ഐ രതീഷ്, സി.പി.ഒമാരായ ഡാര്‍വിന്‍, രാജേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൈയ്ക്ക് പരിക്കേറ്റ ഡാര്‍വിന്‍, രാജേഷ് എന്നിവരെ കുണ്ടറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കായലില്‍ ചാടി രക്ഷപ്പെട്ട പ്രതികള്‍ ദൂരെയെങ്ങും പോയിട്ടില്ലെന്ന നിഗമനത്തില്‍ ഈ മേഖല കേന്ദ്രീകരിച്ച് ശനിയാഴ്ച മുതല്‍ പൊലീസുകാര്‍ സംഘം തിരിഞ്ഞ് തെരച്ചില്‍ നടത്തുകയായിരുന്നു. കഞ്ചാവ് ഇടപാടുകളുമായി ബന്ധപ്പെട്ട് ചെങ്കീരി ഷൈജുവും ആന്റണിയും തമ്മില്‍ ശത്രുതയിലായിരുന്നതിനാല്‍ ഇയാളുടെ വീട്ടില്‍ ഒളിവില്‍ കഴിയുമെന്ന് പൊലീസ് പ്രതീക്ഷിച്ചിരുന്നില്ല. പ്രതികള്‍ കായലില്‍ ചാടിയ മാപ്പിളപൊയ്കയില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ ദൂരത്താണ് കുമ്ബളം. കായല്‍ തീരത്ത് കൂടി വേഗതയില്‍ ഇവിടെ എത്തിച്ചേരാം. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ കുണ്ടറ പേരയം കരിക്കുഴി മാപ്പിളപ്പൊയ്കയില്‍ വച്ചാണ് ഇവരെ പിടിക്കാനെത്തിയ കൊച്ചി ഇന്‍ഫോപാര്‍ക്ക് ഇന്‍സ്‌പെക്‌ടര്‍ ഉള്‍പ്പെടെയുള്ള പൊലീസ് സംഘത്തിന് നേരെ വടിവാള്‍ വീശി സംഘം കായലില്‍ചാടി രക്ഷപ്പെട്ടത്. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ് ആന്റണി ദാസും ലിയോ പ്ലാസിഡും. കുണ്ടറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം ഇരുപത് കേസുകളില്‍ പ്രതിയാണ്. ഇതിന് മുമ്ബും നിരവധിതവണ പൊലീസിനെ ആക്രമിച്ചിട്ടുണ്ട്. 2016 ല്‍ അടിപിടികേസ് അന്വേഷിച്ചെത്തിയ കുണ്ടറ പൊലീസിനെ ആക്രമിച്ചു. 2018 ല്‍ കഞ്ചാവ് കേസ്. 2019 ലും 2021ലും പൊലീസിനെ ആക്രമിച്ച കേസുമുണ്ട്. രണ്ടു വര്‍ഷം മുന്‍പ് വീടാക്രമിച്ച കേസിലും മുഖ്യപ്രതിയാണ്. രണ്ടാംപ്രതി ലിയോപ്ലാസിഡ് ആന്റണിദാസിന്റെ കൂട്ടാളിയാണ്. കഴിഞ്ഞവര്‍ഷം കിഴക്കേകല്ലടയിലെ ബാറില്‍ ആന്റണി ദാസും ലിയോ പ്ലാസിഡും ചേര്‍ന്ന് ആക്രമണം നടത്തിയപ്പോള്‍ പിടികൂടാന്‍ എത്തിയ കിഴക്കേകല്ലട പൊലീസിനെ പ്രതികള്‍ ആക്രമിച്ചിരുന്നു. മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള നിരവധി ആക്രമണക്കേസുകളാണ് ഇരുവര്‍ക്കും എതിരെ വിവിധ സ്റ്റേഷനുകളിലുള്ളത്.

