കേരളത്തില്‍ ആരോഗ്യകരമായ തൊഴില്‍സംസ്‌കാരം ശക്തിപ്പെടുത്താന്‍ കഴിഞ്ഞു : മുഖ്യമന്ത്രി

തിരുവനന്തപുരം : മറ്റൊരു കാലത്തും ഉണ്ടാകാത്ത നിലയില്‍ കേരളത്തിലെ തൊഴിലന്തരീക്ഷം മാറിയതായും ആരോഗ്യകരമായ തൊഴില്‍സംസ്‌കാരം ശക്തിപ്പെടുത്താന്‍ സാധിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു . കള്ളുചെത്ത് വ്യവസായ മേഖലയിലെ തൊഴിലാളികള്‍ ആഗ്രഹിക്കുന്ന ടോഡി ബോര്‍ഡ് യാഥാര്‍ഥ്യമാക്കാനുള്ള നടപടികളിലേക്ക് നീങ്ങുകയാണ് സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു. കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി .

ഏതാണ്ട് ഒരുലക്ഷത്തോളം പേര്‍ ഈ വ്യവസായവുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്നുണ്ട്. എന്നാല്‍ തൊഴില്‍രംഗത്തെ അനിശ്ചിതത്വം ഈ രംഗത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതു പരിഹരിക്കുന്നതിനും കള്ളുവ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം തൊഴിലാളിക്ഷേമം ഉറപ്പുവരുത്താനും ഇത്തരം പ്രതിസന്ധികള്‍ പരിഹരിക്കാനും നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഈ മേഖലയിലെ തൊഴിലാളികളുടെ കുറഞ്ഞകൂലി പുതുക്കി നിശ്ചയിച്ചു. ക്ഷേമനിധി ബോര്‍ഡുവഴിയും ഒട്ടേറെക്കാര്യങ്ങള്‍ ചെയ്യാനായി- അദ്ദേഹം പറഞ്ഞു.

നിലവില്‍ ക്ഷേമനിധിയില്‍ 27,384 തൊഴിലാളികളും 16,721 പെന്‍ഷന്‍കാരുമാണുള്ളത്. കേരളത്തില്‍ തൊഴിലാളികള്‍ക്കായി രൂപംകൊണ്ട ആദ്യ ക്ഷേമപദ്ധതിയാണിത്. നിലവിലുള്ള അപകട ഇന്‍ഷുറന്‍സ് പദ്ധതി, സ്‌കോളര്‍ഷിപ്പ്, മരണാനന്തര സഹായം, അവശതാ ധനസഹായം ഇവയെല്ലാം തുടരുന്നുണ്ട്. അതിനുപുറമേ, സര്‍വീസിനനുസരിച്ച്‌ പെന്‍ഷന്‍ നല്‍കുന്ന പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതുപ്രകാരം 2000 രൂപ മുതല്‍ 5000 രൂപ വരെ സര്‍വീസിനനുസൃതമായി പെന്‍ഷന്‍ ലഭിക്കും. 2018 ഏപ്രില്‍ മുതല്‍ ക്ഷേമനിധി അംഗങ്ങളെ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലും ഉള്‍പ്പെടുത്തി. ഈ പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് അഞ്ചുലക്ഷം രൂപയുടെ ചികിത്സാ ആനുകൂല്യങ്ങളാണുള്ളത്. നിരവധി കുടുംബങ്ങള്‍ക്ക് ഇത് ഉപകാരപ്രദമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി .

prp

Leave a Reply

*